കൂടങ്കുളം: കൂടങ്കുളത്ത് വെള്ളിയാഴ്ച മൗനപ്രതിഷേധത്തിന്‍െറ ദിനം. ആണവ വിരുദ്ധ സമരസമതിയുടെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച കടലില്‍ നടത്തിയ മനുഷ്യമതില്‍ നിര്‍മിതിക്കിടെ തലയടിച്ച് വീണ് മരിച്ച സഹായത്തിന്‍െറ വിയോഗത്തില്‍ അനുശോചനമര്‍പ്പിച്ചാണ് മൗനവ്രത പ്രതിഷേധം സംഘടിപ്പിച്ചത്. സമരക്കാരെ ഭയപ്പെടുത്താന്‍ താഴ്ന്നു പറന്ന തീരദേശ സംരക്ഷണ സേനയുടെ വിമാനം കണ്ട് പരിഭ്രാന്തനായാണ് സഹായം പാറയില്‍ തലയിടിച്ച് വീണത്.
വ്യാഴാഴ്ച രാത്രി തന്നെ സഹായം മരിച്ചുവെന്ന് ബന്ധുക്കളെ നാഗര്‍കോവിലിലെ സ്വകാര്യ ആശുപത്രി അധികൃതര്‍ അറിയിച്ചുവെങ്കിലും പൊലീസിന്‍െറയും സര്‍ക്കാറിന്‍െറയും ഇടപെടലിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പിന്നീട് അത് മാറ്റി പറയുകയായിരുന്നു. സഹായം മരിച്ചുവെന്ന് കഴിഞ്ഞ ദിവസം തന്നെ ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇദ്ദേഹം അസുഖവും മറ്റും കാരണമാണ് മരിച്ചതെന്നും മരണത്തില്‍ പരാതിയില്ലെന്നും ബന്ധുക്കള്‍ എഴുതി നല്‍കണമെന്ന് പൊലീസിന്‍െറ നിര്‍ബന്ധ പ്രകാരം ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് വഴങ്ങില്ലെന്ന് സമര സമിതി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് സഹായത്തിന് മസ്തിഷ്ക മരണമേ സംഭവിച്ചുള്ളൂവെന്ന് പറഞ്ഞ് സ്വകാര്യ ആശുപത്രിയും നിലപാട് മാറ്റുകയായിരുന്നുവെന്ന് സമരസമിതി നേതാക്കള്‍ ആരോപിച്ചിരുന്നു.
സഹായത്തിന്‍െറ മരണം സംബന്ധിച്ച് ‘തര്‍ക്കം’ നിലനിന്നതോടെ നേരത്തെ പ്രഖ്യാപിച്ചത് പ്രകാരം തന്നെ രാവിലെ മുതല്‍ സമരസമിതി പ്രവര്‍ത്തകര്‍ കടലിലെ പ്രതിഷേധ സമരം രാവിലെ 11 മണിയോടെ പുനരാരംഭിച്ചിരുന്നു. വെള്ളിയാഴ്ചയും ആയിരങ്ങളാണ് സമരത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നത്. ജാഥയായി കടപ്പുറത്ത് എത്തിയ പുരുഷന്മാര്‍ കടലില്‍ ഇറങ്ങി കഴുത്തറ്റം വെള്ളത്തില്‍ കൈകോര്‍ത്ത് മനുഷ്യമതില്‍ തീര്‍ത്ത് സമരം ആരംഭിച്ചു.
പുരുഷന്മാരുടെ സമരത്തിന് പിന്നാലെ സ്ത്രീകള്‍ കടലില്‍ ഇറങ്ങി .ഉച്ചക്ക് ഒരു മണിയോടെയാണ് നാഗര്‍കോവിലില്‍നിന്ന് സഹായത്തിന്‍െറ മരണം ആശുപത്രി അധികൃതര്‍ ഔദ്യാഗികമായി സ്ഥിരീകരിച്ചുവെന്ന വിവരം സമരമുഖത്ത് എത്തിയത്. ഉടന്‍ തന്നെ സമര സമിതി നേതാക്കള്‍ എല്ലാവരോടും കടലില്‍നിന്ന് കരക്ക് കയറുവാനും ലൂര്‍ദ് മാതാപള്ളിയിലെ സമരപന്തലിലേക്ക് എത്താനും അറിയിച്ചു. പള്ളിയില്‍ നിന്ന് മരണം അറിയിച്ച് മണി മുഴങ്ങുന്നതിനിടെ സമരപന്തലില്‍ ഫാദര്‍ മൈപ്പയുടെ നേതൃത്വത്തില്‍ അനുശോചന സമ്മേളനം ആരംഭിച്ചു.
ഇതിനിടെ ആണവനിലയ വിരുദ്ധ സമരസമിതി നേതാവ് ഡോ. എസ്.പി. ഉദയകുമാര്‍ ഒളിവില്‍ നിന്ന് അനുയായികളോട് ഫോണിലൂടെ സംസാരിച്ചു. എല്ലാവരും മരിച്ചാലും ഇടിന്തകരൈയില്‍ ആണവനിലയത്തിന് എതിരായ പ്രതിഷേധം തുടരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കേരളത്തില്‍നിന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ കൂടങ്കുളം സന്ദര്‍ശിക്കുമെന്ന് പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നുവെന്നും ഉദയകുമാര്‍ പറഞ്ഞു.
മൂന്ന് പെണ്‍കുട്ടികളും ഒരു മകനും ഭാര്യയും അടങ്ങുന്ന സഹായത്തിന്‍െറ കുടുംബത്തെ സമരസമിതിയും നാട്ടുകാരും സംരക്ഷിക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു. സഹായത്തിന്‍െറ മരണത്തിന് കാരണം സര്‍ക്കാറിന്‍െറ ഭാഗത്ത് നിന്നുമുണ്ടായ അക്രമമാണെന്ന് ചൂണ്ടിക്കാട്ടി സമരസമിതി അധികൃതര്‍ക്ക് പരാതി നല്‍കി. സഹായം മരിച്ചത് കോസ്റ്റ്ഗാര്‍ഡ് വിമാനം താഴ്ത്തി പറപ്പിച്ചതിനെ തുടര്‍ന്ന് കടലിലേക്ക് ചാടുമ്പോള്‍ പാറയില്‍ തലയിടിച്ചാണെന്ന് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ മൃതദേഹം ഏറ്റുവാങ്ങേണ്ടെന്നാണ് സമരസമിതി തീരുമാനം.
ദുരന്തത്തിനിടയിലും ഇടിന്തകരൈയില്‍ ആറ് കുട്ടികളെ പൊലീസ് പിടികൂടിയതായും സൂചനയുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഒരു സ്ഥിരീകരണത്തിനും അധികൃതര്‍ തയാറായിട്ടില്ല. കഴിഞ്ഞ ദിവസം പിടികൂടിയ സൂനാമി കോളനി നിവാസികളായ 20 പേരെ ഒരു ദിവസം അനധികൃത കസ്റ്റഡിയില്‍ വെച്ച ശേഷം വെള്ളിയാഴ്ചയാണ് എഫ്.ഐ.ആര്‍ തയാറാക്കി കോടതിയില്‍ ഹാജരാക്കാന്‍ തയാറായത്. അതിനിടെ വിഴിഞ്ഞം മുതല്‍ പോണ്ടിച്ചേരി വരെയുള്ള 13 മത്സ്യത്തൊഴിലാളി ഗ്രാമങ്ങളില്‍ വെള്ളിയാഴ്ചയും മത്സ്യത്തൊഴിലാളികള്‍ പണിമുടക്കി. കഴിഞ്ഞ ഒമ്പതാം തീയതി മുതല്‍ ഇടിന്തകരൈയിലേക്കും കൂടങ്കുളത്തേക്കുമുള്ള ബസ് സര്‍വീസ് തടഞ്ഞിരിക്കുകയാണ്. സൂനാമി കോളനി നിവാസികളെ വീടുകളില്‍ മടങ്ങിയെത്താനും പൊലീസ് അനുവദിക്കുന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍