അല്‍ ഇസ് ഇസ്ലാമിക് ബാങ്ക് ഓഹരികള്‍ ക്ഷണിച്ചു

മസ്കത്ത്: ഒമാനിലെ ഇസ്ലാമിക ബാങ്കായ അല്‍ ഇസ് ഇസ്ലാമിക് ബാങ്ക് ഓഹരികള്‍ ക്ഷണിച്ചു. ഇന്നലെ പുറത്തിറങ്ങിയ പ്രമുഖ പത്രങ്ങളില്‍ ഇതുസംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഇസ്ലാമിക് ബാങ്ക് 100 ബൈസയുടെ നാല് ശതലക്ഷം ഓഹരികളാണ് വിറ്റഴിക്കുക. ഓഹരിയുടെ മുഖവില 100 ബൈസയാണെങ്കിലും ഉപഭോക്താക്കളില്‍ നിന്ന് 102 ബൈസയാണ് ഈടാക്കുക. ബാങ്കിന്‍െറ ചെലവ് ഇനത്തിലാണ് രണ്ട് ബൈസ വകയരിരുത്തുക.
ഈ മാസം 22 മുതല്‍ ഓഹരികള്‍ വിപണിയിലെത്തും. അടുത്ത മാസം 21 ന് ഓഹരികള്‍ വിറ്റഴിക്കുന്നത് അവസാനിപ്പിക്കും. നിര്‍ത്തും. ബാങ്ക് മസ്കത്താണ് അല്‍ ഇസ് ഇസ്ലാമിക് ബാങ്കിന് വേണ്ടി അറിയിപ്പും ഓഹരികളും സ്വീകരിക്കാന്‍ നടപടികളെടുക്കുന്നത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ബാങ്കില്‍ ഓഹരി എടുക്കാം. ജി.സി.സി സ്വദേശികളായ ഓഹരി ഉടമകളെ സ്വദേശികളെ പോലെ പരിഗണിക്കും. എല്ലാ ഓഹരി ഉടമകള്‍ക്കും തല്യമായ അവകാശവും വോട്ടവകാശവും ലഭിക്കും. വോട്ടെടുപ്പിലൂടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കും. മൂന്ന് വര്‍ഷമാണ് ബോര്‍ഡിന്‍െറ കാലാവധി.
60 ദശലക്ഷം റിയാലാണ് ബാങ്കിന്‍െറ പ്രമോട്ടര്‍മാരുടെ ഓഹരി. 400 ദശലക്ഷം ഓഹരി പൊതുജനങ്ങളില്‍ നിന്ന് സമാഹരിക്കും. സ്വന്തം പേരില്‍ മാത്രമേ ഓഹരിയെടുക്കാന്‍ കഴിയൂ. ഒന്നിലധികം പേരുകളിലോ മറ്റുള്ളവരുടെ പേരിലോ ഓഹരികള്‍ എടുക്കാന്‍ പാടില്ല. അപേക്ഷയില്‍ അപേക്ഷകര്‍ തന്നെ ഒപ്പ് വെക്കേണ്ടതും സൂക്ഷ്മ പരിശോധനയില്‍ വ്യത്യാസമുള്ള ഒപ്പുകളുള്ള അപേക്ഷകള്‍ തിരസ്കരിക്കുന്നതുമാണെന്നും അറിയിപ്പില്‍ പറയുന്നു. സ്വന്തം പേരിലല്ലാതെ മക്കളുടെയോ ഭാര്യയുടെയോ പേരില്‍ പോലും സംയുക്തമായ ഓഹരികള്‍ എടുക്കാന്‍ പാടില്ല. 1994 ഒക്ടോബറിന് ശേഷം ജനിച്ച കുട്ടികള്‍ പിതിവിന്‍െറ പേരിലാണ് ഓഹരികള്‍ എടുക്കേണ്ടത്.
ബാങ്ക് മസ്കത്ത്, ബാങ്ക് ദോഫാര്‍, നാഷനല്‍ ബാങ്ക് ഓഫ് ഒമാന്‍, അഹ്ലി ബാങ്ക്, ബാങ്ക് സൊഹാര്‍, ഒമാന്‍ അറബ് ബാങ്ക് എന്നിവിടങ്ങളിലാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. സ്വദേശികള്‍ തിരിച്ചറിയല്‍ കാര്‍ഡ് വിവരങ്ങളും വിദേശികള്‍ പാസ്പോര്‍ട്ട് വിവരങ്ങളും അപേക്ഷയില്‍ സമര്‍പ്പിക്കണം. ഓഹരികള്‍ സംബന്ധമായ പരാതികളും സംശയങ്ങളുമുള്ളവര്‍ക്ക് പ്രസ്തുത ബാങ്കുകളില്‍ പ്രത്യേകം ചുമതല നല്‍കിയ ഓഫിസര്‍മാരില്‍ നിന്നും വിശദീകരണം തേടാവുന്നതാണ്. ഒമാന്‍െറ സാമ്പത്തിക രംഗത്ത് ഏറെ വളര്‍ച്ചക്ക് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ഇസ്ലാമിക ബാങ്കും ഓഹരി വില്‍പനയും ഏറെ താല്‍പര്യത്തോടെയാണ് സാമ്പത്തിക വിദഗ്ധര്‍ നോക്കിക്കാണുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus