Sun, 09/16/2012 - 23:05 ( 35 weeks 4 daysago)
റയലിന് തോല്‍വി, ബാഴ്സ കുതിക്കുന്നു
മഡ്രിഡ്: പത്തു വര്‍ഷത്തിനിടെ സ്പാനിഷ് ഫുട്ബാള്‍ ലീഗില്‍ റയല്‍ മഡ്രിഡിന് ഏറ്റവും മോശം തുടക്കം. സെവിയ്യക്കെതിരെ ഞായറാഴ്ച 1-0ത്തിന് തോറ്റ റയലിന് പുതുസീസണില്‍ നാലു കളികളില്‍ നാലു പോയന്‍റ് മാത്രമാണുള്ളത്. ഓരോ സമനിലയും ജയവും നേടിയ നിലവിലെ ചാമ്പ്യന്മാര്‍ രണ്ടു മത്സരങ്ങളില്‍ തോല്‍വിയറിഞ്ഞു. അതേസമയം, റയലിന്‍െറ ബദ്ധവൈരികളായ ബാഴ്സലോണ വിജയക്കുതിപ്പ് തുടരുകയാണ്. പകരക്കാരനായിറങ്ങി ലയണല്‍ മെസ്സി നേടിയ ഇരട്ട ഗോളുകളുടെ മികവില്‍ ഗൈറ്റാഫെക്കെതിരെ 4-1നാണ് ബാഴ്സ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. അരമണിക്കൂര്‍ മാത്രം കളിച്ചാണ് മെസ്സി രണ്ടുവട്ടം വല കുലുക്കിയത്. നാലു കളിയും ജയിച്ച ബാഴ്സ 12 പോയന്‍റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു.
ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ പീറ്റര്‍ ട്രോച്ചോവ്സ്കി രണ്ടാം മിനിറ്റില്‍ നേടിയ ഗോളിലാണ് സെവിയ്യ സ്വന്തം തട്ടകത്തില്‍ മഡ്രിഡുകാരെ വീഴ്ത്തിയത്. ഇവാന്‍ റാകിറ്റിച്ച് തൊടുത്ത കോര്‍ണര്‍ കിക്കില്‍ ഏയ്ഞ്ചല്‍ ഡി മരിയയുടെ മാര്‍ക്കിങ് മറികടന്ന് ട്രോച്ചോവ്സ്കി റയല്‍ വലയിലേക്ക് വോളിയുതിര്‍ത്തു. റയലില്‍ താന്‍ സന്തോഷവാനല്ലെന്ന പ്രഖ്യാപനത്തിലൂടെ വാര്‍ത്താകേന്ദ്രമായ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോളിലേക്ക് രണ്ടുതവണ ഉന്നമിട്ടെങ്കിലും ഗോളി ആന്ദ്രേ പാലോപ് സെവിയ്യയുടെ രക്ഷക്കെത്തി. മധ്യനിരയില്‍ ജെസൂസ് നെവാസും സിസിഞ്ഞോയും മികച്ച ഒത്തിണക്കം കാട്ടിയപ്പോള്‍ കൗണ്ടര്‍ അറ്റാക്കിങ്ങില്‍ സെവിയ്യ എതിരാളികളെ മുള്‍മുനയില്‍ നിര്‍ത്തി.
ഇടവേളക്കുശേഷം ഡി മരിയയെയും മെസൂത് ഒസീലിനെയും മാറ്റി റയല്‍ കോച്ച് ജോസ് മൗറീന്യോ, പുതുതായി ടീമിലെത്തിയ ലൂക്കാ മോഡ്റിച്ചിനെയും കരീം ബെന്‍സേമയെയും കളത്തിലെത്തിച്ചു. 52ാം മിനിറ്റില്‍ മോഡ്റിച്ചിന്‍െറ ഗോളെന്നുറച്ച നീക്കം തടഞ്ഞ് പാലോപ് വീണ്ടം ആതിഥേയരെ തുണച്ചു. അടുത്ത മിനിറ്റില്‍ ലീഡുയര്‍ത്താനുള്ള ശ്രമം സെവിയ്യാ സ്ട്രൈക്കര്‍ ആല്‍വാരോ നെഗ്രഡോക്ക് മുതലെടുക്കാനായില്ല. അവസാന ഘട്ടത്തില്‍ സമനിലഗോളിനായി റയല്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും സെവിയ്യാ പ്രതിരോധം ഉറച്ചുനിന്നതോടെ തോല്‍വിതന്നെയായി ഫലം.
പ്രമുഖര്‍ പലരും പരിക്കിന്‍െറ പിടിയിലായതിനാല്‍ ക്രിസ്റ്റ്യന്‍ ടെല്ലോ, കാര്‍ലോസ് മൊണ്‍ടോയ, തിയാഗോ ആല്‍കാന്‍ററ, പെഡ്രോ തുടങ്ങിയവരെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ബാഴ്സ കളത്തിലെത്തിയത്. മെസ്സിക്കു പുറമെ, ആന്ദ്രേ ഇനിയസ്റ്റ, അലക്സി സാഞ്ചസ്, യാവിയര്‍ മഷറാനോ, ഡാനി ആല്‍വെസ് തുടങ്ങിയവരും പ്ളേയിങ് ഇലവനിലില്ലായിരുന്നു.
സ്വതസ്സിദ്ധമായ താളം പുറത്തെടുക്കാനാവാതെ കുഴഞ്ഞ ബാഴ്സ 32ാം മിനിറ്റില്‍ ബ്രസീലിയന്‍ ഫുള്‍ബാക്ക് അഡ്രിയാനോയിലൂടെയാണ് ലീഡ് നേടിയത്. കളം നിറഞ്ഞുകളിച്ച സെസ് ഫാബ്രിഗാസിന്‍െറ പാസില്‍നിന്നായിരുന്നു ഗോള്‍.
രണ്ടാം പകുതിയിലും ബാഴ്സ മേധാവിത്വം തുടര്‍ന്നെങ്കിലും മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ചയില്ലാതെ പോയി. കളി ഒരു മണിക്കൂര്‍ പിന്നിടവേ, മെസ്സിയെ കളത്തിലെത്തിക്കാന്‍ കോച്ച് ടിറ്റോ വിലാനോവ നിര്‍ബന്ധിതനായി. ഇതോടെ കരുത്തുകാട്ടിയ ബാഴ്സക്കുവേണ്ടി 74ാം മിനിറ്റില്‍ മെസ്സി ലീഡുയര്‍ത്തി. പെഡ്രോയെ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി മെസ്സി വലയിലെത്തിക്കുകയായിരുന്നു. നാലു മിനിറ്റിനുശേഷം ഫാബ്രിഗസിന്‍െറ പാസില്‍ മെസ്സി വീണ്ടും ഗോളിലേക്ക് നിറയൊഴിച്ചു. നാലു ലീഗ് മത്സരങ്ങളില്‍ മെസ്സിയുടെ ഗോള്‍ സമ്പാദ്യം ഇതോടെ ആറായി ഉയര്‍ന്നു.
80ാം മിനിറ്റില്‍ പാബ്ളോ സരബിയാസിന്‍െറ ഷോട്ട് അഡ്രിയാനോയുടെയും പിന്നീട് മഷറാനോയുടെയും ദേഹത്തുതട്ടി വലയിലേക്ക് വഴി മാറിയതോടെ ഗെറ്റാഫെക്ക് ആശ്വാസമായി. പകരക്കാരനായി കളത്തിലെത്തിയ ഡേവിഡ് വിയ്യ ഇഞ്ചുറി ടൈമിലാണ് ബാഴ്സയുടെ നാലാം ഗോള്‍ നേടിയത്.
മലാഗ 3-1ന് ലെവന്‍െറയെ കീഴടക്കി 10 പോയന്‍റുമായി രണ്ടാം സ്ഥാനത്തുനില്‍ക്കുന്നു. സ്പാനിഷ് ലീഗ് ചരിത്രത്തില്‍ മലാഗയുടെ ഏറ്റവും മികച്ച തുടക്കമാണിത്. ആദ്യ ഗോള്‍ നേടുകയും മറ്റൊന്നിന് ചരടുവലിക്കുകയും ചെയ്ത് അര്‍ജന്‍റീനാ സ്ട്രൈക്കര്‍ യാവിയര്‍ സാവിയോളയാണ് മലാഗാ നിരയില്‍ തിളങ്ങിയത്. സെല്‍റ്റ വിഗോയെ 1-2ന് കീഴടക്കിയ വലന്‍സിയ സീസണില്‍ ആദ്യജയം സ്വന്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍