12:30:26
20 May 2013
Monday
Facebook
Twitter
Rssfeed

ഡീസല്‍ വില: സഖ്യകക്ഷികള്‍ കോണ്‍ഗ്രസിനെതിരെ

ഡീസല്‍ വില: സഖ്യകക്ഷികള്‍ കോണ്‍ഗ്രസിനെതിരെ

ന്യൂദല്‍ഹി: ഡീസല്‍ വിലവര്‍ധനക്കും പാചകവാതക സബ്സിഡി പരിമിതപ്പെടുത്തിയതിനുമെതിരെ രാജ്യവ്യാപക പ്രതിഷേധം. കേന്ദ്രസര്‍ക്കാറിന്‍െറ തീരുമാനത്തിനെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രതിഷേധം അലയടിക്കുകയാണ്.
പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം ഭരണപക്ഷത്തെ പ്രമുഖ കക്ഷികളും രംഗത്തുവന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. കോണ്‍ഗ്രസിനകത്തും ഇക്കാര്യത്തില്‍ എതിരഭിപ്രായങ്ങളുണ്ട്. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ വിവിധ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും തീരുമാനം പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ദല്‍ഹി, അമൃതസര്‍, കാണ്‍പൂര്‍, ലഖ്നോ, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ അരങ്ങേറി. ദല്‍ഹിയില്‍ ഭരണസിരാകേന്ദ്രങ്ങളില്‍ വിവിധ സംഘടനകള്‍ മാര്‍ച്ച് നടത്തി. ഇന്ധന മാഫിയയുമായി ചേര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാരെ കൊള്ളയടിക്കുകയാണെന്ന് മുഖ്യപ്രതിപക്ഷമായ ബി.ജെ.പി കുറ്റപ്പെടുത്തി. ഈ മേഖലയിലെ സ്വകാര്യ കമ്പനികളുടെ താല്‍പര്യങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. വന്‍തോതിലുള്ള വിലക്കയറ്റത്തിലേക്ക് നയിക്കുന്ന തീരുമാനം തിരുത്താതെ യു.പി.എ സര്‍ക്കാറിനെ മുന്നോട്ടുപോകാന്‍ അനുവദിക്കില്ലെന്ന് പാര്‍ട്ടി നേതാവ് മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. ഡീസല്‍വില കൂട്ടിയതും എല്‍.പി.ജി സബ്സിഡി വെട്ടിക്കുറച്ചതും തന്നെ ഞെട്ടിപ്പിച്ചതായും തീരുമാനം അംഗീകരിക്കില്ലെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. വിലവര്‍ധനക്കെതിരെ ശനിയാഴ്ച കൊല്‍ക്കത്തയില്‍ ബഹുജനറാലി സംഘടിപ്പിക്കാനും തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
ഡീസല്‍ വിലവര്‍ധന തങ്ങളുമായി ആലോചിച്ചിട്ടില്ലെന്ന് യു.പി. എ ഘടകകക്ഷി ഡി.എം. കെ വ്യക്തമാക്കി. സാധാരണക്കാരന്‍െറ ജീവിതഭാരമേറ്റുന്ന തീരുമാനം പിന്‍വലിക്കണമെന്ന് ഡി.എം.കെ ആവശ്യപ്പെട്ടു. യു.പി.എയുടെ ഭാഗമായ എന്‍.സി.പിയും തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. യു.പി.എ സര്‍ക്കാറിനെ പുറത്തുനിന്ന് പിന്തുണക്കുന്ന മുലായം സിങ്ങും ലാലുപ്രസാദ് യാദവും വര്‍ധനയില്‍ പ്രതിഷേധം അറിയിച്ചു. യു.പി.എയുടെ ജനവിരുദ്ധമുഖം ഒരിക്കല്‍കൂടി വെളിവാക്കപ്പെട്ടതായി സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കേന്ദ്രനയങ്ങള്‍ സാധാരണക്കാരനെ കൂടുതല്‍ ദുരിതത്തിലാക്കുകയാണെന്ന് സി.പി.ഐ നേതാവ് ഗുരുദാസ് ദാസ്ഗുപ്ത പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com