12:30:26
18 May 2013
Saturday
Facebook
Twitter
Rssfeed

വിഴിഞ്ഞം ലൈറ്റ്ഹൗസ് പൈതൃക പട്ടികയിലേക്ക്

വിഴിഞ്ഞം: പായ്ക്കപ്പല്‍ മുതല്‍ ആധുനിക കപ്പലുകള്‍ക്കുവരെ ദിശകാട്ടിയ വിഴിഞ്ഞം ലൈറ്റ് ഹൗസിനെ ദേശീയ പൈതൃക സ്വത്തുകളുടെ പട്ടികയിലേക്ക് ഉയര്‍ത്തുന്നു.
ലൈറ്റ് ഹൗസിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനും തീരുമാനിച്ചു. ദേശീയ ലൈറ്റ് ഹൗസ് ദിനമായ സെപ്റ്റംബര്‍ 21ന് വിപുലമായ പരിപാടികളും ഇതിനോടനുബന്ധിച്ച് വിഴിഞ്ഞം ലൈറ്റ് ഹൗസില്‍ നടത്തും.
എമര്‍ജിങ് കേരളയുടെ സമാപനദിനത്തിലാണ് കേന്ദ്ര ഷിപ്പിങ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിഴിഞ്ഞം ലൈറ്റ് ഹൗസിനെയും കോഴിക്കോട്ടെ കടലൂര്‍ പോയന്‍റ് ലൈറ്റ് ഹൗസിനെയും ടൂറിസ്റ്റ് കേന്ദ്രങ്ങളായി വികസിപ്പിക്കാന്‍ തെരഞ്ഞെടുത്തിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ജി.കെ. വാസന്‍ അറിയിച്ചിരുന്നു. ലൈറ്റ് ഹൗസ് നവീകരിക്കും.
ലൈറ്റ് ഹൗസും അനുബന്ധ സ്ഥലങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തില്‍ മാറ്റും. അതിന് കേന്ദ്രത്തില്‍ നിന്ന് പ്രത്യേക ഫണ്ട് അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഇതുസംബന്ധിച്ച് മന്ത്രാലയത്തിന്‍െറ കീഴില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഏതാനും മാസം മുമ്പ് കേന്ദ്ര ഷിപ്പിങ് മന്ത്രാലയ സെക്രട്ടറിയും കേരള ടൂറിസം വകുപ്പിലെ ഉന്നതരും വിഴിഞ്ഞം ലൈറ്റ് ഹൗസ് സന്ദര്‍ശിച്ചിരുന്നു.
ലൈറ്റ് ഹൗസും അനുബന്ധ സ്ഥലങ്ങളും ടൂറിസത്തിന് പ്രയോജനപ്പെടുത്തുന്നതിന്‍െറ സാധ്യതകള്‍ മനസ്സിലാക്കാനും പഠിക്കാനുമാണ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചത്.
തുടര്‍ന്ന് നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഷിപ്പിങ് മന്ത്രിയുടെ പ്രഖ്യാപനങ്ങളെന്നാണ് അറിയുന്നത്. ചെന്നൈ ലൈറ്റ് ഹൗസ് ആന്‍ഡ് ഷിപ്പിങ് ഡിപ്പാര്‍ട്ടുമെന്‍റില്‍ നിന്ന് അടുത്തയിടെ വിഴിഞ്ഞം ലൈറ്റ് ഹൗസിന് ചെറിയ ഫണ്ട് അനുവദിച്ചിരുന്നു. കാര്‍ പാര്‍ക്കിങ് ഏരിയ, ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങിയ സൗകര്യങ്ങള്‍ ആ ഫണ്ടുപയോഗിച്ച് നിര്‍മിച്ചുവരികയാണ്.
അതിന്‍െറ പണികള്‍ ഏകദേശം പൂര്‍ത്തയായി. ലൈറ്റ് ഹൗസ് ദിനത്തില്‍ ഇതിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കാനാണ് തീരുമാനം.
ആധുനിക ലൈറ്റ് ഹൗസ് ആരംഭിച്ചത് 1960 ഓടെയാണ്. എന്നാല്‍ ഇന്ന് വിഴിഞ്ഞത്തുള്ള ലൈറ്റ്ഹൗസ് സ്ഥാപിച്ചതും ലൈറ്റ് സര്‍വീസിങ് തുടങ്ങിയതും 1972 ജൂണ്‍ 30 ഓടെയാണ്. 2003 ല്‍ നവീകരണം നടത്തിയിരുന്നു. 37 നോട്ടിക്കല്‍ മൈല്‍ദൂരം പ്രകാശമെത്തും. 57 മീറ്റര്‍ ഉയരമാണ് ലൈറ്റ്ഹൗസിനുള്ളത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com