സുല്‍ത്താന്‍ ബത്തേരി: ടൗണില്‍ മത്സ്യ മാര്‍ക്കറ്റിലെ മുറികള്‍ പുനര്‍ലേലം നടത്തണമെന്ന ജനകീയ ആവശ്യം പഞ്ചായത്ത് ഭരണ നേതൃത്വം തള്ളി.
നിലവിലുള്ള കുത്തക വില്‍പന തുടരുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. മുറികളുടെ കൈവശാവകാശം നിലവിലുള്ളവരില്‍ തന്നെ നിലനിര്‍ത്തും. ആരോപണങ്ങളില്‍ ഭരണസമിതി ഇടപെടില്ല. ഉപയോഗശൂന്യമായ മത്സ്യ വില്‍പനയും അമിത വിലയും കര്‍ശനമായി തടയുമെന്ന് ഭരണസമിതി അറിയിച്ചിട്ടുണ്ട്. തുറക്കാത്ത സ്റ്റാളുകള്‍ ഉടന്‍ തുറന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ തിരിച്ചുപിടിക്കുമെന്നും ഭരണസമിതി അറിയിച്ചു.
തല്‍ക്കാലം നിലവിലുള്ളവര്‍ തന്നെ നാമമാത്രമായി സ്റ്റാളുകള്‍ തുറന്നേക്കുമെന്നാണ് സൂചന. മത്സ്യ മാര്‍ക്കറ്റിലെ 15ഓളം മുറികളില്‍ മൂന്ന് മുറികളില്‍ മാത്രമാണ് കച്ചവടം നടന്നത്. ബാക്കി മുറികള്‍ മാസങ്ങളായി പൂട്ടിക്കിടക്കുകയാണ്. മറ്റാരെയും കച്ചവടത്തിന് അനുവദിക്കാതെ കുത്തക നിലനിര്‍ത്താനാണ് ഈ തന്ത്രം.
മുറികളുടെ വാടക മാസങ്ങളായി കുടിശ്ശികയായിട്ടും പഞ്ചായത്ത് നടപടിയെടുത്തിരുന്നില്ല. ജില്ലയിലെ മറ്റു മാര്‍ക്കറ്റുകളെ അപേക്ഷിച്ച് ഇരട്ടിയോളമാണ് ഇവിടെ വില ഈടാക്കിയിരുന്നത്. മാര്‍ക്കറ്റില്‍ നിന്ന് വില്‍പന നടത്തിയ ഉപയോഗ ശൂന്യമായ മത്സ്യം കഴിച്ച് ഗുരുതര ആരോഗ്യ പ്രശ്നങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മാര്‍ക്കറ്റിനെതിരെ ജനകീയ പ്രക്ഷോഭം ഉയര്‍ന്നതോടെ പഞ്ചായത്ത് ഇടപെട്ട് കഴിഞ്ഞ ദിവസം സ്റ്റാളുകള്‍ അടപ്പിക്കുകയായിരുന്നു. എന്നാല്‍, സ്റ്റാള്‍ അടപ്പിച്ചതിന് പിന്നില്‍ ഒത്തുകളി മാത്രമാണെന്ന് യു.ഡി.എഫ് പക്ഷത്തു നിന്നുതന്നെ ആരോപണമുയര്‍ന്നിരുന്നു. പഞ്ചായത്ത് ഭരണ സമിതി തീരുമാനത്തിനെതിരെ ജനകീയ നീതിവേദി പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. ശനിയാഴ്ച വൈകീട്ട് ഗാന്ധിജങ്ഷനില്‍ നിന്ന് മാര്‍ക്കറ്റിലേക്ക് മാര്‍ച്ച് നടത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍