12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ചു

ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ചു

ന്യൂദല്‍ഹി: കടുത്ത എതിര്‍പ്പുമൂലം മാറ്റിവെച്ച വിവാദ നീക്കങ്ങള്‍ കേന്ദ്രമന്ത്രിസഭ വീണ്ടും മുന്നോട്ടുനീക്കി. ബഹുബ്രാന്‍ഡ് ചില്ലറവ്യാപാരത്തില്‍ 51 ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപം (എഫ്.ഡി.ഐ) അനുവദിക്കാനുള്ള നടപടികളുമായി കേന്ദ്രം മുന്നോട്ടുപോകും. ഇന്ത്യന്‍ വിമാനക്കമ്പനികളില്‍ വിദേശ വിമാനക്കമ്പനികള്‍ക്ക് 49 ശതമാനം വരെ എഫ്.ഡി.ഐ അനുവദിച്ചു.
മരവിപ്പിച്ചുനിര്‍ത്തിയിരുന്ന ഓഹരിവില്‍പന നടപടികള്‍ക്ക് വേഗം പകര്‍ന്ന്, അഞ്ചു സ്ഥാപനങ്ങളുടെ നിശ്ചിത ശതമാനം ഓഹരി വിറ്റഴിക്കാനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഇന്ധനവില വര്‍ധിപ്പിച്ചതിന് തൊട്ടുപിറ്റേന്നു ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് പരിഷ്കരണ നടപടികള്‍ വേഗത്തിലാക്കുന്ന വിവിധ തീരുമാനങ്ങള്‍ കൈക്കൊണ്ടത്. റീട്ടെയില്‍ എഫ്.ഡി.ഐ, ഇന്ധന വിലവര്‍ധന എന്നിവ സംബന്ധിച്ച തീരുമാനം മൂന്നു ദിവസത്തിനകം (72 മണിക്കൂര്‍) പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസിന്‍െറ പ്രധാന സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് അന്ത്യശാസനം നല്‍കിയിരിക്കുകയാണ്.
തൃണമൂല്‍ കോണ്‍ഗ്രസ് ഉടക്കിയതിനെ തുടര്‍ന്നാണ്, റീട്ടെയില്‍ എഫ്.ഡി.ഐ അനുവദിക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ഡിസംബറില്‍ മരവിപ്പിച്ചത്. തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളുമായി സര്‍ക്കാര്‍ കൂടിയാലോചന നടത്തി. താല്‍പര്യമുള്ള സംസ്ഥാനങ്ങള്‍ മാത്രം ചില്ലറവ്യാപാരത്തില്‍ പ്രത്യക്ഷ വിദേശനിക്ഷേപം അനുവദിച്ചാല്‍ മതിയെന്ന വിശദീകരണത്തോടെയാണ് മന്ത്രിസഭ വെള്ളിയാഴ്ച അന്തിമ തീരുമാനം എടുത്തത്. കേരളം, ബിഹാര്‍, കര്‍ണാടക, മധ്യപ്രദേശ്, ത്രിപുര, ഒഡിഷ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ റീട്ടെയില്‍ എഫ്.ഡി.ഐക്ക് എതിരാണ്.
റീട്ടെയില്‍ രംഗത്ത് വിദേശനിക്ഷേപം കൊണ്ടുവരുന്നതില്‍ ഏകകണ്ഠമായ തീരുമാനമില്ലെങ്കിലും, സംസ്ഥാനങ്ങള്‍ക്കിടയില്‍ സമവായമുണ്ടെന്ന് വാണിജ്യമന്ത്രി ആനന്ദ് ശര്‍മ വിശദീകരിച്ചു. വിദേശ കമ്പനികള്‍ വരണമെന്ന് ആഗ്രഹിക്കുന്ന സംസ്ഥാനങ്ങളെ മറ്റുള്ളവര്‍ എതിര്‍ക്കേണ്ടതില്ല. സ്വന്തം സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്നില്ല എന്ന് തീരുമാനിച്ചാല്‍ മതി. ഒറ്റബ്രാന്‍ഡ് ചില്ലറവില്‍പനയില്‍ 100 ശതമാനം എഫ്.ഡി.ഐ നേരത്തേ അനുവദിച്ചിരുന്നു. രണ്ടു വിഭാഗങ്ങളിലും 30 ശതമാനം ഉല്‍പന്നങ്ങള്‍ രാജ്യത്തെ ചെറുകിട-ഇടത്തരം സ്ഥാപനങ്ങളില്‍നിന്ന് വാങ്ങണമെന്ന വ്യവസ്ഥ വെച്ചിട്ടുണ്ട്. ഇത് ആഭ്യന്തര വ്യവസായം പ്രോത്സാഹിപ്പിക്കുമെന്ന് ആനന്ദ് ശര്‍മ വിശദീകരിച്ചു.
മള്‍ട്ടിബ്രാന്‍ഡ് ചില്ലറവ്യാപാരത്തില്‍ വിദേശ വ്യവസായികള്‍ നടത്തേണ്ട പ്രത്യക്ഷ വിദേശനിക്ഷേപം ചുരുങ്ങിയത് 10 ലക്ഷം ഡോളറാണ്. ഇതില്‍ പകുതി ഗ്രാമീണ മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് നീക്കിവെക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 10 കിലോമീറ്റര്‍ ചുറ്റളവില്‍ 10 ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള നഗരങ്ങളിലാണ് റീട്ടെയില്‍ കേന്ദ്രങ്ങള്‍ അനുവദിക്കുക. എന്നാല്‍, അത്തരത്തില്‍ ഒരു നഗരമില്ലാത്ത സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഇളവ് അനുവദിക്കും. വിജ്ഞാപനം അടുത്ത ദിവസം പുറപ്പെടുവിക്കും.
ഇന്ത്യന്‍ വിമാനക്കമ്പനികളില്‍ വിദേശ വിമാനക്കമ്പനികള്‍ക്ക് 40 ശതമാനം എഫ്.ഡി. ഐ അനുവദിച്ചതിനു പുറമെ, ഊര്‍ജ വ്യാപാര മേഖലയിലും 49 ശതമാനം പ്രത്യക്ഷ വിദേശനിക്ഷേപം അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബ്രോഡ്കാസ്റ്റിങ് വ്യവസായത്തില്‍ പ്രത്യക്ഷ വിദേശനിക്ഷേപം ഏകീകരിച്ചു. പരിധി 49 ശതമാനത്തില്‍നിന്ന് 74 ശതമാനം വരെയാക്കി.
അഞ്ചു പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കാനുള്ളതാണ് മറ്റൊരു തീരുമാനം. ഹിന്ദുസ്ഥാന്‍ കോപ്പര്‍-9.5 ശതമാനം, ഓയില്‍ ഇന്ത്യ-10 ശതമാനം, എം.എം.ടി.സി-9.33 ശതമാനം, നാഷനല്‍ അലൂമിനിയം കമ്പനി-12.5 ശതമാനം, റെയില്‍വേക്ക് കീഴിലെ റൈറ്റ്സ്-10 ശതമാനം എന്നീ ക്രമത്തിലാണ് ഓഹരി വില്‍ക്കുന്നത്. കൂടുതല്‍ തസ്തികകള്‍ അനുവദിക്കുന്നതടക്കം പ്രസാര്‍ ഭാരതിയില്‍ പുന$സംഘടന നടത്താനും മന്ത്രിസഭ തീരുമാനിച്ചു.
മന്ത്രിസഭാ യോഗത്തില്‍ തൃണമൂലിന്‍െറ ഏക കാബിനറ്റ് മന്ത്രി മുകുള്‍ റോയ് പങ്കെടുത്തില്ല. ഇന്ധനവില വര്‍ധിപ്പിച്ച രാഷ്ട്രീയകാര്യ മന്ത്രിതല സമിതി യോഗത്തിലും തൃണമൂല്‍ മന്ത്രി പങ്കെടുത്തിരുന്നില്ല. തൃണമൂല്‍ കോണ്‍ഗ്രസിന് അവരുടേതായ പരിമിതികളും അവകാശങ്ങളുമുണ്ടെന്നായിരുന്നു ഇതേക്കുറിച്ച് മന്ത്രി ആനന്ദ് ശര്‍മ പ്രതികരിച്ചത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com