കൈറോ: പ്രവാചകന്‍ മുഹമ്മദിനെ അവഹേളിക്കുന്ന സിനിമക്കെതിരായ പ്രതിഷേധപ്രകടനങ്ങള്‍ അറബ്ലോകത്ത് തുടരുന്നു. ലിബിയയിലെ ബെന്‍ഗാസിയില്‍ അമേരിക്കന്‍ അംബാസഡര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ കൂടുതല്‍ അറബ് രാജ്യങ്ങളിലേക്ക് വ്യാപിച്ച പ്രതിഷേധം വെള്ളിയാഴ്ചയും കൂടുതല്‍ ശക്തിയോടെ തുടര്‍ന്നു.
ഈജിപ്തിലാണ് വെള്ളിയാഴ്ച കാര്യമായ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയത്. കഴിഞ്ഞ രണ്ടു ദിവസമായി കൈറോയിലെ അമേരിക്കന്‍ എംബസി ഉപരോധിച്ച സമരക്കാര്‍ ഇവിടെനിന്ന് മാറി തഹ്രീര്‍ സ്ക്വയറിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്. ജുമുഅ നമസ്കാരാനന്തരം ‘മില്യന്‍ മാര്‍ച്ചിന്’ പ്രമുഖ ഇസ്ലാമിക സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍, മുസ്ലിം ബ്രദര്‍ഹുഡ് ഉള്‍പ്പെടെയുള്ള ഏതാനും സംഘടനകള്‍ ഇതില്‍ നിന്ന് പിന്മാറി. തുടര്‍ന്ന് പള്ളികള്‍ക്ക് മുന്നില്‍ സമാധാന ധര്‍ണകള്‍ നടത്തുകയായിരുന്നു. ലിബിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സമാധാനപരവും പ്രതീകാത്മകവുമായ പ്രതിഷേധങ്ങളാണ് അഭികാമ്യമെന്ന് ബ്രദര്‍ഹുഡ് സെക്രട്ടറി മഹ്മൂദ് ഹുസൈന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേസമയം, തഹ്രീര്‍ സ്ക്വയറില്‍ ഇന്നലെയും പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറി. ഇവിടെനിന്ന് എംബസിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യം ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഏതാനും പേര്‍ക്ക് പരിക്കേറ്റു. എംബസിയിലും പരിസരത്തും ശക്തമായ സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നാലുപേര്‍ കൊല്ലപ്പെട്ട യമനിലും വെള്ളിയാഴ്ച പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. സുഡാനില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളും അക്രമാസക്തമായി.
അതിനിടെ, യു.എസ് അംബാസഡറുടെ വധവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തതായി ലിബിയന്‍ ഭരണകൂടം അറിയിച്ചു. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. നേരത്തേ, അന്‍സാര്‍ അശ്ശരീഅ എന്ന പോരാളി സംഘടനക്ക് സംഭവത്തില്‍ പങ്കുള്ളതായി അമേരിക്ക ആരോപിച്ചിരുന്നു. എന്നാല്‍, ഇതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് ലിബിയന്‍ ആഭ്യന്തര സഹമന്ത്രി വാനിസ് അല്‍ശരീഫ് പറഞ്ഞു. അമേരിക്ക നടത്തുന്ന അന്വേഷണങ്ങളോട് സഹകരിക്കുമെന്ന് കഴിഞ്ഞ ദിവസം ചുമതലയേറ്റ പ്രധാനമന്ത്രി മുസ്തഫ അബുഷഗുര്‍ പറഞ്ഞു.
മൂണ്‍ അപലപിച്ചു
യുനൈറ്റഡ് നാഷന്‍സ്: പ്രവാചകന്‍ മുഹമ്മദിനെ അപലപിക്കുന്ന വിവാദ സിനിമക്കെതിരെ വിമര്‍ശവുമായി യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. സിനിമ ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിച്ച നടപടിയെ അപലപിച്ച മൂണ്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ രക്തച്ചൊരിച്ചിലിന് കാരണമാകുമെന്ന് അഭിപ്രായപ്പെട്ടു.
പ്രവാചക നിന്ദക്കെതിരായ പ്രതിഷേധം പല രാജ്യങ്ങളിലും സംഘര്‍ഷത്തിലേക്ക് വഴിവെച്ചത് അംഗീകരിക്കാനാവില്ല. ഇതിന്‍െറ പേരില്‍ ആളുകളെ കൊല ചെയ്യുന്നത് നീതീകരിക്കാനാവില്ല. ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ തന്നെ അസ്വസ്ഥനാക്കുന്നതായും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. കൂടുതല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സുതാര്യമായ ചര്‍ച്ചകളാണ് വേണ്ടതെന്നും മൂണ്‍ കൂട്ടിച്ചേര്‍ത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍