Mon, 09/17/2012 - 10:58 ( 35 weeks 5 daysago)
ഇന്ന് ഇന്ത്യ-പാക് സന്നാഹ മത്സരം
(+)(-) Font Size

കൊളംബോ: കനലെരിയുന്ന പോരാട്ടങ്ങളുടെ ക്രീസിലേക്ക് കാലെടുത്തു വെക്കും മുമ്പ് ഒരുക്കങ്ങളുടെ പുല്‍ത്തകിടിയില്‍ ഇന്ന് തീപാറുന്ന ഇന്ത്യ-പാകിസ്താന്‍ സന്നാഹമത്സരം. ആതിഥേയരായ ശ്രീലങ്കയെ ആദ്യ പരിശീലന മത്സരത്തില്‍ ആധികാരികമായി കീഴടക്കിയ മഹേന്ദ്രസിങ് ധോണിയും കൂട്ടരും പാക് പടയെ കീഴടക്കി ആത്മവിശ്വാസമാര്‍ജിക്കാനാണ് ഉന്നമിടുന്നത്. അയല്‍ക്കാരുടെ മികച്ച ബൗളിങ് നിരക്കെതിരെ ബാറ്റ്സ്മാന്മാര്‍ ഫോമിലായാല്‍ ട്വന്‍റി 20 ലോകകപ്പിനു മുമ്പ് ടീമിന് അതേറെ ഉണര്‍വു നല്‍കുമെന്ന് ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് കണക്കുകൂട്ടുന്നു. ബുധനാഴ്ച അഫ്ഗാനിസ്താനെതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യമത്സരം.
ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ പരിശീലന മത്സരത്തില്‍ പാകിസ്താനെതിരെ ഓപണര്‍ ഗൗതം ഗംഭീര്‍ കളിച്ചേക്കില്ല. ലങ്കക്കെതിരായ മത്സരത്തിനിടെ കൈക്കുഴക്ക് പരിക്കേറ്റതാണ് ഗംഭീറിനെ കുഴക്കുന്നത്. വിരേന്ദര്‍ സെവാഗ് ഉള്‍പ്പെടെ മുന്‍നിര ബാറ്റ്സ്മാന്മാര്‍ ഫോമിലെത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്ന വിരാട് കോഹ്ലി, മഹേന്ദ്രസിങ് ധോണി എന്നിവര്‍ക്കുപുറമെ അസുഖംമാറി തിരിച്ചെത്തിയ യുവരാജ് സിങ്ങും ശ്രദ്ധാകേന്ദ്രമാകും. യുവരാജിന് മത്സരപരിചയം ആര്‍ജിക്കാനുള്ള അവസരം കൂടിയാണ് പാകിസ്താനെതിരായ പോരാട്ടം. രോഹിത് ശര്‍മയെ മാറ്റി മനോജ് തിവാരിക്ക് അവസരം നല്‍കാന്‍ ധോണി തയാറായേക്കുമെന്നും സൂചനയുണ്ട്.
ബൗളര്‍മാരില്‍ ഇര്‍ഫാന്‍ പത്താന്‍ തകര്‍പ്പന്‍ ഫോമിലാണ്. ലങ്കക്കെതിരെ ലക്ഷ്മീപതി ബാലാജിയും മികവുകാട്ടി. എന്നാല്‍, സ്ട്രൈക് ബൗളറായ സഹീര്‍ഖാന്‍ വിക്കറ്റ് വേട്ടയില്‍ പിന്നില്‍ നില്‍ക്കുന്നത് ടീം മാനേജ്മെന്‍റിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഏറെക്കാലത്തിനുശേഷം തിരിച്ചെത്തിയ ഹര്‍ഭജന്‍സിങ്ങും ലങ്കക്കെതിരെ നന്നായി പന്തെറിഞ്ഞു.
ആസ്ട്രേലിയക്കെതിരെ 1-2ന് ട്വന്‍റി 20 പരമ്പര നേടിയാണ് പാക് ടീം ലങ്കയിലെത്തിയത്. ആദ്യ രണ്ടുകളി ജയിച്ചശേഷം മൂന്നാമങ്കത്തില്‍ 94 റണ്‍സിന്‍െറ തോല്‍വി വഴങ്ങിയ പച്ചക്കുപ്പായക്കാരെ ആ തിരിച്ചടി അലട്ടുന്നുണ്ട്. അസ്ഥിര പ്രകടനം നടത്തുന്ന ബാറ്റിങ് ലൈനപ്പില്‍ പരിചയസമ്പന്നരായ അബ്ദുറസാഖ്, ശാഹിദ് അഫ്രീദി, മുഹമ്മദ് ഹഫീസ്, ശുഐബ് മാലിക് തുടങ്ങിയവര്‍ ഇന്ത്യക്ക് കടുത്തവെല്ലുവിളി ഉയര്‍ത്താന്‍ പോന്നവരാണ്. ഉമര്‍ ഗുല്‍, സുഹൈല്‍ തന്‍വീര്‍ എന്നിവര്‍ നയിക്കുന്ന പേസ് പടക്കു പുറമെ ഓഫ്സ്പിന്നര്‍ സഈദ് അജ്മലിന്‍െറ മികവിലും പാകിസ്താന്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നു.
ടീമുകള്‍: ഇന്ത്യ- എം.എസ്. ധോണി (ക്യാപ്റ്റന്‍), ഗൗതം ഗംഭീര്‍, രവിചന്ദ്ര അശ്വിന്‍, ലക്ഷ്മീപതി ബാലാജി, പിയൂഷ് ചൗള, അശോക് ദിന്‍ഡ, ഹര്‍ഭജന്‍ സിങ്, സഹീര്‍ഖാന്‍, വിരാട് കോഹ്ലി, ഇര്‍ഫാന്‍ പത്താന്‍, സുരേഷ് റെയ്ന, വീരേന്ദര്‍ സെവാഗ്, രോഹിത് ശര്‍മ, മനോജ് തിവാരി, യുവരാജ് സിങ്.
പാകിസ്താന്‍- മുഹമ്മദ് ഹഫീസ് (ക്യാപ്റ്റന്‍), അബ്ദുറസാഖ്, ആസാദ് ഷഫീഖ്, ഇമ്രാന്‍ നസീര്‍, കമ്രാന്‍ അക്മല്‍, മുഹമ്മദ് സമി, നസീര്‍ ജംഷദ്, റാണാ ഹസന്‍, സഈദ് അജ്മല്‍, ശാഹിദ് അഫ്രീദി, ശുഐബ് മാലിക്, സുഹൈല്‍ തന്‍വീര്‍, ഉമര്‍ അക്മല്‍, ഉമര്‍ ഗുല്‍, യാസിര്‍ അറഫാത്ത്.

(മത്സരം ഉച്ച 2.00 മുതല്‍ ഇ.എസ്.പി.എന്‍
\സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം)

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus