ദുബൈ: ദുബൈ ഇന്‍വെസ്റ്റ്മെന്‍റ് പാര്‍ക്ക്-രണ്ടില്‍ തടയണ പൊട്ടിയതിനെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ടു. ചില വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. സംഭവത്തെ തുടര്‍ന്ന് ഈ ഭാഗത്ത് ഗതാഗതം തടസ്സപ്പെട്ടു.
വ്യാഴാഴ്ച വൈകിട്ട് മൂന്നിനാണ് സംഭവം നടന്നതെങ്കിലും ഇതിന്‍െറ ദുരിതം ശനിയാഴ്ച ഉച്ച വരെ തുടര്‍ന്നു. ഇന്‍വെസ്റ്റ്മെന്‍റ് പാര്‍ക്കിന്‍െറ ചില ഭാഗങ്ങളിലുള്ള സ്വാഭാവിക തടയണകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നുണ്ട്. ഭൂമിക്കടിയില്‍ നിന്നുള്ള ഈ വെള്ളം, ഇവിടെയെത്തുന്ന വാഹനങ്ങളിലുള്ളവരും മറ്റും വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാറുണ്ട്. ചെടികള്‍ നനക്കാനും എടുക്കും.
ഇന്‍വെസ്റ്റ്മെന്‍റ് പാര്‍ക്ക്-രണ്ടിലെ ഇത്തരമൊരു തടയണയാണ് പൊട്ടിയത്. തടയണയുടെ ചില ഭാഗങ്ങളില്‍നിന്ന് മണ്ണ് ഇളകിയതോടെ വെള്ളം അതിശക്തമായി പുറത്തേക്ക് ഒഴുകി. ഇതിന്‍െറ പരിസരങ്ങളില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ കനത്ത കുത്തൊഴുക്കില്‍പ്പെട്ടു. ചെറിയ വാഹനങ്ങളില്‍ ചിലത് വെള്ളത്തില്‍ മുങ്ങിയപ്പോള്‍, പിക്കപ്പുകള്‍ ചെളിയില്‍ അകപ്പെട്ടു.
വ്യാഴാഴ്ച വൈകിട്ടുണ്ടായ സംഭവത്തെ തുടര്‍ന്ന് ഈ ഭാഗത്തെ റൗണ്ട്എബൗട്ട് വെള്ളത്തില്‍ മുങ്ങിയത് കാരണം ഈ സമയം അവിടെയെത്തിയ രണ്ടു ബസുകള്‍ കുടുങ്ങി. ഈ സാഹചര്യത്തില്‍, കൂടുതല്‍ അപകടം ഒഴിവാക്കാന്‍ ഇന്‍വെസ്റ്റ്മെന്‍റ് പാര്‍ക്ക്-രണ്ടിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്ന പ്രധാന സിഗ്നല്‍ അടക്കുകയും ഈ റോഡില്‍ ഗതാഗതം നിര്‍ത്തിവെക്കുകയും ചെയ്തു. സിഗ്നലിനും പൊട്ടിയ തടയണക്കും ഇടയിലെ ഏതാണ്ട് അഞ്ച് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരെ ദീര്‍ഘനേരത്തെ ശ്രമഫലമായാണ് പുറത്തെത്തിച്ചത്. ഡ്രെയിനേജില്‍നിന്ന് മലിന ജലം നീക്കം ചെയ്യുന്ന നിരവധി വലിയ വണ്ടികള്‍ ഉപയോഗിച്ച്, ഈ പ്രദേശത്ത് കെട്ടിക്കിടന്ന വെള്ളം വലിച്ചെടുത്താണ് പ്രശ്നം പരിഹരിച്ചതെന്ന് താനൂര്‍ സ്വദേശി എ.ടി. സലാം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ശനിയാഴ്ച രാവിലെ 11 മണി കഴിഞ്ഞാണ് ഗതാഗതം പുനരാരംഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍