തിരുവനന്തപുരം: ആഴ്ചകള്‍ നീണ്ട സമരത്തിനൊടുവില്‍ ശ്രമകരമായി പരിഹരിച്ച പാചകവാതക വിതരണം വീണ്ടും സ്തംഭനത്തിലേക്ക് നീങ്ങുന്നു. ബുള്ളറ്റ് ലോറികളില്‍ റോഡ്മാര്‍ഗം പാചകവാതകം എത്തിക്കുന്നതില്‍ ലോറി ഉടമകള്‍ക്കുള്ള വൈമനസ്യം കൂടിയാവുന്നതോടെ പ്രതിസന്ധി രൂക്ഷമാകും. ബോട്ടിലിങ് പ്ളാന്‍റുകളില്‍ നിന്ന് എത്തിക്കുന്ന പാചകവാതകത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് സിലിണ്ടറിന് ക്ഷാമം നേരിടാന്‍ കാരണം. കയറ്റിറക്ക് തൊഴിലാളികള്‍ നടത്തിയ 16 ദിവസത്തെ സമരം കാരണം താളംതെറ്റിയ പാചകവാതക വിതരണം പൂര്‍വസ്ഥിതിയിലായി വരുന്നതിനിടെയാണ് പുതിയ പ്രതിസന്ധി.
ഓണം കഴിയുമ്പോള്‍ തീരുമെന്ന് പ്രതീക്ഷിച്ചിരുന്ന പാചകവാതകക്ഷാമം അടുത്തിടെയൊന്നും പരിഹരിക്കപ്പെടാനിടയില്ല. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് ഗ്യാസ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനികളാണ് ജില്ലയില്‍ പാചകവാതക വിതരണം നടത്തുന്നത്. ഇന്‍ഡേയ്നിന്‍െറ കൊച്ചിയിലെ ബോട്ടിലിങ് പ്ളാന്‍റ് ആറ് ദിവസമായി അടഞ്ഞുകിടക്കുകയാണ്. നേരത്തെ സംഭരിച്ച സിലിണ്ടറുകളാണ് ഇപ്പോള്‍ ഇന്‍ഡെയ്ന്‍ വിതരണം നടത്തുന്നത്. ഭൂരിഭാഗം ഉപഭോക്താക്കളും ഇന്‍ഡെയ്നിനെയാണ് ആശ്രയിക്കുന്നത്. വിവിധ എല്‍.പി.ജി കമ്പനികളില്‍ നിന്ന് 45 ലോഡാണ് ദിവസവും ജില്ലയില്‍ എത്തുന്നത്. ഭാരത് ഗ്യാസിന്‍േറത് കഴക്കൂട്ടം മേനംകുളത്തെ ബോട്ടിലിങ് പ്ളാന്‍റില്‍ നിന്നും ഹിന്ദുസ്ഥാന്‍ പെ്േരടാളിയത്തിന്‍േറത് പാലക്കാട്ടെ ബോട്ടിലിങ് പ്ളാന്‍റില്‍ നിന്നുമാണ് എത്തിക്കുന്നത്. ഇതൊക്കെ കൊണ്ട് ജില്ലയിലെ വിതരണം അടുത്ത ദിവസങ്ങളില്‍ തന്നെ താളംതെറ്റുമെന്ന് ഏജന്‍സി ഉടമകള്‍ പറയുന്നു.
കയറ്റിറക്ക് കൂലി പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ചുമട്ടുതൊഴിലാളികള്‍ ഓണത്തിന് മുമ്പ് നടത്തിയ സമരം ജില്ലയിലെ പാചകവാതക വിതരണത്തെ താളംതെറ്റിച്ചിരുന്നു. മന്ത്രിതലത്തിലും ഉദ്യോഗസ്ഥതലത്തിലും ഏഴ് തവണ ചര്‍ച്ച നടത്തിയാണ് സമരം അവസാനിപ്പിച്ചത്.
ഒരു ഏജന്‍സിയുടെ കീഴില്‍ ശരാശരി മൂന്ന് ലോഡ് സിലിണ്ടറുകളാണ് ഒരുദിവസം വിതരണം ചെയ്തിരുന്നത്. സമരം കാരണം 48 ലോഡിന്‍െറ വ്യത്യാസമുണ്ടായി. വിതരണം പൂര്‍വസ്ഥിതിയിലാകാന്‍ ഒന്നര മാസത്തോളമെടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപ്പായില്ല. ഇതിനിടെയാണ് അടുത്ത പ്രതിസന്ധിക്ക് കളമൊരുങ്ങുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍