ന്യൂദല്‍ഹി: കല്‍ക്കരി കുംഭകോണത്തെ ബോഫോഴ്സ് അഴിമതിയുമായി താരതമ്യം ചെയ്ത ആഭ്യന്തര മന്ത്രി സുഷീല്‍ കുമാര്‍ ഷിന്‍ഡെ കോണ്‍ഗ്രസിനെയും കേന്ദ്രസര്‍ക്കാറിനെയും വെട്ടിലാക്കി. നേരത്തേ വലിയ കാര്യത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട ബോഫോഴ്സ് അഴിമതി പിന്നീട് മാഞ്ഞുപോയെന്നും അതുപോലെ ഇപ്പോഴത്തെ കല്‍ക്കരി കേസും വിസ്മൃതിയിലാകുമെന്നുമാണ് സുഷീല്‍കുമാര്‍ ഷിന്‍ഡെ പുണെയിലെ ചടങ്ങില്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. ഷിന്‍ഡെയുടെ പരാമര്‍ശം ഏറ്റുപിടിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെതിരെ ശക്തമായി രംഗത്തുവന്നു.
ഷിന്‍ഡെക്ക് ചരിത്രം മറന്നുപോയതാണെന്നും ബോഫോഴ്സ് അഴിമതിക്ക് പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭരണം പോയതുപോലെ കല്‍ക്കരി കേസിലും സംഭവിക്കുമെന്നുമായിരുന്നു പ്രതിപക്ഷത്തിന്‍െറ കമന്‍റ്. പാര്‍ട്ടിയെയും സര്‍ക്കാറിനെയും പ്രതിരോധിക്കാന്‍ ഷിന്‍ഡെ നടത്തിയ ശ്രമം വിപരീതഫലം ചെയ്തപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയയും ഓര്‍മിക്കാന്‍ ആഗ്രഹിക്കാത്ത ബോഫോഴ്സിന്‍െറ കറുത്ത അധ്യായം ഒരിക്കല്‍കൂടി ചര്‍ച്ചയായി. 400 സീറ്റുമായി അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് അടുത്ത തെരഞ്ഞെടുപ്പില്‍ ഭരണത്തില്‍നിന്ന് പുറത്തായത് ബോഫോഴ്സ് അഴിമതിയെ തുടര്‍ന്നായിരുന്നുവെന്ന് ബി.ജെ.പി നേതാവ് ബല്‍ബീര്‍ പുഞ്ച് ചൂണ്ടിക്കാട്ടി. പിന്നീടിതുവരെ ഒറ്റക്ക് ഭൂരിപക്ഷം നേടാന്‍ പോലും കോണ്‍ഗ്രസിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബോഫോഴ്സ് അഴിമതിക്കാരെ ജനം ശിക്ഷിച്ചത് കോണ്‍ഗ്രസ് മറന്നിരിക്കുകയാണെന്ന് സി.പി.ഐ നേതാവ് എ. രാജ പറഞ്ഞു. ചരിത്രത്തില്‍നിന്ന് ഒന്നും പഠിക്കാത്തവര്‍ക്ക് സമാനമായ ദുര്‍വിധിയാണ് വരാനിരിക്കുന്നത്. ബോഫോഴ്സ് കേസ് ഒന്നും സംഭവിക്കാതെ മാഞ്ഞുപോയി എന്നത് ഷിന്‍ഡെയുടെ രാഷ്ട്രീയ വിവരക്കേടാണെന്ന് ജെ.ഡി.യു നേതാവ് ശരദ് യാദവ് പറഞ്ഞു. ജനങ്ങള്‍ വേണ്ടനേരത്ത് ശരിയായ രീതിയില്‍ പ്രതികരിച്ചിട്ടുണ്ടെന്നും അത് തുടരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍