12:30:26
20 May 2013
Monday
Facebook
Twitter
Rssfeed

ജീവിക്കാനായി അവര്‍ ഉറങ്ങാതിരുന്നു

ജീവിക്കാനായി  അവര്‍  ഉറങ്ങാതിരുന്നു

‘‘ഊര്‍ജം... ഊര്‍ജം...’’ എന്ന് നാഴികക്ക് നാല്‍പതുവട്ടം നാവിട്ടടിക്കുന്ന ഭരണകൂടത്തിന്‍െറ കാവല്‍ക്കാര്‍ കൂടങ്കുളം സമരക്കാര്‍ക്കുനേരെ നിറയൊഴിച്ചത് ഏതാനും ദിവസങ്ങള്‍ക്കുമുമ്പായിരുന്നു. തൂത്തുക്കുടിയില്‍ ആന്‍റണി ജോര്‍ജ് എന്ന നാല്‍പതുകാരന്‍ വെടിയേറ്റ് പിടയുമ്പോള്‍ പുരട്ചി തലൈവി ജയലളിതക്ക് പ്രത്യേകിച്ചൊന്നും തോന്നിയിട്ടുണ്ടാവില്ല. കാരണം, ഈ കൊടുംവഞ്ചനയും പാതകവും അവര്‍ മുന്‍കൂട്ടിക്കണ്ടിട്ടുണ്ടാവണം. എന്നാല്‍, ജീവിക്കാനായി ഒരു ജനത നടത്തുന്ന സമരമാണത് എന്നതുകൊണ്ടുമാത്രം അതു വിജയിക്കും. കൂടങ്കുളത്തും ഇടിന്തകരൈയിലുമെല്ലാം വെന്നിക്കൊടി പാറുന്ന ഒരു ദിനം വരും.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പത്തിനായിരുന്നു കൂടങ്കുളം ആണവനിലയത്തിനെതിരായ സമരത്തെ പൊലീസ് ലാത്തികൊണ്ടും തോക്കുകൊണ്ടും നേരിട്ടത്. അന്നേ ദിവസം, മധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിലെ ഖോഖല്‍ഗാവ് ഗ്രാമത്തില്‍ നടന്ന, ഭരണകൂടത്തെ അടിയറവു പറയിച്ച ഒരുജ്വല ജലപോരാട്ടത്തിന്‍െറ കഥ നമ്മില്‍ പലരുമറിയാതെപോയി. നിഷ്കളങ്കതയും നിശ്ചയദാര്‍ഢ്യവും മാത്രം കൈമുതലാക്കി ആ സാധുമനുഷ്യര്‍ തീര്‍ത്ത പ്രതിരോധത്തിന് സഹനത്തിന്‍െറയും ത്യാഗത്തിന്‍െറയും കരുത്തുണ്ടായിരുന്നു.
നര്‍മദ നദിയില്‍ കെട്ടിപ്പൊക്കിയ ഓംകാരേശ്വര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഓംകാരേശ്വര്‍ ജലവൈദ്യുതി പദ്ധതിയില്‍നിന്ന് കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സര്‍ക്കാര്‍ ജലനിരപ്പുയര്‍ത്തുകയായിരുന്നു. കൂടുതല്‍ വെള്ളം കെട്ടിനിര്‍ത്തുന്നതോടെ കൂടുതല്‍ വൈദ്യുതി ഉല്‍പാദനത്തിനും ജലസേചനത്തിനും അതുപകരിക്കുമെന്നായിരുന്നു സര്‍ക്കാറിന്‍െറ വാദം. ഇതിന്‍െറ ഭാഗമായി നദിയോരത്തു താമസിക്കുന്നവരുടെ ഭൂമിയേറ്റെടുക്കല്‍ കാര്യമായി നടന്നെങ്കിലും നഷ്ടപരിഹാരവും പുനരധിവാസവും പതിവുപോലെ പാഴ്വാക്കായി. ഭൂമിയേറ്റെടുക്കലടക്കമുള്ള നടപടികളില്‍ അഴിമതി കാര്യമായി നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗ്രാമീണര്‍ പലതവണ അധികാരികളെ സമീപിച്ചിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമുണ്ടായില്ലെന്നതും അവരെ സമരത്തിലേക്ക് നയിച്ചു.
ഓംകാരേശ്വര്‍ അണക്കെട്ടിന്‍െറ പരമാവധി സംഭരണശേഷി 196.5 മീറ്ററാണ്. നിലവില്‍ 190 മീറ്റര്‍ വെള്ളം അണക്കെട്ടിലുണ്ട്. ഇത് ഒരു മീറ്റര്‍ കുറച്ച് 189 മീറ്ററാക്കണമെന്നാണ് സമരക്കാരുടെ ഒരു ആവശ്യം. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയെ ഇപ്പോള്‍തന്നെ ജലം വിഴുങ്ങിക്കളഞ്ഞിട്ടുണ്ട്. ഇനി ഉയരുന്ന ഓരോ അടി ജലവും ബാക്കി വാസസ്ഥലവും കൃഷിഭൂമിയും കൂടി ഇല്ലാതാക്കുമെന്ന് ഗ്രാമീണര്‍ക്ക് നന്നായറിയാം. കൃഷിചെയ്ത് അന്നന്നത്തെ അന്നത്തിനുള്ള വക കണ്ടെത്തേണ്ട അവരുടെ കൈയില്‍ വേറെ ഭൂമി വാങ്ങിക്കാനോ കുടില്‍കെട്ടാനോ ഉള്ള പണമൊന്നുമില്ല. ആകെയുള്ള കൃഷിഭൂമിയും വെള്ളത്തിലായതോടെ പിന്നെ, മുന്നില്‍ വേറെ മാര്‍ഗങ്ങളൊന്നുമുണ്ടായിരുന്നില്ല; സമരമല്ലാതെ.
വീട്ടമ്മമാരും വൃദ്ധകളുമടക്കം ഖോഖല്‍ഗാവ് ഗ്രാമത്തിലെ അമ്പത്തൊന്നുപേര്‍ നദിയിലിറങ്ങി. കഴുത്തറ്റംവെള്ളത്തില്‍നിന്ന് അവര്‍ മുഴക്കിയ മുദ്രാവാക്യങ്ങള്‍ നര്‍മദയുടെ ഇരുകരകളും കടന്നു. തോരാമഴയത്ത് പ്ളാസ്റ്റിക് കവറുകള്‍കൊണ്ട് തലമറച്ച് അവര്‍ നിന്നു. ഉറക്കംവരുമ്പോള്‍ നദിക്കു കുറുകെ നാട്ടിയ മുളങ്കമ്പില്‍ തലചായ്ച്ചു. കുടിക്കാനും കഴിക്കാനും വേണ്ടത് നദിയിലെത്തിച്ച് ആ ഗ്രാമം മുഴുവന്‍ അവരോടൊപ്പം നിന്നു. അടിക്കടി ഉയര്‍ന്നുവന്ന ജലനിരപ്പുപോലും ആ സമരവീര്യത്തിനുമുന്നില്‍ തോറ്റു. ഒന്നോ രണ്ടോ ദിവസത്തെ ‘നാട്യസമരം’കൊണ്ട് ഗ്രാമീണര്‍ പിരിഞ്ഞുപോകുമെന്നായിരുന്നു സര്‍ക്കാര്‍ കരുതിയത്. എന്നാല്‍, ഐതിഹാസികമായ ആ ജലസത്യഗ്രഹം ദിവസങ്ങള്‍ നീണ്ടു. ആഴ്ചകള്‍ കടന്നു. വെള്ളത്തില്‍ തണുത്തുവിറങ്ങലിച്ച് നിന്ന അവരുടെ തൊലിപ്പുറം അഴുകിത്തുടങ്ങി. ജലസത്യഗ്രഹത്തിന്‍െറ ചിത്രങ്ങളും വാര്‍ത്തകളും സോഷ്യല്‍നെറ്റ്വര്‍ക്കുകളിലൂടെ ലോകം മുഴുവന്‍ കറങ്ങി. തുടര്‍ച്ചയായി 17 ദിവസങ്ങള്‍!
ഒടുവില്‍ മധ്യപ്രദേശ് സര്‍ക്കാറിന് മുട്ടുമടക്കേണ്ടിവന്നു. സമരക്കാരുടെ ആവശ്യങ്ങള്‍ ന്യായമായിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് കുറക്കുകയും നഷ്ടപ്പെട്ട ഭൂമിക്കുപകരം ഭൂമി നല്‍കുകയും ന്യായമായ നഷ്ടപരിഹാരം നല്‍കുകയും വേണമെന്നായിരുന്നു അത്. ജലനിരപ്പ് കുറക്കാമെന്നും പുനരധിവാസഭൂമി നല്‍കാമെന്നും സമ്മതിച്ച മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്‍ ഇതേപ്പറ്റി പഠിക്കാന്‍ ഒരു സമിതിയെയും നിയോഗിച്ചു.
എന്നാല്‍, ഇതുകൊണ്ടൊന്നും സമരങ്ങള്‍ അവസാനിക്കുന്നില്ല. ഖോഖല്‍ഗാവ് ഗ്രാമത്തില്‍നിന്ന് ഹര്‍ദ ഗ്രാമത്തിലേക്ക് സമരത്തിന്‍െറ അലയടികളുയര്‍ന്നുകഴിഞ്ഞു.
നര്‍മദ നദിയിലെതന്നെ ഇന്ദിരാ സാഗര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്നത് ഹര്‍ദ ഗ്രാമത്തിലാണ്. 260 മീറ്ററായിരുന്നു ഈ അണക്കെട്ടിലെ ജലനിരപ്പ്. സര്‍ക്കാര്‍ അത് 262 മീറ്ററാക്കിയതോടെ 19 ഗ്രാമങ്ങളാണ് മുങ്ങല്‍ഭീഷണിയിലായത്. ഇതോടെ ഹര്‍ദയിലും ജലസമരമുഖം തുറക്കുകയായിരുന്നു. ഖോഖല്‍ഗാവിലെ സമരത്തിന്‍െറ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുമ്പോള്‍ ഹര്‍ദയിലെ സമരം 12 ദിവസം പിന്നിട്ടിരുന്നു. എന്നിട്ടും, ഈ സമരത്തെ കണ്ടില്ലെന്നു നടിച്ച സര്‍ക്കാര്‍ ജലനിരപ്പ് വീണ്ടും ഉയര്‍ത്താനുള്ള തീരുമാനത്തിലാണ്. എന്നാല്‍, ലക്ഷ്യംനേടുംവരെ സമരം ചെയ്യാന്‍ ഹര്‍ദയിലെ ഗ്രാമീണര്‍ക്കാവും. അവരുടെ സമരങ്ങളെ മുതലെടുക്കാന്‍ രാഷ്ട്രീയക്കാരില്ലാത്തതുതന്നെ അതിനു കാരണം.
l


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com