കൈറോ: അമേരിക്കയുടെ കൂടുതല്‍ എംബസികള്‍ക്കെതിരെ അക്രമണം നടത്താന്‍ അല്‍ഖാഇദ ആഹ്വാനം മുഴക്കിയതായി റിപ്പോര്‍ട്ട്. പ്രവാചകനെ അവഹേളിക്കുന്ന ചിത്രത്തിനെതിരായ പ്രതിഷേധ യോഗങ്ങള്‍ അക്രമാസക്തമാകരുതെന്ന് പ്രമുഖ മുസ്ലിംനേതാക്കള്‍ ആഹ്വാനം ചെയ്തുവരുന്നതിനിടെ അല്‍ഖാഇദയുടെ അറേബ്യന്‍ പെനിന്‍സുല ഘടകം വെബ്സൈറ്റ് വഴി പുറത്തുവിട്ട പ്രസ്താവനയിലാണ് ആക്രമണ ആഹ്വാനം. ബെന്‍ഗാസിയയില്‍ അമേരിക്കന്‍ അംബാസഡറെ കൊലപ്പെടുത്തിയ ലിബിയന്‍ ജനക്കൂട്ടത്തെ പ്രസ്താവന അനുമോദിച്ചു.
എംബസികള്‍ക്ക് തീയിട്ടുകൊണ്ട് എല്ലാ നയതന്ത്ര കാര്യാലയങ്ങളും അടച്ചുപൂട്ടാന്‍ അമേരിക്കന്‍ അധികൃതരില്‍ സമ്മര്‍ദം ചെലുത്തണമെന്ന് പ്രസ്താവന ആഹ്വാനം ചെയ്തു.
അതേസമയം, എംബസികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ മറീനുകളെ നിയോഗിക്കാനുള്ള അമേരിക്കന്‍ പദ്ധതി യമന്‍ പാര്‍ലമെന്‍റ് തള്ളി. യമന്‍, ലിബിയ, സുഡാന്‍ എന്നിവിടങ്ങളിലെ എംബസികളില്‍ 50 വീതം മറീനുകളെ നിയോഗിക്കാനായിരുന്നു യു.എസ് തീരുമാനം. മറീനുകളെ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് യമന്‍ പാര്‍ലമെന്‍റ് പ്രമേയത്തിലൂടെ വ്യക്തമാക്കി. അമേരിക്കന്‍ നിര്‍ദേശം സുഡാന്‍ അധികൃതരും നിരാകരിച്ചു.
മുസ്ലിംനേതാക്കള്‍ ജനങ്ങളെ ശാന്തരാക്കണം -ഇ.യു
ബ്രസല്‍സ്: പ്രവാചകനെ നിന്ദിക്കുന്ന വിവാദ ചലച്ചിത്രത്തിനെതിരെ അരങ്ങേറുന്ന പ്രകടനങ്ങള്‍ അക്രമാസക്തമാവാതിരിക്കാന്‍ മുസ്ലിംനേതാക്കള്‍ രംഗപ്രവേശം ചെയ്യണമെന്ന് യൂറോപ്യന്‍ യൂനിയന്‍. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ എംബസികള്‍ക്കുനേരെ കൈയേറ്റമുണ്ടായ സാഹചര്യത്തില്‍ യൂറോപ്യന്‍ യൂനിയന്‍ (ഇ.യു) വിദേശ നയവിഭാഗം മേധാവി കാതറിന്‍ ആഷ്ടണ്‍ ആണ് ഈ ആഹ്വാനം മുഴക്കിയത്. എംബസികള്‍ക്കുനേരെയുണ്ടായ ആക്രമണങ്ങളെ ശക്തിയായി അപലപിച്ച അവര്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് ഒരു ന്യായീകരണവുമില്ലെന്നും ചൂണ്ടിക്കാട്ടി. എല്ലാ എംബസികള്‍ക്കും മതിയായ സുരക്ഷ ഉറപ്പുവരുത്താന്‍ അതത് രാജ്യങ്ങള്‍ തയാറാകണമെന്നും ആഷ്ടണ്‍ ആവശ്യപ്പെട്ടു. എംബസികള്‍ക്കുനേരെയുണ്ടായ ആക്രമണങ്ങളെ യൂറോപ്യന്‍ കമീഷന്‍ അധ്യക്ഷന്‍ ജോസ് മാനുവേല്‍ ബറോസേയും അപലപിച്ചു. ഇത്തരം ആക്രമണങ്ങളെ ഒരുനിലക്കും ന്യായീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇസ്ലാമിനെ നിന്ദിക്കുന്ന മാധ്യമ പ്രവണതകളെയും തുല്യരീതിയില്‍ അപലപിക്കുന്നതായും വ്യക്തമാക്കി.
സമാധാന ആഹ്വാനവുമായി പോപ് ബൈറൂത്തില്‍
ബൈറൂത്: മധ്യപൗരസ്ത്യ മേഖലയിലെ ക്രൈസ്തവ സമൂഹത്തിന്‍െറ സംഗമത്തില്‍ പങ്കെടുക്കാന്‍ ലബനീസ് തലസ്ഥാനമായ ബൈറൂത്തിലെത്തിയ പോപ് ബെനഡിക്ട് 16ാമന്‍ മേഖലയില്‍ സമാധാനം പുന$സ്ഥാപിക്കാനുള്ള ശ്രമങ്ങളില്‍ പങ്കാളികളാകാന്‍ ക്രൈസ്തവ വിശ്വാസികളെ ആഹ്വാനം ചെയ്തു.
സമാധാനവും നീതിയും സംസ്ഥാപിക്കേണ്ടത് സുപ്രധാന ധര്‍മമാണ്. അതിനാല്‍ ഓരോ വിശ്വാസിയും സമാധാന സ്ഥാപകനാകാന്‍ യത്നിക്കേണ്ടതുണ്ട് -ബൈറൂത്തില്‍ പ്രത്യേകമായി ഒരുക്കിയ അള്‍ത്താരയില്‍ ഉപവിഷ്ഠനായ പോപ് ആഹ്വാനം ചെയ്തു.
മതസ്വാതന്ത്ര്യത്തിനും സഹിഷ്ണുതക്കും വേണ്ടി നിലകൊള്ളാന്‍ ആഹ്വാനം ചെയ്ത പോപ്പിനെ വരവേല്‍ക്കാന്‍ ലബനന്‍െറയും വത്തിക്കാന്‍െറയും പതാകകള്‍ വീശി വന്‍ജനാവലി ബൈറൂത്തില്‍ സന്നിഹിതരായിരുന്നു.
വിവാദ സിനിമയെ ഹസീന അപലപിച്ചു
ധാക്ക: പ്രവാചകന്‍ മുഹമ്മദ് നബിയെയും ഇസ്ലാമിനെയും നിന്ദിക്കുന്ന ‘ഇന്നസെന്‍സ് ഓഫ് മുസ്ലിംസ്’ എന്ന സിനിമയെ ബംഗ്ളാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന അപലപിച്ചു. മതവികാരം വ്രണപ്പെടുത്തി ആക്രമണങ്ങള്‍ കുത്തിപ്പൊക്കാന്‍ പ്രേരണ നല്‍കുന്ന ഇത്തരം ചിത്രങ്ങള്‍ നിര്‍മിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വിദ്വേഷം ഇളക്കിവിടാനുള്ള ശ്രമങ്ങളെ ആവിഷ്കാര സ്വാതന്ത്ര്യമായി കണക്കാക്കാനാകില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സിനിമക്കെതിരെ ധാക്കയിലും ഇതര പട്ടണങ്ങളിലും പതിനായിരങ്ങള്‍ വെള്ളി, ശനി ദിവസങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍