കല്‍പറ്റ: സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി നേരിട്ട് നീര്‍ത്തട പരിപാലന പദ്ധതികള്‍ നടപ്പാക്കുന്നു. കേരള ഗ്രാമവികസന വകുപ്പ് നിര്‍വഹണ ഏജന്‍സിയായി സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായാണ് സംയോജിത നീര്‍ത്തട പരിപാലന പദ്ധതി (ഇന്റഗ്രേറ്റഡ് വാട്ടര്‍ഷെഡ് മാനേജ്മെന്റ് പോഗ്രാം -ഐ.ഡബ്യൂ.എം.പി) നടപ്പാക്കുന്നത്.
വയനാട്, പാലക്കാട്, കാസര്‍കോട് ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതിയെങ്കിലും എല്ലാ ജില്ലകളിലും നടപ്പിലാക്കും. സര്‍ക്കാറിന്റെ തന്നെ ജലനിധി, വെസ്റ്റേണ്‍ ഘട്ട് ഡെവലപ്മെന്റ് പ്രോഗ്രാം, നബാര്‍ഡിന്റെ നീര്‍ത്തട പദ്ധതികള്‍ തുടങ്ങിയവ വിവിധ സന്നദ്ധ സംഘടനകള്‍ വഴിയാണ് നടപ്പാക്കുന്നത്.
ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ ഫണ്ടുകള്‍ സന്നദ്ധ സംഘടനകള്‍ വെട്ടിച്ചെന്നും വ്യാപകമായ ക്രമക്കേടുകള്‍ നടത്തിയെന്നും വ്യക്തമായിരുന്നു. ഇതിനാല്‍ നീര്‍ത്തട പരിപാലന പരിപാടികളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരുന്നു.
ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ നേരിട്ട് പദ്ധതി നടത്താന്‍ തയാറായത്. വയനാട് ജില്ലയില്‍ കല്‍പറ്റ ബ്ലോക്കില്‍ 24ഉം, സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ നാലും നീര്‍ത്തടങ്ങളാണ് വരുന്നത്.
കല്‍പറ്റ ബ്ലോക്കിലെ പദ്ധതികള്‍: നീര്‍ത്തടം, ബ്രാക്കറ്റില്‍ വിസ്തൃതി ഹെക്ടറില്‍, പഞ്ചായത്ത് എന്നീ ക്രമത്തില്‍:
കോക്കുഴി (433) വെങ്ങപ്പള്ളി-കല്‍പറ്റ, നെടുനിലം (502) വെങ്ങപ്പള്ളി-കല്‍പറ്റ, പൊഴുതന ഢകക (934) പൊഴുതന-വെങ്ങപ്പള്ളി, പാറത്തോട് (1271) പൊഴുതന-തരിയോട്, അച്ചൂര്‍ (473) പൊഴുതന, പൊഴുതന ഢക (597) പൊഴുതന, അമ്മാറ (520) വൈത്തിരി, പാറക്കുന്ന് (304) പൊഴുതന, പൊഴുതന ഢ (164) പൊഴുതന, അക്കരപ്പാടി (312) പൊഴുതന, ചീരക്കുനി (644) കല്‍പറ്റ, മാങ്ങവയല്‍ (1407) മേപ്പാടി, ആനപ്പാറ (1046) മേപ്പാടി-വൈത്തിരി, എരുമക്കൊല്ലി (1300) മേപ്പാടി, നെല്ലിമുണ്ട കൂപ്പ് (630) മേപ്പാടി-മൂപ്പൈനാട്, കാന്തംപാറ (388) മൂപ്പൈനാട്, നെല്ലിമുണ്ട (246) മേപ്പാടി, മുരണിക്കര (1306) മുട്ടില്‍, തൊണ്ടുപാളി (343) മുട്ടില്‍-മീനങ്ങാടി, വാര്യാട് (500) മുട്ടില്‍, മലക്കാട് (514) മുട്ടില്‍-മീനങ്ങാടി, ചേപ്പോട്ട്കുന്ന് (702) മേപ്പാടി, മുത്തപ്പന്‍കുണ്ട് (1997) മൂപ്പൈനാട്-മേപ്പാടി-മുട്ടില്‍, തൃക്കൈപ്പറ്റ (782) മേപ്പാടി.
ആദ്യഘട്ടത്തില്‍ 10, രണ്ടാമത് ഏഴ്,മൂന്നാമത് ഏഴ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിന് 6.46 കോടി, രണ്ടാം ഘട്ടത്തില്‍ 7.75 കോടി, മൂന്നാം ഘട്ടത്തിന് 5.49 കോടി എന്നിങ്ങനെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
മൊത്തം തുകയായ 19 കോടിയുടെ അഞ്ച് ശതമാനം തുക പരിശീലന പരിപാടികള്‍ക്കും ബോധവത്കരണത്തിനുമാണ് ഉപയോഗിക്കുക.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായും, വി.ഇ.ഒമാര്‍ കണ്‍വീനറും, നീര്‍ത്തട പ്രദേശത്തെ പ്രതിനിധികളും ആയ കമ്മിറ്റികള്‍ക്കാണ് പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തനങ്ങളുടെ ചുമതല. മണ്ണ്-ജല സംരക്ഷണം എന്നിവക്കുള്ള കൈപ്പണികള്‍ ചെയ്യുന്നത് അതത് പ്രദേശത്തെ ഗുണഭോക്താക്കള്‍ തന്നെയാണ്.
ഉല്‍പാദന-തൊഴില്‍ സംരംഭങ്ങളുമായി ബന്ധപ്പെട്ട പ്രവൃത്തികളും പദ്ധതിയിലുണ്ട്. നീര്‍ത്തട ഗ്രാമസഭയിലൂടെ നിര്‍ദേശിക്കപ്പെട്ട പ്രവര്‍ത്തനങ്ങളാണ് പദ്ധതി രേഖയിലുള്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ വിശദമായ രൂപരേഖ തയാറായി. ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരത്തിന് ശേഷം പദ്ധതി ആരംഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍