12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

ഹര്‍ത്താല്‍: ജില്ലയില്‍ ജനജീവിതം സ്തംഭിച്ചു

തിരുവനന്തപുരം: ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫും ബി.ജെ.പിയും നടത്തിയ ഹര്‍ത്താലില്‍ ജില്ലയില്‍ ജനജീവിതം സ്തംഭിച്ചു. സ്വകാര്യ ബസ് സര്‍വീസ് പൂര്‍ണമായും തടസ്സപ്പെട്ടതിനാല്‍ നിരവധി യാത്രക്കാര്‍ ദുരിതത്തിലായി.
റെയില്‍വേ സ്റ്റേഷനിലെത്തിയ യാത്രക്കാര്‍ വാഹനങ്ങള്‍ ലഭിക്കാതെ വലഞ്ഞു. ആശുപത്രികളിലേക്ക് പോകേണ്ട യാത്രക്കാര്‍ക്ക് പൊലീസ് റെയില്‍വേ സ്റ്റേഷനുകളില്‍ വാഹനസൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ആര്‍.സി.സി, മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളിലേക്ക് പോകേണ്ടവര്‍ക്ക് ആശുപത്രികളില്‍ നിന്നുള്ള ആംബുലന്‍സ് സൗകര്യവും ഒരുക്കിയിരുന്നു. തിരുവനന്തപുരത്തുനിന്ന് നാഗര്‍കോവിലിലേക്കുള്ള രണ്ട് സര്‍വീസുകള്‍ മാത്രമാണ് കെ.എസ്.ആര്‍.ടി.സി നടത്തിയത്.
സര്‍ക്കാര്‍ ഓഫിസുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും ബാങ്കുകളിലും ഹാജര്‍ കുറവായിരുന്നു. മിക്ക ഓഫിസുകളുടെയും പ്രവര്‍ത്തനം നിലച്ചു. ഔദ്യാഗിക കണക്കനുസരിച്ച് സെക്രട്ടേറിയറ്റില്‍ 35 ശതമാനം ജീവനക്കാര്‍ മാത്രമാണ് ജോലിക്കെത്തിയത്. കടകള്‍ തുറന്നില്ല. തലസ്ഥാനത്തെ ചാല, പാളയം മാര്‍ക്കറ്റുകള്‍ വിജനമായിരുന്നു. ലോറി ഉടമകള്‍ പണിമുടക്കില്‍ പങ്കെടുത്തതിനാല്‍ ചരക്കുനീക്കം സ്തംഭിച്ചു.ബസുകളും ടാക്സികളും ഓട്ടോകളും ലോറിയും അടക്കം ഓടിയില്ല. നഗരപ്രദേശങ്ങളില്‍ ബൈക്കുകളും ഏതാനും സ്വകാര്യവാഹനങ്ങളും നിരത്തിലിറങ്ങി. നഗരത്തിലെ പ്രധാന റോഡുകള്‍ പോലും വിജനമായി. വിവാഹം, വിമാനത്താവളം തുടങ്ങിയ ആവശ്യങ്ങള്‍ക്കുള്ള സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് അപൂര്‍വമായി നിരത്തിലിറങ്ങിയത്.
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള നിരവധി വാഹനങ്ങള്‍ അമരവിള, ആര്യങ്കാവ് ചെക്പോസ്റ്റുകളില്‍ നിര്‍ത്തിയിട്ടു.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് എല്‍.ഡി.എഫ്, ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. ബി.ജെ.പി പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡുകള്‍ മറിച്ചിട്ടു. സെക്രട്ടേറിയറ്റ് കവാടം ഉപരോധിച്ചു. എല്‍.ഡി.എഫ് പ്രതിഷേധം സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
എല്‍.ഡി.എഫ് നേതാക്കളായ എം. വിജയകുമാര്‍, മാത്യു ടി. തോമസ്, കടന്നപ്പള്ളി രാമചന്ദ്രന്‍, സത്യപാലന്‍, വി. സുരേന്ദ്രന്‍പിള്ള, വി. ഗംഗാധരന്‍ നാടാര്‍, സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, വി. ശിവന്‍കുട്ടി എം.എല്‍.എ, സി. ജയന്‍ബാബു, പി. രാമചന്ദ്രന്‍ നായര്‍, വെഞ്ഞാറമൂട് ശശി, എസ്.എസ് പോറ്റി, എ. സമ്പത്ത് എം.പി, എം.പി. അച്യുതന്‍ എം.പി, ജോര്‍ജ് സെബാസ്റ്റ്യന്‍, സി.പി.ഐ എം.എല്‍ നേതാവ് എം.കെ. ദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ബി.ജെ.പി ഏജീസ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ജില്ലാ പ്രസിഡന്‍റ് കരമന ജയന്‍ ഉദ്ഘാടനം ചെയ്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com