തിരുവനന്തപുരം: ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് കിടപ്പാടമില്ലാതെ അലഞ്ഞ യുവതിക്കും അഞ്ച് മക്കള്‍ക്കും പൊലീസ് തുണയായി. നഗരത്തില്‍ ശ്രീവരാഹം കുളത്തിന് സമീപം മാതാവിനൊപ്പം അഞ്ച് കുഞ്ഞ്മക്കളുമായി അലഞ്ഞു നടക്കുകയായിരുന്ന സിന്ധു (23)വിനെയും കുഞ്ഞുങ്ങളെയും ഫോര്‍ട്ട് പൊലീസ് വെള്ളിയാഴ്ച രാവിലെ സ്റ്റേഷനിലെത്തിച്ചു. പിന്നീട് ഇവരെ ജുവനൈല്‍ ജസ്റ്റിസ് മുമ്പാകെ ഹാജരാക്കി. ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് മാതാവിനൊപ്പം അഞ്ച്കുട്ടികളുമായി യുവതി തെരുവിലിറങ്ങിയത്.
മാതാവ് ശാന്ത ആക്രി സാധനങ്ങള്‍ വിറ്റ് കിട്ടുന്ന വരുമാനം കൊണ്ടാണ് ഇവര്‍ക്ക് വിശപ്പടക്കിയിരുന്നത്.ശ്രീവരാഹം കുളത്തിന് സമീപം രാവിലെ മുതല്‍ കഴിയുന്ന കുടുംബം രാത്രിയില്‍ ചാലയിലെ ഏതെങ്കിലും കടത്തിണ്ണയില്‍ അഭയം തേടുകയായിരുന്നു പതിവ്. ഒന്നരമാസമായി ഇങ്ങനെ ദിവസങ്ങള്‍ തള്ളിനീക്കിയിരുന്ന ഇവര്‍ക്ക് പൊലീസിന്‍െറ നടപടി ആശ്വാസമായി. കണ്ണന്‍ (ഏഴ്), ഷാന്‍ (മൂന്നര, സൂര്യ (രണ്ട്), മൂന്ന് മാസം പ്രായമായ കൈക്കുഞ്ഞ് സുനിത എന്നിവരുമായാണ് യുവതിയും മാതാവും അലഞ്ഞു നടന്നത്. ബീമാപള്ളിയില്‍ വാടകക്ക് താമസിക്കുകയായിരുന്നു സിന്ധുവും കുടുംബവും.
ഭര്‍ത്താവ് സ്ഥിരമായി മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കിയതോടെ വീട്ടുടമ ഇവരെ പുറത്താക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു വീടെടുക്കാന്‍ സ്വരൂപിച്ചിരുന്ന പണവും ഭര്‍ത്താവ് അപഹരിച്ചതോടെ ഗതിയില്ലാതെ തെരുവിലിറങ്ങുകയായിരുന്നു. ഫോര്‍ട്ട് എസ്.ഐ എ.കെ.ഷെറിയുടെ നേതൃത്വത്തിലായിരുന്നു ശ്രീവരാഹത്ത് നിന്ന് കുടുംബത്തെ സ്റ്റേഷനിലെത്തിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍