എനര്‍ജി ഡ്രിങ്കുകള്‍ക്ക് നിയന്ത്രണം കര്‍ശനമാക്കി

എനര്‍ജി ഡ്രിങ്കുകള്‍ക്ക് നിയന്ത്രണം കര്‍ശനമാക്കി

ദുബൈ: യു.എ.ഇയില്‍ എനര്‍ജി ഡ്രിങ്ക് (ഊര്‍ജദായക പാനീയം) വില്‍പനക്ക് ഏര്‍പെടുത്തിയ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. അജ്മാനിലെ പുതിയ വ്യവസായ മേഖലയില്‍ കാലാവധി കഴിഞ്ഞ എനര്‍ജി ഡ്രിങ്ക് ശേഖരം പിടികൂടിയ സാഹചര്യത്തില്‍ രാജ്യത്തിന്‍െറ എല്ലാ ഭാഗങ്ങളിലും വരും ദിവസങ്ങളില്‍ പരിശോധന നടത്തും.
വ്യവസായ മേഖല കേന്ദ്രീകരിച്ച് വന്‍ തട്ടിപ്പ് നടത്തുകയായിരുന്ന സ്ഥാപന ഉടമ ഉള്‍പ്പെടെ അഞ്ച് പേരെയാണ് അജ്മാന്‍ മുനിസിപാലിറ്റി വ്യാപാര സംരക്ഷണ വിഭാഗം പിടികൂടിയത്. കാലാവധി കഴിഞ്ഞ എനര്‍ജി ഡ്രിങ്കിന്‍െറ കാനിലെ തിയതി മായ്ച്ചുകളഞ്ഞ്, യന്ത്രം ഉപയോഗിച്ച് പുതിയ തിയതി രേഖപ്പെടുത്തിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. ഇങ്ങനെ·തയാറാക്കിയ ടണ്‍ കണക്കിന് പാനീയങ്ങള്‍ ഇവര്‍ രാജ്യത്ത് വിതരണം ചെയ്തത് കടുത്ത ആശങ്കക്ക് ഇടയാക്കി.
16 വയസ്സിന് താഴെയുള്ളവര്‍ക്ക് ഇത്തരം പാനീയങ്ങള്‍ വില്‍പന നടത്തുന്നത് നിരോധിക്കുന്നതിന് പുറമെ, ഇവയുടെ ഉല്‍പാദനം നിയന്ത്രിക്കുകയും ചെയ്യും. ഈ ലക്ഷ്യത്തോടെ അടുത്ത കാലത്ത് പല വ്യവസ്ഥകളും കൊണ്ടുവന്നിരുന്നു. ഊര്‍ജദായക പാനീയങ്ങളുടെ കാനുകളില്‍ ഇതിന്‍െറ ഉപയോഗം ശരീരത്തിന് ഹാനികരമാണെന്ന മുന്നറിയിപ്പ് രേഖപ്പെടുത്തുക, ഈ പാനീയങ്ങള്‍ക്ക് പ്രത്യേക രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുക, ഇവയുടെ ഉല്‍പാദനത്തിന് ഉപയോഗിക്കുന്ന ഘടകങ്ങളുടെ നിയന്ത്രണം തുടങ്ങിയവ ഇതില്‍പ്പെടുന്നു. നിയമ ലംഘനം നടത്തുന്ന കമ്പനികള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കും.
ഉത്തേജക വസ്തുവായ ‘കാഫീന്‍’ വന്‍ തോതില്‍ അടങ്ങിയ ഊര്‍ജദായക പാനീയങ്ങള്‍ അമിതമായി ഉപയോഗിക്കുന്നത് ലോകത്തിന്‍െറ പല ഭാഗങ്ങളിലും മരണത്തിനിടയാക്കിയിട്ടുണ്ട്. യു.എ.ഇയിലെ ജനങ്ങള്‍ ഒരു വര്‍ഷം കുടിക്കുന്നത് മൂന്നു കോടി അറുപത് ലക്ഷത്തിലേറെ കാന്‍ ഊര്‍ജദായക പാനീയമാണ്. യുവ തലമുറയില്‍ നല്ലൊരു ശതമാനം ഇതിന് അടിമപ്പെട്ടു.
ഈ സാഹചര്യത്തിലാണ് മാരകമായ ദൂഷ്യഫലങ്ങളുള്ള ഇത്തരം പാനീയങ്ങള്‍ക്ക് നിയന്ത്രണമേര്‍പെടുത്തുന്നത്. രാജ്യത്തുടനീളം ഊര്‍ജദായക പാനീയ വില്‍പന കര്‍ശനമായി നിയന്ത്രിക്കാനുള്ള നടപടി ഉടന്‍ തുടങ്ങും. ഊര്‍ജദായക പാനീയങ്ങളുടെ വില്‍പന നിയന്ത്രിക്കാന്‍ 2011ല്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. പുതിയ നിയന്ത്രണങ്ങള്‍ ഇക്കഴിഞ്ഞ ആഗസ്റ്റില്‍ പ്രാബല്യത്തില്‍ വന്നെങ്കിലും കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. എന്നാല്‍, കാലാവധി കഴിഞ്ഞ പാനീയം വിപണിയില്‍ എത്തിയെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ ഇനി ശക്തമായ നടപടിയുണ്ടാകും.
ഊര്‍ജദായക പാനീയങ്ങള്‍ 16 വയസ്സിന് താഴെയുള്ളവര്‍ക്ക് നല്‍കരുതെന്ന നിര്‍ദേശം കര്‍ശനമാക്കും. നിര്‍ദേശം ലംഘിക്കുന്ന വ്യാപാരികള്‍ക്കെതിരെ നടപടി സ്വീകരിക്കും. വ്യാപാര സ്ഥാപനം അടച്ചുപൂട്ടുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണുണ്ടാവുക.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus