ഏറെ വിവാദങ്ങള്‍ക്കു വഴിവെക്കുകയും പ്രതിപക്ഷമൊന്നടങ്കം ബഹിഷ്കരിക്കുകയും ചെയ്ത ‘എമര്‍ജിങ് കേരള’എന്ന ത്രിദിന നിക്ഷേപക സംഗമം എന്തുനേടി എന്ന ചോദ്യത്തിന്‍െറ മറുപടി പലതുമാവാം. ശരിയായ ഉത്തരം ലഭിക്കുക വരുംനാളുകളിലാണ്. സംസ്ഥാനത്ത് വികസനത്തിന്‍െറ പുതിയ അരുണോദയത്തിന് നാന്ദികുറിക്കുന്ന മഹാസംഭവമെന്നും ലോകത്തിന്‍െറ അഷ്ടദിക്കുകളില്‍നിന്ന് നിക്ഷേപകര്‍ അഹമഹമികാ നമ്മുടെ ശിരോലിഖിതം മാറ്റിയെഴുതാന്‍ പ്രവഹിക്കുകയാണെന്നുമൊക്കെയുള്ള യു.ഡി.എഫ് സര്‍ക്കാറിന്‍െറയും ഒരു വിഭാഗം മാധ്യമങ്ങളുടെയും അതിരുകടന്നതും അതിശയോക്തിപരവുമായ അവകാശവാദം മാറ്റിനിറുത്തി വേണം സംഭവം വിലയിരുത്താന്‍. ‘മീഡിയാ മാനിപുലേഷനി’ലൂടെ ഭരണനേതൃത്വം നടത്തിയ പരിധിവിട്ട പ്രചാരണങ്ങള്‍ ജനങ്ങളില്‍ ഒട്ടേറെ പ്രതീക്ഷകളും ഏറെ ആശയക്കുഴപ്പങ്ങളും സൃഷ്ടിച്ചു എന്നത് നേരാണ്. സംസ്ഥാനത്തിന്‍െറ വികസന സാധ്യതകളും വളര്‍ച്ചയുമായി ബന്ധപ്പെട്ട വിഷയങ്ങളും വിവിധ കോണുകളിലൂടെ ചര്‍ച്ച ചെയ്ത സംഗമം എന്ന നിലയില്‍ ‘എമര്‍ജിങ് കേരളക്ക്’ പോസിറ്റീവായ ചില മാനങ്ങളുണ്ടായിരുന്നു. ആ വഴിക്കു ചിന്തിക്കുമ്പോള്‍ വിദേശങ്ങളില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും വിവിധ രംഗങ്ങളില്‍ വിദഗ്ധരായ പ്രമുഖരും മാധ്യമപ്രവര്‍ത്തകരും സമ്മേളിച്ച പരിപാടികളില്‍ നിറഞ്ഞുനിന്ന പ്രതിപക്ഷത്തിന്‍െറ ശൂന്യത പ്രബുദ്ധമെന്ന് അവകാശപ്പെടാറുള്ള കേരളത്തിന്‍െറ രാഷ്ട്രീയ സംസ്കാരത്തിന് ഏല്‍പിച്ച പ്രഹരം കനത്തതാണ്. ഈ ദുരന്തത്തിന്‍െറ പൂര്‍ണ ഉത്തരവാദിത്തം പ്രതിപക്ഷത്തിനാണെന്ന് ഇപ്പറഞ്ഞതിന് അര്‍ഥമില്ല. അയ്യഞ്ചു കൊല്ലം കൂടുമ്പോള്‍ ഇടതുവലതു സഖ്യങ്ങള്‍ മാറി മാറി ഭരിക്കുന്ന ഒരു സംസ്ഥാനത്ത് നാളെ ഭരണ ചെങ്കോലേന്തേണ്ട പാര്‍ട്ടികളുടെ സഹകരണവും സാന്നിധ്യവും ഇത്തരമൊരു ഉദ്യമത്തിന്‍െറ വിശാലലക്ഷ്യപ്രാപ്തിക്ക് അനിവാര്യമല്ല എന്ന് ഭരണവര്‍ഗം കരുതിയിട്ടുണ്ടാവണം. അങ്ങനെയാണെങ്കില്‍ ‘എമര്‍ജിങ് കേരള’യുടെ ലക്ഷ്യം സംസ്ഥാനത്തിന്‍െറ വികസനമോ നാടിന്‍െറ ബഹുമുഖമായ വളര്‍ച്ചയോ ആയിരുന്നില്ലെന്ന് തറപ്പിച്ചുപറയാം. സി.പി.എം അടക്കമുള്ള പാര്‍ട്ടികളാവട്ടെ, വ്യതിരിക്തമെന്ന് അവകാശപ്പെടുന്ന തങ്ങളുടെ കാഴ്ചപ്പാട് പുറംനാട്ടില്‍നിന്ന് വന്നവരടക്കമുള്ള സദസ്സിന്‍െറ മുമ്പാകെ അവതരിപ്പിക്കാനും ‘ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന’ കേരളത്തിന്‍െറ പേരില്‍ സര്‍ക്കാര്‍ കാട്ടിക്കൂട്ടുന്ന അഭ്യാസങ്ങള്‍ നേരിട്ടു കണ്ട് അവയുടെ പൊള്ളത്തരം തുറന്നുകാട്ടാനുമുള്ള അവസരമാണ് വെറുതെ കളഞ്ഞുകുളിച്ചത്.
‘ജിമ്മി’ന്‍െറ പരാജയാനുഭവങ്ങള്‍ മുന്നില്‍വെച്ച് പ്രായോഗിക ബുദ്ധിയോടെ സത്യസന്ധമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിനു പകരം, പൊള്ളയായ വാഗ്ദാനങ്ങള്‍ നിരത്തിയും അസത്യമോ അര്‍ധസത്യമോ ആയ വിവരങ്ങള്‍ നല്‍കിയും ജനങ്ങളെ കബളിപ്പിക്കാന്‍ നടത്തിയ ശ്രമമാണ് എമര്‍ജിങ് കേരളയെ വിവാദമാക്കിയത്. 36 രാജ്യങ്ങളില്‍നിന്നായി 4600ലേറെ പേര്‍ രജിസ്റ്റര്‍ ചെയ്തുവെന്നൊക്കെ അവകാശപ്പെടുമ്പോഴും സംസ്ഥാനത്തിന്‍െറ ബിസിനസ് ആസ്ഥാനമായ കൊച്ചിയെ അതിഥികളെയും വിദേശികളെയും മറ്റും വരവേല്‍ക്കുന്നതിന് അനുയോജ്യമാംവിധം സജ്ജീകരിക്കാന്‍പോലും ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചില്ല എന്നത് സത്യമാണ്. അതുകൊണ്ടാണ്, താമസസ്ഥലമായ വില്ലിങ്ഡണ്‍ ഐലന്‍ഡില്‍നിന്ന് സമ്മേളന വേദിയായ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലേക്കുള്ള വഴിമധ്യേ കാണാനിടയായ മാലിന്യക്കൂമ്പാരങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സാം പിത്രോഡ ഉദ്ഘാടനവേദിയില്‍വെച്ച് പരിഹാസം ചൊരിഞ്ഞത്. ഈ മാലിന്യക്കൂമ്പാരത്തിനാണോ ഇത്രയധികം പൊലീസുകാരെ കാവല്‍നിര്‍ത്തിയിരിക്കുന്നതെന്ന ചോദ്യത്തില്‍, മെട്രോപൊളിറ്റന്‍ സിറ്റിയുടെ നാറുന്നമുഖം തെളിഞ്ഞുകാണാനുണ്ടായിരുന്നു. പരിപാടി ഇത്രകണ്ടെങ്കിലും വിജയിച്ചത് ഗള്‍ഫാര്‍ മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ള അന്താരാഷ്ട്ര നിലവാരമുള്ള ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്‍ററിന്‍െറ വിപുലമായ സൗകര്യങ്ങള്‍ ഒന്നുകൊണ്ടു മാത്രമാണ്. അതല്ലാതെ, നിക്ഷേപകരുടെ പ്രവാഹം കൊണ്ടോ വിദേശ പ്രതിനിധികളുടെ വൈപുല്യം കൊണ്ടോ പദ്ധതി നിര്‍ദേശങ്ങളുടെ ധാരാളിത്തം കൊണ്ടോ അല്ല.
തുറന്ന സദസ്സുകളില്‍ അരങ്ങേറിയത് സെമിനാറുകളും ചര്‍ച്ചകളും പ്രശംസകളും പ്രകീര്‍ത്തനങ്ങളുമാണ്. അണിയറയില്‍ എന്താണ് നടന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു എമര്‍ജിങ് കേരളയുടെ ഗുണഫലം. സര്‍ക്കാര്‍ ഷോക്കേസ് ചെയ്ത വിവിധ പദ്ധതികളില്‍ എത്രപേര്‍ മുതല്‍മുടക്കാന്‍ സന്നദ്ധമായി മുന്നോട്ടുവന്നു എന്ന ചോദ്യത്തിന് സാക്ഷാല്‍ മുഖ്യമന്ത്രിയുടെയോ വ്യവസായമന്ത്രിയുടെയോ പക്കല്‍ വ്യക്തമായ വിവരങ്ങളുണ്ടാവില്ല എന്നതാണ് സത്യം. അതുകൊണ്ടാണ് പരിപാടിയുടെ സമാപനത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനം അക്കങ്ങള്‍കൊണ്ടുള്ള എറിഞ്ഞുകളിയായി മാറിയത്. 45,000 കോടിയുടെ വാഗ്ദാനങ്ങള്‍ ലഭിച്ചു എന്ന് പുറത്തുവിട്ട അതേ മുഖ്യമന്ത്രിതന്നെ പറഞ്ഞു, മതിയായ പരിശോധനകള്‍ക്കുശേഷമേ കൃത്യമായ കണക്ക് അവതരിപ്പിക്കാന്‍ കഴിയൂ എന്നും അതിന് മാസങ്ങള്‍ തന്നെ പിടിക്കുമെന്നും. എന്നാല്‍, മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്ത വാര്‍ത്താക്കുറിപ്പില്‍ 27,282 കോടിയുടെ പദ്ധതി വിവരങ്ങളാണുള്ളത്. സര്‍ക്കാര്‍ ഭാഷ്യങ്ങളുടെ വിശ്വാസ്യതയെ ചോദ്യംചെയ്ത് 2.56ലക്ഷം കോടിയുടെ നിക്ഷേപങ്ങള്‍ക്ക് സാധ്യത തെളിഞ്ഞുവെന്ന ധനമന്ത്രി കെ.എം.മാണിയുടെ പ്രഖ്യാപനം പെട്ടെന്ന് അദ്ദേഹം തന്നെ വിഴുങ്ങി. മന്ത്രിപ്രമുഖര്‍ക്കിടയിലെ ഈ ആശയക്കുഴപ്പം ഒരിക്കലും നീങ്ങാന്‍പോകുന്നില്ല. കാരണം, നിക്ഷേപങ്ങളെക്കുറിച്ചുള്ള സത്യസന്ധമായ വിവരങ്ങളല്ല ബന്ധപ്പെട്ടവര്‍ ജനങ്ങളുമായി പങ്കുവെക്കുന്നത്. ജര്‍മന്‍ കാര്‍ കമ്പനിയായ ഫോക്സ് വാഗണ്‍ 2000 കോടി മുടക്കി എന്‍ജിന്‍ നിര്‍മാണ യൂനിറ്റ് തുടങ്ങാന്‍ പോകുന്നുവെന്ന് മുഖ്യമന്ത്രി വന്‍ പ്രാധാന്യത്തോടെ പ്രഖ്യാപിച്ചെങ്കിലും തങ്ങള്‍ക്ക് അത്തരമൊരു പരിപാടിയേ ഇല്ല എന്ന തരത്തില്‍ കമ്പനി വക്താവ് പുണെയില്‍നിന്ന് നിഷേധിച്ചത് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. മാധ്യമങ്ങളിലൂടെയാണ് സര്‍ക്കാര്‍തന്നെ ചിലരുടെ നിക്ഷേപ സന്നദ്ധത അറിയുന്നത് .
‘എമര്‍ജിങ് കേരള’ ചരിത്ര സംഭവമാകാന്‍ പോകുന്നുവെന്ന് ജനങ്ങളെക്കൊണ്ട് വിശ്വസിപ്പിക്കുന്നതിന് അമേരിക്ക, കാനഡ, ബ്രിട്ടന്‍, ചൈന തുടങ്ങിയ വന്‍കിട രാജ്യങ്ങളില്‍നിന്ന് എത്തുന്ന പ്രതിനിധി സംഘത്തിന്‍െറ വലുപ്പമാണ് തുടക്കം മുതല്‍ക്കേ ബന്ധപ്പെട്ടവര്‍ എടുത്തുകാട്ടിയത്. എന്നാല്‍, അവസാനം സര്‍ക്കാറിന്‍െറ മുഖം രക്ഷിച്ചത് ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള ഏതാനും നിക്ഷേപകരാണ്. ഇവിടെ വല്ല വികസനവും നടക്കാന്‍ പോകുന്നുണ്ടെങ്കില്‍ ഇവര്‍ സമ്പാദിച്ചുണ്ടാക്കിയ പണംകൊണ്ടു മാത്രമാണ്. താന്‍ സംസ്ഥാനത്ത് വിവിധ പദ്ധതികളിലായി 4000കോടി രൂപ മുടക്കുന്നുണ്ടെങ്കിലും എമര്‍ജിങ് കേരളയില്‍ വെച്ച് പ്രഖ്യാപനം നടത്താനോ ധാരണാപത്രം ഒപ്പിടാനോ പോകുന്നില്ല എന്ന് ലുലു ചെയര്‍മാന്‍ എം.എ.യൂസുഫലി തുറന്നടിച്ചത്, ഇത്തരം മാമാങ്കങ്ങള്‍ വഴിയേ വികസന കുതിപ്പ് സാധ്യമാവൂ എന്ന അവകാശവാദത്തിനേറ്റ തിരിച്ചടിയാണ്. ഡി.എച്ച് ഹെല്‍ത്ത്കെയറിനായി ആസാദ് മൂപ്പന്‍ 2,150കോടിയും കെ.ഇ.എഫ് ഗ്രൂപ് ചെയര്‍മാന്‍ കെ.ഇ. ഫൈസല്‍ 2000കോടിയും പി.ആര്‍ ഗ്രൂപ് സാരഥി രവിപിള്ള 500കോടിയും അല്‍ അബീര്‍ ഗ്രൂപ് ചെയര്‍മാന്‍ ആലുങ്കല്‍ മുഹമ്മദ് 800കോടിയും നിക്ഷേപിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചില്ലായിരുന്നുവെങ്കില്‍ കൊച്ചി റിഫൈനറിയുടെ വികസനത്തിനായി ഭാരത് പെട്രോളിയം കോര്‍പറേഷന്‍ മുമ്പേ പ്രഖ്യാപിച്ച 14,000കോടിയുടെ പദ്ധതി എമര്‍ജിങ് കേരളയുടെ കണക്കില്‍ വരവുവെച്ച് സംഘാടകര്‍ക്ക് സായൂജ്യം കൊള്ളേണ്ടിവരുമായിരുന്നു. ആസാദ് മൂപ്പനും ആലുങ്കല്‍ മുഹമ്മദുമൊക്കെ ഇതിനകം നിര്‍മാണ ജോലി ആരംഭിച്ച പദ്ധതികളാണ് നിക്ഷേപക സംഗമത്തില്‍ സമര്‍പ്പിച്ചത്. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള നിക്ഷേപ സാധ്യത ഇതുവരെ നമ്മള്‍ പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞ് സൗദി അറേബ്യ അടക്കമുള്ള സമ്പന്ന രാജ്യങ്ങളില്‍ ആവശ്യമായ കാന്‍വാസിങ് നടത്തിയിരുന്നുവെങ്കില്‍ വന്‍ മുതല്‍മുടക്ക് ഇങ്ങോട്ടേക്ക് കൂലംകുത്തിയൊഴുകിയേനെ. എന്നാല്‍, ഒന്നാംലോക രാജ്യങ്ങളെ പുണരുന്നതിനിടയില്‍ ഗള്‍ഫ് രാജ്യങ്ങളോടു ചിറ്റമ്മ നയമാണ് സ്വീകരിച്ചതെന്ന് അവിടങ്ങളില്‍നിന്ന് എത്തിയ പ്രതിനിധികള്‍ സ്വകാര്യ സംഭാഷണങ്ങളില്‍ പരിഭവിക്കുകയുണ്ടായി. അമേരിക്കക്കും കാനഡക്കും ബ്രിട്ടനുമൊക്കെ ആദ്യദിവസങ്ങളില്‍ മതിയായ പരിഗണനയോടെ ‘കണ്‍ട്രി സെഷനുകളിലൂടെ’ അവസരം നല്‍കിയപ്പോള്‍ സമാപന ദിവസം ആളൊഴിഞ്ഞ കസേരകളെ സാക്ഷിനിര്‍ത്തിയാണ് എന്‍.ആര്‍.ഐ സെഷന്‍ എന്ന പേരില്‍ ഗള്‍ഫ് മലയാളികളുടെ സ്വരം കേള്‍പ്പിച്ചത്.
വന്‍കിട മാധ്യമങ്ങളുടെ സഹായമുണ്ടെങ്കില്‍ എന്തു പിത്തലാട്ടവും ‘വിജയിപ്പിച്ചെടുക്കാം ’ എന്ന തരികിട ചിന്തയാവണം ‘എമര്‍ജിങ് കേരളയുടെ’ സംഘാടകര്‍ക്ക് നിക്ഷേപത്തിന്‍െറ പേരില്‍ ചൂതാട്ടം കളിക്കാന്‍ ധൈര്യം പകര്‍ന്നത്. ജനങ്ങളുടെ ഓര്‍മക്ക് വലിയ ആയുസ്സൊന്നുമില്ല എന്ന വിചാരത്തോടെയാവണം ഓരോ ദിവസവും ‘വികസനത്തിന്‍െറ വഴികള്‍ തുറക്കുന്ന’ എണ്ണമറ്റ പദ്ധതികളും ലക്ഷക്കണക്കിന് കോടിയുടെ നിക്ഷേപ വാഗ്ദാനങ്ങളും ചൊരിഞ്ഞ്, ഏതാനും മാധ്യമങ്ങള്‍ ‘പെയ്ഡ് ന്യൂസി’ല്‍നിന്നും ഒരു പടി മുന്നോട്ട് കടന്ന് ‘പെയ്ഡ് പേപ്പര്‍’ ആയി രൂപാന്തരപ്പെട്ടത്. വന്‍കിട പത്രങ്ങളുടെയും ചാനലുകളുടെയും അമരക്കാരെയടക്കം സര്‍ക്കാര്‍ അതിഥികളായി കൊണ്ടുവന്ന് സപ്തനക്ഷത്ര ഹോട്ടലുകളില്‍ താമസിപ്പിച്ച് വായ്ക്കുരവയിടാന്‍ ഒരുക്കിനിര്‍ത്തിയത് സംസ്ഥാനത്തിന്‍െറ വികസനം ലക്ഷ്യമിട്ടാണെന്ന് അവകാശപ്പെടാനാവുമോ? അതുകൊണ്ട് നിക്ഷേപ ഒഴുക്കിന്‍െറ ആക്കം കൂട്ടാന്‍ തങ്ങളാല്‍ കഴിയുന്നത് അവര്‍ സംഭാവന ചെയ്തു. അങ്ങനെയാണ് ‘ശരീഅത്ത് ’മാര്‍ഗത്തിലൂടെ ഗള്‍ഫില്‍നിന്ന് 50,000കോടി രൂപ കേരളത്തിലേക്ക് ഒഴുകാന്‍ ഒരുങ്ങി നില്‍ക്കുകയാണെന്ന് ഒരു ഇംഗ്ളീഷ് പത്രം തട്ടിവിട്ടത്. സംസ്ഥാനത്ത് പലിശരഹിത ധനകാര്യ സംവിധാനങ്ങളുണ്ടെങ്കില്‍ അറബ് ഇസ്ലാമിക ലോകത്തുനിന്ന് വന്‍ നിക്ഷേപത്തിന് സാധ്യതയുണ്ടെന്ന് ഒരു പ്രബന്ധകാരന്‍ അഭിപ്രായപ്പെട്ടതാണ് ഈ വഴിക്ക് പണമായി ഒഴുകിയത്്.
‘ജിമ്മി’ല്‍ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് തിളങ്ങിയിരുന്നതെങ്കില്‍ ‘എമര്‍ജിങ് കേരള’ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അനായാസം സ്വന്തം പരിപാടിയായി മാറ്റിയെടുക്കാന്‍ സാധിച്ചു. വ്യവസായമന്ത്രിക്ക് പലപ്പോഴും കാഴ്ചക്കാരനായി നോക്കിനില്‍ക്കേണ്ടിവന്നു. ഉത്സവപ്പിറ്റേന്ന് തയാറാക്കുന്ന ബാലന്‍സ് ഷീറ്റിന്‍െറ വരവുകോളത്തില്‍ വലിയ അക്കങ്ങളൊന്നും കാണാനിടയില്ലെന്ന് മുന്‍കൂട്ടിക്കണ്ട് തടി സലാമത്താക്കിയതാണോ? വാഗ്ദാനം ചെയ്യപ്പെട്ട നിക്ഷേപങ്ങളൊന്നും യാഥാര്‍ഥ്യമായിട്ടില്ലെങ്കില്‍ പോലും ‘എമര്‍ജിങ് കേരള 2012’ ചരിത്രത്തില്‍ ഓര്‍മിക്കപ്പെടാന്‍ മുഖ്യമന്ത്രി ഒരു കാര്യത്തില്‍ മനസ്സിരുത്തിയാല്‍ മതിയാവും. ഗള്‍ഫ് മലയാളികളുടെ യാത്രാ പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാനുള്ള ഫലപ്രദമായ പോംവഴി എന്ന നിലയില്‍ എയര്‍ കേരള യാഥാര്‍ഥ്യമാക്കുക എന്നതാണത്. ആ ദിശയിലുള്ള നിക്ഷേപത്തിന് കേരളത്തില്‍നിന്നുള്ള അരഡസന്‍ എന്‍.ആര്‍.ഐ ധനാഢ്യര്‍ മുന്നോട്ടുവന്നാല്‍ മതി. സാധാരണക്കാരായ പ്രവാസികള്‍ പോലും പട്ടിണികിടന്ന് 10,000 രൂപയുടെ ഓഹരികളെടുക്കാന്‍ മുന്നോട്ടുവരുമെന്നുറപ്പ്. കേരളത്തിന്‍െറ ഇനിയങ്ങോട്ടുള്ള കുതിപ്പിന് ആരെങ്കിലും തുരങ്കംവെക്കാന്‍ ശ്രമിച്ചാല്‍ അതു നടക്കുന്ന കാര്യമല്ലെന്ന മുഖ്യമന്ത്രിയുടെ ദൃഢവാക്കുകള്‍ക്ക് വിലയുണ്ടെങ്കില്‍ ആദ്യമായി വേണ്ടത് ദല്‍ഹിയില്‍ ചെന്ന് സാങ്കേതികത്വത്തിന്‍െറ നൂലാമാലകള്‍ തട്ടിനീക്കി എയര്‍ കേരളക്ക് ചിറകുമുളപ്പിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍