Mon, 09/17/2012 - 11:00 ( 34 weeks 5 daysago)
കൊളംബോ: ലോക ക്രിക്കറ്റില്‍ റണ്ണുകളുടെ മഹാവിസ്ഫോടനത്തിലേക്ക് ചൊവ്വാഴ്ച കളിമുറ്റങ്ങളുണരും. മരതകദ്വീപിലെ മൂന്ന് വേദികളിലായാണ് നാലാമത് ട്വന്‍റി20 ലോകകപ്പിന് ക്രീസൊരുങ്ങുന്നത്. സാധ്യതയുടെ അമരത്ത് ഒറ്റക്കൊരു സംഘത്തെ ചൂണ്ടിക്കാട്ടാന്‍ കഴിയാത്തതിനാല്‍ ഹ്രസ്വമായ ട്വന്‍റി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളാകും കിരീടത്തിനുവേണ്ടി ലങ്കയില്‍ അരങ്ങേറുകയെന്നാണ് വിദഗ്ധ മതം.
പങ്കെടുക്കുന്ന 12 ടീമുകളില്‍ പകുതിയിലധികവും കിരീട സാധ്യതയോടെയാണ് കടല്‍ കടന്നെത്തിയിട്ടുള്ളത്. വെടിക്കെട്ട് ബാറ്റിങ്ങിന്‍െറ വിളയാട്ടഭൂമിയില്‍ ദ്രുതഗതിയില്‍ സാധ്യതകള്‍ മാറിമറിയുമെന്നതും അല്‍പനേരത്തേക്ക് നിലയുറപ്പിക്കുന്ന ഒരു കളിക്കാരനുപോലും മത്സരഗതിയെ മാറ്റിമറിക്കാന്‍ കഴിയുമെന്നതും ട്വന്‍റി20 ക്രിക്കറ്റിനെ വേറിട്ടുനിര്‍ത്തുന്നുണ്ട്. ഈ സാധ്യത മുതലെടുത്ത് വന്‍മരങ്ങളെ പിഴുതെറിയാന്‍ അയര്‍ലന്‍ഡ്, അഫ്ഗാനിസ്താന്‍, സിംബാബ്വെ തുടങ്ങിയവര്‍ക്കുപോലും കഴിഞ്ഞേക്കും.
ചൊവ്വാഴ്ച ഹംബന്‍ ടോട്ടയിലെ മഹിന്ദ രാജപക്സെ സ്റ്റേഡിയത്തില്‍ ആതിഥേയരായ ശ്രീലങ്കയും സിംബാബ്വെയും തമ്മിലാണ് ലോകപ്പിലെ ഉദ്ഘാടനമത്സരം. ബുധനാഴ്ച ആസ്ട്രേലിയ അയര്‍ലന്‍ഡുമായും ഇന്ത്യ അഫ്ഗാനിസ്താനുമായും മാറ്റുരക്കും. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ളണ്ട്, ക്രിസ്ഗെയ്ല്‍ അടക്കം ട്വന്‍റി20യിലെ കരുത്തര്‍ ഉള്‍പ്പെട്ട വെസ്റ്റിന്‍ഡീസ്, ലോക ഒന്നാം നമ്പറുകാരായ ദക്ഷിണാഫ്രിക്ക, ഏഷ്യന്‍ ശക്തികളായ ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക എന്നിവര്‍ക്കു പുറമെ ആസ്ട്രേലിയയും ന്യൂസിലന്‍ഡുമൊക്കെ കിരീട സ്വപ്നങ്ങളുമായാണ് ലങ്കയിലെത്തിയിട്ടുള്ളത്. 2007ലെ പ്രഥമ ടൂര്‍ണമെന്‍റില്‍ മഹേന്ദ്രസിങ് ധോണി നയിച്ച ഇന്ത്യ ചാമ്പ്യന്‍പട്ടത്തിലേറിയ ശേഷം 2009ല്‍ പാകിസ്താനാണ് കപ്പ് കൈകളിലേറ്റുവാങ്ങിയത്. 2010ല്‍ ആസ്ട്രേലിയയെ കീഴടക്കിയാണ് ഇംഗ്ളണ്ട് കിരീടത്തില്‍ മുത്തമിട്ടത്. പ്രാഥമിക റൗണ്ടില്‍ 12 ടീമുകള്‍ നാലു ഗ്രൂപ്പുകളിലായാണ് പോരാടുന്നത്. ഓരോ ഗ്രൂപ്പിലും ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ സൂപ്പര്‍ എട്ടില്‍ മത്സരിക്കാന്‍ യോഗ്യത നേടും. ഇന്ത്യക്കുപുറമെ ഗ്രൂപ് ‘എ’യില്‍ ഇംഗ്ളണ്ടും അഫ്ഗാനിസ്താനും മാറ്റുരക്കും. ഗ്രൂപ് ‘ബി’യില്‍ ആസ്ട്രേലിയ, വെസ്റ്റിന്‍ഡീസ്, അയര്‍ലന്‍ഡ് ടീമുകള്‍ ഉള്‍പ്പെടുന്നു. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, സിംബാബ്വെ ടീമുകളാണ് ഗ്രൂപ് ‘സി’യില്‍. പാകിസ്താനും ന്യൂസിലന്‍ഡും അണിനിരക്കുന്ന ഗ്രൂപ് ‘ഡി’യില്‍ ബംഗ്ളാദേശും മാറ്റുരക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍