മുരടിപ്പില്‍നിന്ന് സംസ്ഥാനത്തെ മോചിപ്പിച്ചെടുക്കുക എന്ന അഭിലഷണീയമായ ആശയമാണ് കൊച്ചിയില്‍ തുടക്കമിട്ട ‘എമര്‍ജിങ് കേരള’ മേളയുടെ കാതല്‍. ഈ ആശയത്തിന് നല്ല ആവിഷ്കാരങ്ങളും പ്രായോഗികരീതികളും ഉണ്ടാകുമെങ്കില്‍ അത് സ്വാഗതാര്‍ഹവുമാണ്. ഇക്കാര്യത്തില്‍ അന്ധമായ വിരോധമല്ല, സൃഷ്ടിപരമായ വിലയിരുത്തലുകളും ആവശ്യമെങ്കില്‍ മാറ്റത്തിരുത്തലുകള്‍ വേണമെന്ന നിര്‍ബന്ധബുദ്ധിയുമാണ് ആവശ്യമായിട്ടുള്ളത്. ഭാവികേരളം എങ്ങനെയാകണമെന്ന ചോദ്യത്തിന് മറുപടി കണ്ടെത്തേണ്ടത് ഇപ്പോഴാണ്. അതേസമയം, മറുവശത്ത് അതിപ്രധാനമായ ഈ വിഷയത്തെപ്പറ്റി വേണ്ടത്രചര്‍ച്ചകള്‍ പൊതുസമൂഹത്തിലെന്നല്ല, ഭരണമുന്നണിയില്‍പോലും ഉണ്ടായിട്ടില്ല എന്ന വിമര്‍ശം അസ്ഥാനത്തല്ലതാനും. സംസ്ഥാനത്തിന്‍െറ ഭാവിഭാഗധേയം, വെറും വ്യവസായമെന്ന കോണിലൂടെ മാത്രം കാണേണ്ട ഒന്നല്ല. സമഗ്രവും സര്‍വതലസ്പര്‍ശിയുമായ, സാമൂഹികാവശ്യങ്ങളെയും നീതിയെയും ഉള്‍ക്കൊണ്ടുള്ള ഒരു ബൃഹദ്ദര്‍ശനത്തിന്‍െറ ഭാഗമായി വരേണ്ടതായിരുന്നു വ്യവസായങ്ങളും നിക്ഷേപങ്ങളും. എമര്‍ജിങ് കേരള അവസാനവാക്കല്ലെന്നും തുടര്‍ചര്‍ച്ചകളിലൂടെ മാറ്റിയും തിരുത്തിയും കൂട്ടിച്ചേര്‍ത്തും മുന്നോട്ടുപോകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ശരിയായ അര്‍ഥത്തില്‍ എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാനായാല്‍ ഇത് കേരളത്തിന്‍െറ വികസനപാതയില്‍ ഒരു നാഴികക്കല്ലാവാം.
അന്യരില്‍നിന്ന് ശമ്പളം പറ്റുന്ന സമൂഹം എന്ന അവസ്ഥയില്‍നിന്ന് കേരളീയരെ സംരംഭകരാക്കിമാറ്റുക എന്നതാണ് എമര്‍ജിങ് കേരളയുടെ പ്രഖ്യാപിത ലക്ഷ്യം. സേവനപ്രധാനമായ സമ്പദ്ക്രമമെന്ന നിലയിലേക്ക് കേരളത്തെ വളര്‍ത്താന്‍ മാനവശേഷി ഉപയോഗപ്പെടുത്തുകയും ആഭ്യന്തര-വിദേശ നിക്ഷേപം വന്‍തോതില്‍ സ്വീകരിക്കുകയും ചെയ്യുകയാണ് ലക്ഷ്യപ്രാപ്തിക്കുള്ള മാര്‍ഗമായി കാണുന്നത്. എല്ലാരംഗത്തും സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിക്കും. കൊച്ചി സംഗമത്തില്‍ 45 പദ്ധതി നിര്‍ദേശങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്; 46,000 കോടി രൂപയുടെ നിക്ഷേപം ഉറപ്പായി എന്നും ഔദ്യാഗിക വിശദീകരണമുണ്ടായി -അവ്യക്തതകള്‍ ബാക്കിയുണ്ടെന്നു മാത്രം. രണ്ടു ലക്ഷം കോടി ലക്ഷ്യമിട്ടതില്‍ 20,000 കോടി മാത്രമേ കിട്ടാനിടയുള്ളൂ എന്ന വിമര്‍ശം ശരിയാവാം, തെറ്റാവാം. പക്ഷേ, ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന നിലക്ക് കേരളത്തെ പരിചയപ്പെടുത്താനും ഏതാനും പ്രമുഖ കമ്പനികളെയെങ്കിലും ബോധ്യപ്പെടുത്താനും കഴിഞ്ഞത് ചെറിയ കാര്യമല്ല. കുറെ പദ്ധതികള്‍ ‘എമര്‍ജിങ് കേരള’ എന്ന പ്രത്യേക നയപരിപാടി ഇല്ലായിരുന്നെങ്കിലും നടക്കുമായിരുന്നു എന്നതും ശരിയാണ്; ഇതെല്ലാം പാര്‍ശ്വവിവാദങ്ങള്‍ മാത്രം. എയര്‍ കേരള, ഐ.ടി കേന്ദ്രീകരിച്ചുള്ള ചെറുകിട സംരംഭങ്ങള്‍ എന്നിവക്ക് സംസ്ഥാനത്ത് വന്‍ സ്വീകാര്യത ലഭിക്കും. എന്നാല്‍, വരുംദിവസങ്ങളിലെങ്കിലും പരിഹരിക്കപ്പെടേണ്ട ചില കാതലായ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നു.
ഏറ്റവും പ്രധാനപ്പെട്ട കാര്യം ദുരൂഹതകള്‍ ബാക്കിനില്‍ക്കുന്നു എന്നതാണ്. നിക്ഷേപലഭ്യതയെപ്പറ്റി കൃത്യമായ കണക്കുകള്‍ സര്‍ക്കാര്‍ നല്‍കുന്നില്ല. പല കാര്യങ്ങളിലും സര്‍ക്കാറിനുതന്നെ വ്യക്തതയില്ല. എന്തൊക്കെയോ ഒളിച്ചുവെക്കുന്നുവെന്ന ധാരണ ബലപ്പെടുത്തുന്നതാണ് മേളയുടെ സമാപനത്തോടനുബന്ധിച്ച വാര്‍ത്താ സമ്മേളനത്തിലെ ഔദ്യാഗിക മൗനം. പദ്ധതികള്‍, നിക്ഷേപങ്ങള്‍, പങ്കെടുത്തവര്‍, നിക്ഷേപസന്നദ്ധത അറിയിച്ചവര്‍, മേളയുടെ ചെലവ് തുടങ്ങിയവയുടെ കൃത്യമായ വിവരങ്ങള്‍ക്കായി കേരളസമൂഹം ഇപ്പോഴും കാത്തിരിക്കുകയാണ്. സുതാര്യതയെപ്പറ്റി അവകാശവാദങ്ങള്‍ ഏറെയുണ്ടെങ്കിലും പ്രയോഗത്തില്‍ മറിച്ചാണ്. മേളയെപ്പറ്റി പ്രതിപക്ഷവും ഭരണപക്ഷത്തെത്തന്നെ ചിലരും ഉയര്‍ത്തിയ സംശയങ്ങള്‍ ബലപ്പെടുത്താനേ ഇത് സഹായിക്കൂ. മുമ്പ് ഗ്ളോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റില്‍ (ജിം) നടക്കാതെപോയ വിവാദപദ്ധതികള്‍ പുതിയ വിലാസത്തില്‍ നടപ്പാക്കിയെടുക്കാനുള്ള സൂത്രമായി ഇതിനെ കാണുന്നവരുണ്ട്. ഒരുവശത്ത് ചര്‍ച്ചകളിലൂടെ പദ്ധതികള്‍ ഉരുത്തിയിരിയുമെന്ന് പറയുന്ന സര്‍ക്കാര്‍തന്നെ, വിവാദങ്ങളുടെ പേരില്‍ പിന്നോട്ടില്ലെന്നും പറയുമ്പോള്‍ അതിന്‍െറ അര്‍ഥമറിയാന്‍ പ്രയാസമാകുന്നു. മൂലധന കേന്ദ്രിതമായ പദ്ധതികള്‍ക്ക് നിക്ഷേപം സ്വീകരിക്കുമ്പോള്‍ തൊഴിലവസരങ്ങളും മികച്ച തൊഴില്‍സാഹചര്യവുമുണ്ടാകുമെന്ന് നയപ്രഖ്യാപനത്തിലുണ്ടെങ്കിലും തൊഴില്‍ലഭ്യതയെപ്പറ്റി ഒരു ഉറപ്പും നിക്ഷേപകരില്‍നിന്ന് ലഭ്യമല്ല. പരിസ്ഥിതിപഠനത്തില്‍ കുഴപ്പമില്ലെന്നു കണ്ടതല്ലാത്ത ഒരു പദ്ധതിയും മുന്നോട്ടുകൊണ്ടുപോകില്ലെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍, പരിസ്ഥിതി സംരക്ഷണ സംവിധാനം സംസ്ഥാന മലിനീകരണ ബോര്‍ഡിന്‍െറയും മറ്റും പരിശോധനയിലൊതുങ്ങുന്ന നാമമാത്ര സംവിധാനമായിക്കൂടാ.
സര്‍ക്കാര്‍ ഭരണനിര്‍വഹണവും സാമൂഹികാസൂത്രണവും കൈയൊഴിഞ്ഞ് വെറും ഇടനിലക്കാരന്‍െറ റോളിലേക്ക് മാറുന്നു എന്നതാണ് ഭയപ്പെടേണ്ട മറ്റൊരുസാധ്യത. നിക്ഷേപകരെ വിളിച്ചുവരുത്തി, അവര്‍ക്ക് വേണ്ടതെല്ലാം ചെയ്തുകൊടുക്കുന്ന ‘ഫെസിലിറ്റേറ്റര്‍’ ആയി ഭരണകൂടം മാറുമ്പോള്‍ സ്വകാര്യ, വിദേശ, മുതലാളിത്ത താല്‍പര്യങ്ങള്‍ മേല്‍ക്കൈ നേടും. ഇതൊഴിവാക്കാന്‍ സര്‍ക്കാര്‍-നിയമസഭാ തലങ്ങളില്‍ പ്രതിപക്ഷത്തെയടക്കം ഉള്‍ക്കൊള്ളിച്ചുള്ള വിപുലമായ നിയന്ത്രണ-പരിശോധനാ സംവിധാനങ്ങള്‍ വേണം. വന്‍തോതില്‍ ഭൂമി ആവശ്യമാകുന്നവ, വന്‍കിട പദ്ധതികള്‍, പരിസ്ഥിതിക്കും സംസ്കാരത്തിനും ഇണങ്ങാത്തവ, തൊഴില്‍ലഭ്യത കുറഞ്ഞവ തുടങ്ങിയ പദ്ധതികള്‍ ഉപേക്ഷിക്കാന്‍ കഴിയണം. ചെറുകിട സംരംഭകര്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നത് ഗുണകരമാകും. സഹകരണമേഖലയെ കാര്യമായി ഉപയോഗപ്പെടുത്താന്‍ കഴിയേണ്ടതായിരുന്നു- ഇനിയെങ്കിലും അതിനാവശ്യമായ നീക്കങ്ങള്‍ ഉണ്ടാകുമെന്ന് കരുതുക. സാമൂഹികക്ഷേമം, സാമൂഹികനീതി തുടങ്ങിയവയുടെ പുലര്‍ച്ചക്കാവശ്യമായ ഇടപെടലുകള്‍ ആവശ്യമാകുന്നിടത്ത് അതിനുള്ള വ്യവസ്ഥകള്‍ ഉണ്ടായിരിക്കണം. നിക്ഷേപങ്ങള്‍ സമാഹരിക്കുന്നിടത്ത്, ഏതാനും സമ്പന്നസ്ഥാപനങ്ങള്‍ക്ക് എല്ലാ സൗകര്യവും നല്‍കുന്ന രീതിയില്‍നിന്ന് മാറിച്ചിന്തിക്കാനായില്ല എന്നത് പോരായ്മതന്നെയാണ്. പ്രത്യേകിച്ച് സഹകരണ, ചെറുകിട സംരംഭങ്ങളില്‍ ജനകീയ കൂട്ടായ്മകള്‍ക്ക് പലതും ചെയ്യാനാവും. കേരളത്തിന്‍െറ വികസനത്തില്‍ മുതല്‍മുടക്കാന്‍ തയാറുള്ള ഒട്ടനേകം പേര്‍ അതിന് പലിശരഹിത ധനതന്ത്രരീതി വേണമെന്ന ഉപാധി ഉന്നയിച്ച് കാത്തിരിപ്പുണ്ട്. വമ്പിച്ച എന്‍.ആര്‍.കെ നിക്ഷേപം ആ വഴി കിട്ടും -സര്‍ക്കാറും റിസര്‍വ് ബാങ്കും അതിനാവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ തയാറാവുമെങ്കില്‍.
എമര്‍ജിങ് കേരള നല്ല സ്വപ്നമാണ്. സംരംഭകരുടെ നാടായി മാറാന്‍ കേരളത്തിന് സാധ്യതകള്‍ ഏറെയാണുതാനും. എന്നാല്‍, സദുദ്ദേശ്യവും സത്യനിഷ്ഠയും സുതാര്യതയും കൂടിച്ചേര്‍ന്നാലേ ആ സ്വപ്നം പുലരൂ. മറിച്ചായാല്‍ അത് കൊടിയ പേടിസ്വപ്നമാകാനും സാധ്യതയുണ്ട്. സര്‍ക്കാറിന്‍െറ ആത്മാര്‍ഥത പരിശോധിക്കപ്പെടുന്ന നാളുകളാണ് വരാനിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍