Sat, 09/15/2012 - 19:55 ( 35 weeks 3 daysago)
ഡേവിസ് കപ്പ്: യുവ ഇന്ത്യ കലക്കി
(+)(-) Font Size
ഡേവിസ് കപ്പ്: യുവ ഇന്ത്യ കലക്കി

ചണ്ഡിഗഢ്: സൂപ്പര്‍ താരങ്ങളില്ലാതെ ഇറങ്ങിയ ഇന്ത്യക്ക് വര്‍ധിത ഊര്‍ജം പകര്‍ന്ന് ഡേവിസ് കപ്പ് ടെന്നിസ് ഏഷ്യ ഓഷ്യാനിയ പ്ളേഓഫില്‍ യുവ തുര്‍ക്കികളുടെ വിളയാട്ടം. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ആദ്യ മൂന്നു മത്സരങ്ങളും ജയിച്ച യുവതാരങ്ങള്‍ 3-0ത്തിന്‍െറ ലീഡോടെ ഇന്ത്യയെ ഏഷ്യ ഓഷ്യാനിയ ഗ്രൂപ് ഒന്നില്‍തന്നെ നിലനിര്‍ത്തി. ആദ്യ ദിനത്തില്‍ യൂകി ഭാംബ്രിയുടെ ത്രസിപ്പിക്കുന്ന ജയത്തിന്‍െറ ആവേശത്തില്‍ കോര്‍ട്ടില്‍ മേധാവിത്വം സ്ഥാപിച്ച ഇന്ത്യ തുടര്‍ച്ചയായ രണ്ടു മത്സരങ്ങളില്‍ കൂടി വെന്നിക്കൊടി പാറിച്ച് അഞ്ചു മത്സരങ്ങളടങ്ങിയ പ്ളേഓഫ് പോരാട്ടത്തില്‍ വെല്ലുവിളികളില്ലാതെ വിജയികളായി.
രണ്ടാം സിംഗ്ള്‍സില്‍ വിഷ്ണു വര്‍ധന്‍ ന്യൂസിലന്‍ഡിന്‍െറ ജോസ് സ്റ്റതാമിനെതിരെ വിജയം നേടിയപ്പോള്‍ (സ്കോര്‍: 6-2, 6-7, 6-4, 6-2 ), തൊട്ടു പിന്നാലെ നടന്ന ഡബ്ള്‍സില്‍ വിഷ്ണു വര്‍ധന്‍-ദിവിജ് ശരണ്‍ സഖ്യവും വിജയം ആവര്‍ത്തിച്ചു. ന്യൂസിലന്‍ഡിന്‍െറ മൈക്കല്‍ വീനസ്-ഡാനിയല്‍ കിങ് ടര്‍ണര്‍ സഖ്യത്തെ 7-6, 4-6,6-3, 6-7, 6-3 എന്ന വാശിയേറിയ പോരാട്ടത്തിനുശേഷമാണ് കീഴടക്കിയത്.
അനായാസ ജയത്തോടെ ഗ്രൂപ് ഒന്നില്‍ ഇടം ഉറപ്പിച്ച ഇന്ത്യക്ക് 2013 സീസണിലും ഏഷ്യാ ഓഷ്യാനിയ റൗണ്ടില്‍ ഇതേ ഗ്രൂപ്പില്‍നിന്നും ലോക ഗ്രൂപ്പിലേക്ക് മത്സരിക്കാം.
ലിയാണ്ടര്‍ പേസ്, മഹേഷ് ഭൂപതി, രോഹന്‍ ബൊപ്പണ്ണ തുടങ്ങിയ ടോപ് സീഡുകളില്ലാതെയാണ് ഇന്ത്യ യുവ നിരയുമായി ഇക്കുറി പ്ളേഓഫിനിറങ്ങിയത്. റാങ്കിങ്ങില്‍ മുന്നിലുള്ള യൂകി ഭാംബ്രിയുടെ ത്രസിപ്പിക്കുന്ന ജയത്തോടെ ആദ്യ ദിനം തുടക്കം കുറിച്ച ഇന്ത്യക്ക് ആവേശം നല്‍കുന്നതായി തൊട്ടുപിന്നാലെ വിഷ്ണു വര്‍ധന്‍ നേടിയ ജയവും. രണ്ട് സെറ്റില്‍ തോറ്റുനിന്ന ശേഷമായിരുന്നു ഭാംബ്രി ഡാനിയല്‍ കിങ് ടര്‍ണറിനെതിരെ സിംഗ്ള്‍സില്‍ ജയിച്ചത്. വെള്ളിയാഴ്ച മഴമൂലം പാതിവഴിയില്‍ മുടങ്ങിയ മത്സരത്തിന്‍െറ തുടര്‍ച്ചയായിരുന്നു വിഷ്ണുവിന് ഇന്നലെ. ശനിയാഴ്ച വീണ്ടും ആരംഭിച്ചപ്പോള്‍ രണ്ട് സെറ്റും ഉജ്ജ്വല മികവോടെ പിടിച്ചെടുത്ത് വിഷ്ണു ഇന്ത്യയെ 2-0ന് മുന്നിലെത്തിച്ചു.
ഡബ്ള്‍സില്‍ വിഷ്ണുവും പുതുമുഖക്കാരനായ ദിവിജ് ശരണും അഞ്ച് സെറ്റ് നീണ്ട മത്സരത്തിനൊടുവിലാണ് വിജയം നേടിയത്. മൂന്നു മണിക്കൂറും 52 മിനിറ്റും കളിച്ച ഇന്ത്യന്‍ സഖ്യം ഏറ്റവും മികച്ച ടെന്നിസായിരുന്നു കോര്‍ട്ടില്‍ പുറത്തെടുത്തത്. 1995നുശേഷം ഇതാദ്യമായാണ് ഇവരില്‍ ആരും ഇല്ലാതെ ഇന്ത്യ ഡേവിസ് കപ്പില്‍ കളിക്കുന്നത്്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus