ടോക്യോ: കിഴക്കന്‍ ചൈന കടലിലെ തര്‍ക്കപ്രദേശമായ ദിയോയു ദ്വീപുകള്‍ക്കു സമീപം ചൈനയുടെ ആറ് കപ്പലുകള്‍ എത്തി. ജപ്പാന്‍ സര്‍ക്കാര്‍ വൃത്തങ്ങളും തീരരക്ഷാ സേനയുമാണ് ഇക്കാര്യം അറിയിച്ചത്. ദ്വീപുകളുടെ ഉടമസ്ഥതയെച്ചൊല്ലി ചൈനയും ജപ്പാനും തര്‍ക്കത്തിലാണ്. ദ്വീപുകളില്‍ തായ്വാനും അവകാശം ഉന്നയിച്ചുവരുന്നുണ്ട്.
ദ്വീപുകള്‍ ഈയാഴ്ചയുടെ ആദ്യത്തില്‍ ജപ്പാന്‍ ദേശസാത്കരിച്ചതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. ചൈന ദിയോയു എന്നും ജപ്പാന്‍ സെന്‍കാക്കു എന്നും വിളിക്കുന്ന ദ്വീപസമൂഹത്തിന് ചുറ്റും വന്‍തോതില്‍ മത്സ്യസമ്പത്തും കപ്പല്‍പാതയുമുണ്ട്.
ജപ്പാന്‍െറ മുന്നറിയിപ്പ് വകവെക്കാതെ മൂന്ന് ചൈനീസ് കപ്പലുകള്‍ അവരുടെ ജല അതിര്‍ത്തിയില്‍ നങ്കൂരമിട്ടിരിക്കുകയാണ്. മൂന്ന് ചൈനീസ് കപ്പലുകള്‍ 12 നോട്ടിക്കല്‍ മൈലുകള്‍ക്ക് ദൂരെയും നിലയുറപ്പിച്ചിട്ടുണ്ട്. ദ്വീപുകളുടെ സമീപത്തുനിന്ന് ജപ്പാന്‍ കപ്പലുകള്‍ ഒഴിഞ്ഞുപോകണമെന്ന് ചൈനയുടെ പട്രോള്‍ കപ്പല്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
ഒരു പ്രകോപനവുമില്ലാതെ ചൈനീസ് കപ്പലുകള്‍ തങ്ങളുടെ ജല അതിര്‍ത്തിയില്‍ പ്രവേശിച്ചിരിക്കുകയാണെന്ന് ജപ്പാന്‍ ചീഫ് കാബിനറ്റ് സെക്രട്ടറി ഒബാമു ഫുജിയും ടോക്യോയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സംഭവത്തില്‍ അദ്ദേഹം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
ടോക്യോയിലെ ചൈനീസ് അംബാസഡര്‍ ടിങ് യോങ്ഹുവയെ വിളിപ്പിച്ച് ജപ്പാന്‍ ഉപവിദേശമന്ത്രി ചികാവോ കവായി പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
അതേസമയം, ചൈനയുടെ വിവിധ നഗരങ്ങളില്‍ ജപ്പാന്‍വിരുദ്ധപ്രക്ഷോഭം വ്യാപകമായി. ജപ്പാനില്‍നിന്നുള്ള ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു.
തങ്ങളുടെ ആറ് കപ്പലുകള്‍ ദിയോയു ദ്വീപുകള്‍ക്ക് സമീപം എത്തിയതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ദ്വീപുകള്‍ തങ്ങളുടെ അധികാരപരിധിയില്‍ വരുന്നതാണെന്ന് അവര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍