12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

ചെയര്‍മാന്‍െറയും ലീഗ് കൗണ്‍സിലറുടെയും വോട്ട് അസാധുവായി

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗസഭയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളുടെയും ഓരോ വോട്ട് അസാധുവായി. എല്‍.ഡി.എഫില്‍ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച കെ. ഭാസ്കരന്‍ മാസ്റ്ററുടെയും യു.ഡി.എഫിലെ മുസ്ലിം ലീഗ് കൗണ്‍സിലര്‍ വി. തസ്ലീമയുടെയും വോട്ടുകളാണ് അസാധുവായത്. ഭാസ്കരന്‍ മാസ്റ്റര്‍ക്ക് തന്നെ കിട്ടേണ്ട വോട്ടാണ് മറവിമൂലം അസാധുവായതെങ്കില്‍ തസ്ലീമ വരുത്തിയ അസാധു യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച കെ.വി. പ്രശാന്തിന് കിട്ടേണ്ട വോട്ടാണ് നഷ്ടപ്പെടുത്തിയത്. ഇത്മൂലം 20 അംഗങ്ങളുള്ള എല്‍.ഡി.എഫിന് 19ഉം 14 അംഗങ്ങളുള്ള യു.ഡി.എഫിന് 13ഉം വോട്ടുകളാണ് ലഭിച്ചത്. വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുഴുവന്‍ വോട്ടും സാധുവായി. പെരിഞ്ചേരി വാര്‍ഡില്‍ നിന്ന് ജയിച്ച ഭാസ്കരന്‍ മാസ്റ്റര്‍ 21ാമനായാണ് വോട്ട് ചെയ്യാനെത്തിയത്. ബാലറ്റ് പേപ്പറില്‍ തന്‍െറ പേരുള്ള കള്ളിയില്‍ ഗുണനചിഹ്നം രേഖപ്പെടുത്തിയെങ്കിലും പേപ്പറിന്‍െറ പുറത്ത് പേരെഴുതി ഒപ്പിടാന്‍ വിട്ടുപോയതാണ് തനിക്ക് തന്നെ കിട്ടേണ്ട വോട്ട് അസാധുവാക്കിയത്. വോട്ട് രേഖപ്പെടുത്തി ബാലറ്റ്പെട്ടിയില്‍ നിക്ഷേപിക്കാന്‍ പോകുന്നതിനിടെ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരിലൊരാള്‍ ഒപ്പിട്ടില്ലെന്ന് വിളിച്ചു പറഞ്ഞെങ്കിലും കേള്‍ക്കാത്തതിനാല്‍ പെട്ടിയില്‍ നിക്ഷേപിക്കുകയും ചെയ്തു. തൊട്ടടുത്ത നിമിഷംതന്നെ പേരെഴുതി ഒപ്പിട്ടില്ലെന്ന ബോധം ഉണ്ടായെങ്കിലും ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. പിന്നീട് ഏറെ നിരാശനായാണ് ഭാസ്കരന്‍ മാസ്റ്ററെ കാണാനായത്. വോട്ടെടുപ്പിന് മുമ്പെ റിട്ടേണിങ് ഓഫിസര്‍ ചെയ്യേണ്ട വിധം സംബന്ധിച്ചും പറഞ്ഞതില്‍ നിന്ന് എന്തെങ്കിലും വിട്ടുപോവുകയോ മാറിപ്പോവുകയോ ചെയ്താല്‍ അസാധുവാകുമെന്നും ഓര്‍മപ്പെടുത്തിയിരുന്നു. കൂടാതെ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്ക് വോട്ടെടുപ്പിനെ കുറിച്ച് പറഞ്ഞുകൊടുത്തതും ഭാസ്കരന്‍ മാസ്റ്ററാണത്രെ. എന്നിട്ടും പറ്റിയതെറ്റ് ഗുരുതരമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
യു.ഡി.എഫിലും ഒരു വോട്ട് അസാധുവായത് എല്‍.ഡി.എഫ് കേന്ദ്രത്തില്‍ നേരിയ ആശ്വാസത്തിന് വകനല്‍കി. നാലാങ്കേരിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വി. തസ്ലീമ കൗണ്‍സിലിലെ അവസാനത്തെ വോട്ടറായിരുന്നു. ബാലറ്റ് പേപ്പറില്‍ ഇരുസ്ഥാനാര്‍ഥികളുടെയും കോളത്തിലല്ലാതെ പേപ്പറിന്‍െറ ഒരു മൂലയില്‍ ഗുണനചിഹ്നം രേഖപ്പെടുത്തിയതാണ് തസ്ലീമയുടെ വോട്ട് അസാധുവാക്കിയത്. അശ്രദ്ധയാണ് വോട്ട് പാഴാകാന്‍ കാരണമായത്. ഇത് യു.ഡി.എഫ് അംഗങ്ങളിലും നിരാശക്ക് വഴിവെച്ചു. ഇക്കാരണത്താല്‍ വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ അതീവ ശ്രദ്ധയോടെയാണ് എല്ലാവരും വോട്ട് ചെയ്തത്. അതിനാല്‍ ആരുടെയും വോട്ട് അസാധുവായില്ല.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com