കാക്കനാട്: ‘ജി’ ഫോമിന്‍െറ മറവില്‍ നികുതി വെട്ടിപ്പ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് മേഖലാ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ പി.എ. സൈനുദ്ദീന് നിര്‍ദേശം നല്‍കി. ‘ജി’ ഫോം നല്‍കി വാഹനം കട്ടപ്പുറത്താണെന്ന് കാണിച്ച് നികുതി ഇളവ് നേടിയ ശേഷം റോഡില്‍ ഇറക്കി സര്‍വീസ് നടത്തിയ വാഹനങ്ങള്‍ കഴിഞ്ഞ ദിവസം മട്ടാഞ്ചേരിയില്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തതിനെത്തുടര്‍ന്നാണ് നടപടി. ഞായറാഴ്ച രാവിലെ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണറെ ഫോണില്‍ വിളിച്ചാണ് ഡി.ടി.സിയുടെ കീഴില്‍ വരുന്ന മേഖലകളില്‍ പരിശോധന ശക്തമാക്കാന്‍ നിര്‍ദേശിച്ചത്.
‘ജി’ ഫോമിന്‍െറ മറവില്‍ നികുതി ഇളവ് നേടിയ ശേഷം നിരത്തില്‍ ഇറക്കി ടാക്സ് വെട്ടിപ്പ് നടത്തിയ 10 വാഹനങ്ങളാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്‍റ് വിഭാഗം ആര്‍.ടി.ഒ ആദര്‍ശ് കുമാര്‍ ജി. നായര്‍ പിടിച്ചെടുത്തത്. നാല് ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു. വാഹനങ്ങള്‍ അറ്റകുറ്റപ്പണിക്ക് കയറ്റുന്ന സമയത്ത് ഉടമകളെ സഹായിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് ഇളവ് അനുവദിച്ചത്. അറ്റകുറ്റപ്പണിക്ക് കയറ്റിയിരിക്കുകയാണെന്നും വാഹനം കയറ്റിയ സ്ഥലം ഉള്‍പ്പെടെ രേഖപ്പെടുത്തിയും ‘ജി’ ഫോം നല്‍കിയാല്‍ മൂന്നുമാസത്തെ നികുതി ഇളവ് കിട്ടും. എന്നാല്‍, വാഹനം കട്ടപ്പുറത്താണെന്ന കാര്യം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ രേഖാമൂലം അറിയിച്ചിരിക്കണം. ഒരു മാസത്തില്‍ കൂടുതല്‍ വാഹനം സര്‍വീസ് നടത്താതെ കയറ്റിയിടുകയും വേണമെന്നാണ് വ്യവസ്ഥ. എന്നാലേ ഇളവ് ലഭിക്കൂ.
എന്നാല്‍, ഇത്തരത്തില്‍ ‘ജി’ ഫോം എഴുതി നല്‍കിയ ശേഷം പല വാഹനങ്ങളും റോഡില്‍ ഇറക്കി സര്‍വീസ് നടത്തുകയും വരുമാനമുണ്ടാക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്നാണ് എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡ് മട്ടാഞ്ചേരി, തൃപ്പൂണിത്തുറ ഭാഗങ്ങളില്‍ പരിശോധന നടത്തിയത്.
നികുതി വെട്ടിപ്പ് കണ്ടെത്തി നടപടി സ്വീകരിച്ച ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ പി.എ. സൈനുദ്ദീനെയും വാഹനം പിടിച്ചെടുത്ത ആര്‍.ടി.ഒ ആദര്‍ശ്കുമാര്‍ ജി. നായരെയും ഗതാഗത മന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. മന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് എറണാകുളം, കോട്ടയം, ഇടുക്കി മേഖലകളില്‍ പരിശോധന ശക്തമാക്കാന്‍ നിര്‍ദേശം നല്‍കുമെന്ന് ഡി.ടി.സി സൈനുദ്ദീന്‍ പറഞ്ഞു. ഈ ആഴ്ചതന്നെ ഇതിന് പ്രത്യേകം സ്ക്വാഡ് രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍