യു.എസ്. എംബസി പരിസരത്ത് വാഹനങ്ങള്‍ക്കും നിയന്ത്രണം

മസ്കത്ത്: മുഹമ്മദ് നബിയെ അവഹേളിക്കുന്ന വിവാദ അമേരിക്കന്‍ സിനിമക്കെതിരെ ഒമാനിലും പ്രതിഷേധം ഉടലെടുത്തതോടെ മസ്കത്തിലെ യു.എസ്. എംബസി പരിസരത്തേക്ക് വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. എംബസിയുടെ സുരക്ഷ ശക്തമാക്കാന്‍ അധികൃതര്‍ രംഗത്തെത്തി. വൈകുന്നേരത്തോടെ അമേരിക്കന്‍ എംബസിയുടെ ഭാഗത്തേക്ക് വാഹനങ്ങള്‍ പോവുന്നത് അധികൃതര്‍ തടഞ്ഞു. റൂവി ഭാഗത്ത് നിന്നും ശാത്തി അല്‍ ഖുറം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ ജപ്പാന്‍ എംബസിയുടെ മുമ്പിലാണ് സുരക്ഷാ ഉദ്യേഗസ്ഥര്‍ തടഞ്ഞത്. മറ്റ് ഭാഗങ്ങളില്‍ നിന്നും എംബസി ഏരിയയിലേക്ക് വാഹനങ്ങള്‍ കടക്കുന്നതും തടഞ്ഞിരുന്നു.
ഇന്ത്യല്‍ എംബസി ഉള്‍പ്പെടെയുള്ള നയതന്ത്രകേന്ദ്രങ്ങളില്‍ സേവനങ്ങള്‍ക്കെത്തിയവര്‍ക്ക് വാഹനം ഡിപ്ളോമാറ്റിക് ഏരിയക്ക് പുറത്ത് നിര്‍ത്തി നടന്ന് പോവേണ്ടി വന്നു. പലരും വിവിധ എംബസികളില്‍ എത്തിപ്പെടാതെ തിരിച്ചു പോന്നു. വാഹനങ്ങളില്‍ സുരക്ഷാ പരിശോധന ശക്തമാക്കിയിട്ടുണ്ട്. വിവിധ ഭാഗങ്ങള്‍ സായുധ സേനയെ വിന്യസിച്ചിട്ടുണ്ട്.
മധ്യപൗരസ്ഥ്യ ദേശത്തെ അമേരിക്കന്‍ എംബസികള്‍ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ എംബസിക്ക് ചുറ്റും വന്‍ സുരക്ഷാ സന്നാഹങ്ങളാണ്. ആയുധമേന്തിയ പട്ടാളവും പോര്‍ വാഹനങ്ങളും കാണാമായിരുന്നു. അമേരിക്കന്‍ എംബസിയുടെ നാല് ഭാഗത്തും സായൂധ സേന നിലയുറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കന്‍ എംബസിയിലേക്ക് പ്രകടനമായെത്തിയവരെ പൊലീസ് തടഞ്ഞിരുന്നു. സമരം സമാധാനപരവും അക്രമ രഹിതവുമായിരുന്നു. എങ്കിലും ഏത് സമയവും അക്രമാസക്തമാകുമെന്ന് ഭയപ്പെടുന്നുവെന്നാണ് എംബസി പുറത്തിറക്കിയ സന്ദേശത്തില്‍ പറഞ്ഞത്. ദിവസം ചെല്ലന്തോറും മറ്റിടങ്ങളില്‍ പ്രതിഷേധത്തിന്‍െറ തീവ്രത കൂടി വരുന്ന പശ്ചാത്തലത്തിലാണ് വന്‍ സുരക്ഷാസന്നാഹം ഏര്‍പ്പെടുത്തിയത്. ഒമാന്‍ സര്‍ക്കാറിന്‍െറ സുരക്ഷാക്രമീകരണങ്ങളില്‍ യു.എസ്. എംബസി സംതൃപ്തി അറിയിച്ചിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus