12:30:26
20 Jun 2013
Thursday
Facebook
Google Plus
Twitter
Rssfeed

ബഹുരാഷ്ട്ര മരുന്നുകമ്പനികള്‍ക്ക് വീണ്ടും തിരിച്ചടി

ഇന്ത്യയില്‍ ഔധവില കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവശ്യമരുന്നുകള്‍ ജനങ്ങള്‍ക്ക് വിലകുറച്ച് ലഭ്യമാക്കണമെന്ന മുന്‍ പേറ്റന്‍റ് കണ്‍ട്രോള്‍ ജനറല്‍ പി.എച്ച്. കുര്യന്‍െറ നിര്‍ദേശം വലിയ ആശ്വാസത്തിന് വക നല്‍കുന്നതായിരുന്നു. ഫൈസര്‍ എന്ന ജര്‍മന്‍ കമ്പനി മാര്‍ക്കറ്റു ചെയ്തുവന്നിരുന്ന നെക്സാവര്‍ എന്ന വിലകൂടിയ മരുന്നിനു പകരമായി വിലകുറഞ്ഞ മരുന്നു മാര്‍ക്കറ്റ് ചെയ്യാന്‍ ഇന്ത്യന്‍ കമ്പനിയായ നാറ്റ്കോയെ അനുവദിച്ചുകൊണ്ടായിരുന്നു ഈ നിര്‍ദേശം അദ്ദേഹം മുന്നോട്ടുവച്ചത്. ഇപ്പോഴിതാ, ദല്‍ഹി ഹൈകോടതി പുറപ്പെടുവിച്ച ഔധപേറ്റന്‍റ് സംബന്ധിച്ച മറ്റൊരുവിധിയും അമിത ലാഭമോഹികളായ വിദേശ കുത്തക കമ്പനികള്‍ക്ക് കനത്ത തിരിച്ചടി നല്‍കിയിരിക്കയാണ്. ജനകീയാരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവേശംപകരുന്നതാണ് ഇത്.
വികസ്വരരാജ്യങ്ങള്‍ക്ക് മാതൃകയായി കരുതപ്പെട്ടിരുന്ന 1971 ലെ ഇന്ത്യന്‍ പേറ്റന്‍റ് നിയമത്തില്‍ ലോകവ്യാപാര സംഘടനയുടെ നിബന്ധനപ്രകാരം മാറ്റംവരുത്തുന്നതോടെയാണ് ഇന്ത്യയില്‍ ഔധവില കുതിച്ചുയര്‍ന്നു തുടങ്ങിയത്. ഔധ വിലനിയന്ത്രണത്തിനുകീഴില്‍ വരുന്ന മരുന്നുകളുടെ എണ്ണം ഗണ്യമായി കുറക്കുകയും വിദേശകമ്പനികളുടെ മേലുള്ള നിയന്ത്രണങ്ങള്‍ നീക്കുകയും പൊതുമേഖലാ ഔധകമ്പനികളെ അവഗണിക്കുകയും ചെയ്തതോടെ ഈ കുതിപ്പിന്‍െറ വേഗത വര്‍ധിക്കുകയും ചെയ്തു. സര്‍ക്കാര്‍നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള പുതിയ ഔധവില നിശ്ചയിക്കല്‍ നയമനുസരിച്ച് പെട്രോളിയം ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ ചെയ്തതുപോലെ ചിലവടിസ്ഥാന വില നിശ്ചയിക്കലിന്‍െറ സ്ഥാനത്ത് (Cost based Pricing) കമ്പോളാടിസ്ഥാന വില നിശ്ചയിക്കല്‍ നയം (Market based Pricing) കൂടി പ്രാബല്യത്തില്‍ വരുന്നതോടെ ഔധവില ഇനിയും വര്‍ധിക്കാനാണ് സാധ്യത. ഇതിനിടെയാണ് ആശ്വാസകരമായ ഹൈക്കോടതി വിധി വന്നിട്ടുള്ളത്.
ലോകത്തെ എറ്റവും വലിയ മരുന്നു ഉല്‍പാദകരായ അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനി ഫൈസര്‍ വികസിപ്പിച്ചെടുത്ത് സ്വിസ് കമ്പനിയായ ഹാഫ് മാന്‍ ലാ റോഷിന് വില്‍പനാധികാരം നല്‍കിയ ശ്വാസകോശകാന്‍സറിനുള്ള ടാര്‍സിവ (Tarceva) എന്ന മരുന്ന് ഇന്ത്യന്‍ കമ്പനിയായ സിപ്ളാ പേറ്റന്‍റ് നിയമം ലംഘിച്ച് വിലകുറഞ്ഞ ജനറിക് ഔധമായി മാര്‍ക്കറ്റ് ചെയ്യുന്നതിനെതിരെ റോഷ് ഫയല്‍ ചെയ്ത കേസിലാണ് ദല്‍ഹി ഹൈകോടതി ജഡ്ജി ജസ്റ്റിസ് മന്‍മോഹന്‍ സുപ്രധാനമായ വിധി പുറപ്പെടുവിച്ചിട്ടുള്ളത്. എര്‍ലോറ്റിനിബ് (Erlotinib) എന്ന രാസവസ്തു അടങ്ങിയ എര്‍ലൊസിപ് (Erlocip) എന്ന മരുന്ന് റോഷ് കമ്പനി ഇന്ത്യയില്‍ മാര്‍ക്കറ്റ് ചെയ്തുവരുകയായിരുന്നു. ഈ മരുന്നിന് 2004ല്‍ അമേരിക്കയിലും 2005ല്‍ യൂറോപ്യന്‍ യൂനിയനിലും ഫൈസറിന് പേറ്റന്‍റ് ലഭിച്ചിരുന്നു. ഇന്ത്യന്‍ പേറ്റന്‍റ് കണ്‍ട്രോളര്‍ 2008ല്‍ ഇന്ത്യയിലും പേറ്റന്‍റ് നല്‍കി. റോഷിന്‍െറ മരുന്നിന് ഒരു കാപ്സ്യൂളിന് 4800 രൂപയാണ് വില. ഒരു മാസത്തെ ചികിത്സക്ക് 1,44,000 രൂപ വേണ്ടിവരും. ഇതേമരുന്ന് വിലകുറഞ്ഞ ജനറിക് ഔധമായി ഒരു കാപ്സ്യൂളിന് 1600 രൂപക്ക് (ഒരു മാസത്തെ ചികിത്സക്ക് 48000 രൂപ) മാര്‍ക്കറ്റ് ചെയ്യുമെന്ന് സിപ്ള പരസ്യം നല്‍കി. ഇതിനെതിരെയാണ് റോഷ് ദല്‍ഹി ഹൈകോടതിയെ സമീപിച്ചത്.
പേറ്റന്‍റ് നിയമത്തില്‍ 2005ല്‍ മാറ്റം വരുത്തിയപ്പോള്‍ ഇടത് പാര്‍ട്ടികളുടെ ശ്രമഫലമായി അനാവശ്യങ്ങളായ പേറ്റന്‍റ് തടയുന്നതിനുവേണ്ടി 3 (ഡി) എന്ന വകുപ്പ് ചേര്‍ത്തിരുന്നു. പഴയമരുന്നുകളുടെ രാസഘടനയില്‍ നേരിയ മാറ്റം വരുത്തി ചികിത്സാക്ഷമത കൂടുതലാക്കിയെന്നും പഴയ മരുന്നുകള്‍ക്ക് പുതിയ ഉപയോഗമുണ്ടെന്നുമവകാശപ്പെട്ടുകൊണ്ട് പുതിയ പേറ്റന്‍റ് നേടാന്‍ മരുന്നുകമ്പനികള്‍ ശ്രമിക്കാറുണ്ട്. പേറ്റന്‍റുകാലാവധിക്കുശേഷവും മരുന്നിന്‍െറ മേലുള്ള തങ്ങളുടെ നിയന്ത്രണം തുടരുന്നതിനും വിലകുറഞ്ഞ ജനറിക് മരുന്നുകള്‍ മറ്റുകമ്പനികള്‍ ഉല്‍പാദിപ്പിക്കുന്നത് തടഞ്ഞ് വിലകൂടിയ തങ്ങളുടെ മരുന്ന് തുടര്‍ന്നും വില്‍ക്കുന്നതിനുമായാണ് ഇങ്ങനെ അവകാശവാദം ഉന്നയിക്കുന്നത്. ഇതിനെ നിത്യഹരിത പേറ്റന്‍റ്, സുസ്ഥിര പേറ്റന്‍റ് എന്ന് വിളിക്കാറുണ്ട്. കേന്ദ്രസര്‍ക്കാര്‍ പേറ്റന്‍റ് ഭേദഗതിക്കായി പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച നിയമപ്രകാരം ഇത്തരത്തിലുള്ള അവകാശവാദങ്ങള്‍ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇടതുപാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആദ്യം കൊണ്ടുവന്ന നിയമത്തില്‍ മാറ്റംവരുത്തുകയും ഇത്തരം അവകാശവാദങ്ങളുന്നയിച്ച് പേറ്റന്‍െറടുക്കുന്നതു തടയുന്നതിനായി 3 (ഡി) എന്നൊരു പുതിയ വകുപ്പ് എഴുതിച്ചേര്‍ക്കുകയും ചെയ്തു.
3 (ഡി) വകുപ്പുപ്രകാരം റോഷിന്‍െറ മരുന്ന് പുതിയ ഔധമല്ല. അതുകൊണ്ടുതന്നെ, ഈ മരുന്നിനു പേറ്റന്‍റ് നല്‍കിയത് തെറ്റായിരുന്നു എന്ന സിപ്ളായുടെ വാദം കോടതി അംഗീകരിച്ചുകൊണ്ടാണ് റോഷിനെതിരെ വിധി പ്രസ്താവിച്ചത്. ക്വിനാസോളില്‍ എന്ന കാന്‍സര്‍ ചികിത്സക്കുള്ള മരുന്നിന്‍െറ രാസഘടനയില്‍ നേരിയ മാറ്റം വരുത്തിയാണ് ഫൈസര്‍ പേറ്റന്‍റ് നേടിയതെന്നും ഇത് 3 (ഡി) വകുപ്പിന്‍െറ ലംഘനമാണെന്നും കോടതി കണ്ടെത്തി. മാത്രമല്ല, ഇതേ മരുന്ന് ജെഫിറ്റിനിബ് എന്ന പേരില്‍ ഇന്ത്യന്‍ കമ്പനിയായ ആസ്ട്രാ സെനെക്ക മാര്‍ക്കറ്റ് ചെയ്തുവരുന്നതുമാണ്.
സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന സമാനസ്വഭാവമുള്ളതും ലോകമെമ്പാടുമുള്ള ജനകീയാരോഗ്യ പ്രവര്‍ത്തകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതുമായ മറ്റൊരു കേസിന്‍െറ ഫലത്തെയും ബാധിക്കുമെന്ന പ്രസക്തിയും ദല്‍ഹി കോടതി വിധിക്കുണ്ട്. ക്രോണിക് മയലോയിഡ് ലൂക്കീമിയ എന്ന രക്താര്‍ബുദത്തിന്‍െറ ചികിത്സക്കായി ഇമാറ്റിനിബ് മെസിലേറ്റ് എന്ന അടിസ്ഥാന രാസവസ്തു ഉപയോഗിച്ച് നൊവാര്‍ട്ടിസ് മാര്‍ക്കറ്റ് നിര്‍മിക്കുന്ന മരുന്നാണ് ഗ്ളീവക്ക്. നൊവാര്‍ട്ടിസിനു പുറമെ ഇന്ത്യന്‍ കമ്പനികളായ നാറ്റ്കോ, സിപ്ള, ഹെട്ടറോ എന്നീ കമ്പനികളും ഇമാറ്റിനിബ് മെസിലേറ്റ് വിലകുറഞ്ഞ ജനറിക് ഔധമായി വിറ്റുവരുന്നുണ്ട്. ഇന്ത്യന്‍ കമ്പനിയുടെ മരുന്നിന്‍െറ പത്തിരട്ടി വിലക്കാണ് നൊവാര്‍ട്ടിസ് തങ്ങളുടെ ബ്രാന്‍ഡ് മരുന്ന് വില്‍ക്കുന്നത്. തങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഗ്ളീവക്ക് പുതിയ മരുന്നാണെന്ന് അവകാശപ്പെട്ട് നൊവാര്‍ട്ടിസ് ചെന്നൈയിലെ പേറ്റന്‍റ് ഓഫിസില്‍ പേറ്റന്‍റിനായി അപേക്ഷിച്ചു. തങ്ങളുടെ ഉല്‍പന്നം കൂടുതല്‍ ചികിത്സാക്ഷമതയുള്ള ഇമാറ്റിനിബ് മെസിലേറ്റിന്‍െറ ബീറ്റാ ക്രിസ്റ്റല്‍ ഫോമിലുള്ളതാണെന്നും മറ്റ് കമ്പനികളുടേത് ചികിത്സാ ക്ഷമത കുറഞ്ഞ ഫ്രീ ബേസ് ഫോമിലുള്ളതാണെന്നും തങ്ങളുടെ മരുന്നിന്‍െറ ജൈവലഭ്യത കൂടുതലാണെന്നും അവകാശപ്പെട്ടുകൊണ്ടാണ് നൊവാര്‍ട്ടിസ് പേറ്റന്‍റ് അപേക്ഷ നല്‍കിയത്. എന്നാല്‍, പേറ്റന്‍റ് കണ്‍ട്രോളര്‍ പേറ്റന്‍റ് നിയമത്തിലെ 3 (ഡി) വകുപ്പ് പ്രയോഗിച്ച് നൊവാര്‍ട്ടിസിന്‍െറ അപേക്ഷ തള്ളിക്കളയുകയാണുണ്ടായത്. തുടര്‍ന്നാണ് നൊവാര്‍ട്ടിസ് 3 (ഡി) വകുപ്പ് റദ്ദാക്കണമെന്ന ആവശ്യവുമായി ആദ്യം ചെന്നൈ ഹൈകോടതിയെ സമീപിച്ചത്. ചെന്നൈ കോടതി നൊവാര്‍ട്ടിസിന്‍െറ വാദം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് അവര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ കൊടുത്തിരിക്കുകയാണ്. അടുത്തമാസം കേസിന്‍െറ വിധിയുണ്ടായേക്കും.
പേറ്റന്‍റ് കണ്‍ട്രോളര്‍ പുറപ്പെടുവിച്ച നിര്‍ബന്ധിത ലൈസന്‍സിങ് ഉത്തരവിന്‍െറയും ദല്‍ഹി ഹൈകോടതിയുടെ 3 (ഡി) വകുപ്പംഗീകരിച്ചുകൊണ്ടുള്ള വിധിയുടെയും സ്പിരിറ്റ് ഉള്‍ക്കൊണ്ട് ഇന്ത്യന്‍ ഔധവ്യവസായത്തെ ബഹുരാഷ്ട്ര കുത്തകകളുടെ പിടിയില്‍നിന്നും മോചിപ്പിച്ച് ജീവരക്ഷാ ഔധങ്ങള്‍ വിലകുറച്ച് ലഭ്യമാക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് ജനകീയാരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com