കൊച്ചി: ഡീസല്‍ വിലയില്‍ കുത്തനെയുണ്ടായ വര്‍ധന മത്സ്യമേഖലയെ ഉലക്കുന്നു. ഒറ്റയടിക്ക് അഞ്ചുരൂപ കൂട്ടിയതോടെ തൊഴിലാളികള്‍ക്ക് കടലില്‍ പോകാനാവാത്ത സ്ഥിതിയാണ്. അതേസമയം, ഡീസല്‍ വിലകൂട്ടി നാലുദിവസത്തിനിടെ മീന്‍ വില കൂടുകയാണ്. ചെറുമീനുകള്‍ക്ക് കിലോക്ക്അഞ്ചുരൂപ മുതല്‍ പത്തുവരെയും മുന്തിയ ഇനങ്ങള്‍ക്ക് ഇരുപത് മുതല്‍ 30 രൂപ വരെയുമാണ് വിലകൂടിയത്.
ഇന്ധന വില കൂടിയതിന്‍െറ പ്രതിഫലനം മത്സ്യമേഖലയില്‍ കൂടുതല്‍ പ്രകടമാകാനിരിക്കുന്നതേയുള്ളൂ എന്നാണ് തൊഴിലാളി യൂനിയനുകള്‍ നല്‍കുന്ന സൂചന. ഇപ്പോഴത്തെ വിലക്കയറ്റ പ്രതിഭാസം മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ്. മത്സ്യബന്ധനം ചെലവ് കൂടുന്നതിനെ അടിസ്ഥാനമാക്കിയുള്ള വില വര്‍ധന ഭീമമായിരിക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.
ഇന്‍ബോര്‍ഡ് വള്ളങ്ങളിലും ഗില്‍നെറ്റ് ബോട്ടുകളിലും പഴ്സീന്‍ ബോട്ടുകളിലും ട്രോളിങ് ബോട്ടുകളിലുമെല്ലാം ഡീസലാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. ഇക്കാരണത്താലാണ് ഡീസല്‍ വില കൂടിയതിനൊപ്പം മീന്‍ വിലയും ഉയരുന്നത്. ഡീസല്‍ സ്റ്റോക്കുള്ളതോ നേരത്തേ കടലില്‍ പോയതോ ആയ കാരണങ്ങളാല്‍ വരും ദിവസങ്ങളിലാകും മീന്‍ വില വര്‍ധന കൂടുതല്‍ പ്രാബല്യത്തിലാകുകയെന്ന് മത്സ്യ വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.
ട്രോളിങ് ബോട്ടുകള്‍ 10 ദിവസം വരെ എടുത്താണ് മീനുമായി എത്തുന്നത്. ഇവ ഇനി കടലില്‍ പോയി വരുന്നതോടെ പിന്നെയും വില ഉയരും. കേരളത്തില്‍ ലഭിക്കുന്ന മീനിന്‍െറ 95 ശതമാനവും പിടിക്കുന്നത് യന്ത്രവത്കൃത ബോട്ടുകളാണ്. കഴിഞ്ഞ വര്‍ഷം പിടിച്ച ആറ് ലക്ഷം ടണ്‍ മീനില്‍ 5.5 ലക്ഷം ടണ്ണും യന്ത്രവത്കൃത ബോട്ടുകള്‍ വഴിയായിരുന്നു. മീന്‍പിടിത്ത ചെലവും ഗതാഗതച്ചെലവുകളും കൂടുന്ന സാഹചര്യത്തിലാണ് സ്വാഭാവികമായും മീന്‍ വിലയും കൂടുന്നത്. ഡീസല്‍ വില കൂടിയത് മൂലം ട്രോളിങ് ബോട്ടുകള്‍ക്ക് ഒറ്റയാത്രക്ക് 40000 നും 50000 നും ഇടയില്‍ രൂപയുടെ അധികച്ചെലവുണ്ടാകുമെന്ന് ബോട്ടുടമകള്‍ പറയുന്നു.
കൊച്ചിയിലെ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കുപോലും പ്രതിദിനം 450 വരെ ലിറ്റര്‍ ഡീസല്‍ വേണം. പഴ്സീന്‍ ബോട്ടുകള്‍ക്കും ശരാശരി 500 ലിറ്റര്‍ ഡീസല്‍ വേണ്ടിവരും. ഇവക്ക് 2000 മുതല്‍ 2500 രൂപവരെ അധികച്ചെലവാണ് ഡീസല്‍ വില വര്‍ധന വരുത്തിവെച്ചിരിക്കുന്നത്. ഗില്‍നെറ്റ് ബോട്ടുകള്‍ക്ക് കടലില്‍ കൂടുതല്‍ കറങ്ങേണ്ടിവരുന്നതിനാല്‍ ഡീസല്‍ ചെലവ് കൂടുതലാണ്. മണ്ണെണ്ണക്കും വലിയ വിലയായതിനാല്‍ മീന്‍പിടിത്തം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ബോട്ടുകള്‍ ഡീസലിനെത്തന്നെയാണ് ആശ്രയിക്കുന്നത്.ഇടനിലക്കാര്‍ ലാഭമുണ്ടാക്കുന്നതല്ലാതെ മത്സ്യത്തൊഴിലാളികള്‍ക്ക് മീന്‍ വില കൂടുന്നതിന്‍െറ പ്രയോജനം കിട്ടില്ലെന്നത് മറ്റൊരു പ്രശ്നം. ഡീസല്‍ വില കൂടിയതിന്‍െറ തൊട്ടുപിന്നാലെ വില കൂടിയതിന് പിന്നിലും ഇടനിലക്കാരാണത്രേ.

നിങ്ങളുടെ അഭിപ്രായങ്ങള്‍