മുംബൈ: സുപ്രധാന നിരക്കുകളായ റിപ്പോ, റിവേഴ്സ് റിപ്പോ എന്നിവയില്‍ കൈവെക്കാതെ റിസര്‍വ് ബാങ്ക് പണ വായ്പാ നയം പ്രഖ്യാപിച്ചു. എന്നാല്‍, കരുതല്‍ ധനാനുപാതം (സി.ആര്‍.ആര്‍) 0.25 ശതമാനം കുറച്ചത്, പലിശനിരക്ക് കുറക്കാന്‍ ബാങ്കുകളെ പ്രേരിപ്പിച്ചേക്കും. ബാങ്കുകള്‍, റിസര്‍വ് ബാങ്കില്‍ കരുതല്‍ ധനമായി സൂക്ഷിക്കേണ്ടതിന്‍െറ അനുപാതമാണ് 4.50 ശതമാനമായി കുറച്ചത്. ഇതുമൂലം ധനവിപണിയില്‍ 17,000 കോടി രൂപ വന്നുചേരുമെന്ന് റിസര്‍വ് ബാങ്ക് അധികൃതര്‍ അറിയിച്ചു.
പണപ്പെരുപ്പം ഇപ്പോഴും പ്രധാന തലവേദനയായി തുടരുന്നതിനാലാണ് പലിശനിരക്കുകള്‍ കുറക്കാതിരുന്നതെന്നും റിസര്‍വ് ബാങ്ക് വിശദീകരിച്ചു. വാണിജ്യ ബാങ്കുകള്‍ക്ക് കടം കൊടുക്കുമ്പോള്‍ റിസര്‍വ് ബാങ്ക് ഈടാക്കുന്ന പലിശനിരക്കായ റിപ്പോ എട്ടു ശതമാനമായും, ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുന്ന പണത്തിന് ലഭിക്കുന്ന പലിശനിരക്കായ റിവേഴ്സ് റിപ്പോ ഏഴു ശതമാനമായും തുടരും. റിപ്പോ നിരക്കിനനുസരിച്ചാണ് ബാങ്കുകള്‍ പലിശനിരക്ക് നിശ്ചയിക്കാറ് എന്നതിനാല്‍ പുതിയ നയം ഭവന, വാഹന വായ്പയെടുത്തവര്‍ക്ക് നിരാശ സമ്മാനിച്ചു. എങ്കിലും കരുതല്‍ ധനാനുപാതത്തില്‍ കുറവു വരുത്തിയത് തങ്ങള്‍ പരിഗണിക്കുമെന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കമുള്ളവയുടെ പ്രഖ്യാപനം പ്രതീക്ഷയേകി.
‘പണപ്പെരുപ്പം ആശങ്കാജനകമായതിനാല്‍ അത് വരുതിയില്‍ കൊണ്ടുവരുകയാണ് പുതിയ ധനനയത്തിന്‍െറ ലക്ഷ്യം. പണപ്പെരുപ്പ നിരക്ക് 7.5 ശതമാനത്തില്‍ തുടരുന്നതാണ് വെല്ലുവിളി’ -റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി. സുബ്ബറാവു മുംബൈയില്‍ പറഞ്ഞു. കരുതല്‍ ധനാനുപാതം കുറച്ച നടപടി ധനമന്ത്രി പി. ചിദംബരം സ്വാഗതം ചെയ്തു. ‘ഇതൊരു ചെറിയ കാല്‍വെപ്പാണെങ്കിലും സ്വാഗതാര്‍ഹമാണ്. ആര്‍.ബി.ഐയുടെ പരിഷ്കാരങ്ങള്‍ക്ക് അനുസൃതമായി സാമ്പത്തിക രംഗത്ത് അടുത്തുതന്നെ കൂടുതല്‍ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളും’ -ധനമന്ത്രി പറഞ്ഞു.
അതേസമയം, പലിശനിരക്കുകളില്‍ കാര്യമായ കുറവ് വരുത്തുമെന്ന പ്രതീക്ഷ പാഴായത് വ്യവസായ മേഖലയെ നിരാശപ്പെടുത്തിയതായി അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ (അസോചം) വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ഈയിടെ പ്രഖ്യാപിച്ച സാമ്പത്തിക പരിഷ്കരണ നടപടികളുടെ വെളിച്ചത്തില്‍ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ കുറവുവരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ) പ്രസ്താവിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍