കോയമ്പത്തൂര്‍: പെട്രോള്‍- ഡീസല്‍ വില വ്യത്യാസം എല്ലാ സമയത്തും ഒരേ പോലെയാണെന്ന് ഉറപ്പ് വരുത്തണമെന്നും ഇതിനായി കേന്ദ്ര സര്‍ക്കാര്‍ നയപരമായ തീരുമാനം കൈക്കൊള്ളണമെന്നും മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ ആര്‍.സി. ഭാര്‍ഘവ. കോയമ്പത്തൂരില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ പെട്രോളിന്‍െറയും ഡീസലിന്‍െറയും വില വ്യത്യാസം പത്തു രൂപയായിരുന്നത് പിന്നീട് 30 രൂപയായി ഉയര്‍ന്നു. നിലവില്‍ 22 രൂപയാണ് വ്യത്യാസം. വില വ്യത്യാസം പത്തു രൂപയായിരുന്നപ്പോള്‍ ഡീസല്‍ കാറുകളുടെ വില്‍പന 30 ശതമാനം മാത്രമായിരുന്നു. ഇപ്പോള്‍ 70 ശതമാനമായി ഉയര്‍ന്നു. അടുത്ത ആറു മാസത്തിനുശേഷം ഈ വ്യത്യാസം എത്രയായിരിക്കുമെന്ന് ആര്‍ക്കും പറയാനാവാത്ത സ്ഥിതിയാണ്. ഇതിന് മാറ്റം ഉണ്ടാവണമെന്നാണ് വാഹന നിര്‍മാതാക്കളുടെ ആഗ്രഹം. നിശ്ചിത വില വ്യത്യാസം സര്‍ക്കാര്‍ ഉറപ്പ് വരുത്തിയാല്‍ വാഹന നിര്‍മാതാക്കള്‍ക്ക് ഡീസല്‍ മെഷീനിലാണോ പെട്രോള്‍ മെഷീനിലാണോ നിക്ഷേപമിറക്കേണ്ടതെന്ന് തീരുമാനമെടുക്കാനാവും. ഇപ്പോഴത്തെ ഡീസല്‍ വിലവര്‍ധന ഡീസല്‍ വാഹനങ്ങളുടെ വിപണനത്തെ ബാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍