കല്‍ക്കരിപ്പാട അഴിമതിയെ അധികരിച്ച് മന്‍മോഹന്‍സിങ്ങിനെ കേന്ദ്ര കഥാപാത്രമാക്കി ഞാന്‍ തുടര്‍ച്ചയായി കാര്‍ട്ടൂണുകള്‍ വരച്ചപ്പോള്‍ എന്‍െറ ഫേസ്ബുക്കിലെ പഞ്ചാബി സുഹൃത്ത് കന്‍വര്‍സിങ് മക്കാര്‍ സന്ദേശത്തിനുള്ള കോളത്തില്‍ ഇങ്ങനെ കുറിച്ചിട്ടു. ‘സുഹൃത്തേ, വേദനയുണ്ട് എം.എം.എസിനെക്കുറിച്ച് (മന്‍മോഹന്‍സിങ്ങിനെ കന്‍വര്‍സിങ് അങ്ങനെയാണ് പരാമര്‍ശിക്കുന്നത്) വരക്കുന്നതും വായിക്കുന്നതുമൊക്കെ നേരാകാമെന്നിരിക്കിലും അദ്ദേഹം എന്‍െറ റോള്‍മോഡലാണ്. താങ്കളുടെ കാര്‍ട്ടൂണുകള്‍ എന്നെ വേദനിപ്പിക്കുന്നു’.
മറ്റൊരാളെ വേദനിപ്പിക്കാന്‍ എനിക്കെന്ത് അവകാശം? ഭാഗ്യത്തിന് കന്‍വര്‍സിങ് ഒരു വ്യക്തി മാത്രമാണ്. മറിച്ച് ഒരു ഭരണകൂടമോ നീതിന്യായ വ്യവസ്ഥയോ നിയമപാലനച്ചുമതലയുള്ള ഒരു ഭരണഘടനാ സ്ഥാപനമോ ആയിരുന്നെങ്കില്‍, പരിപാവനമാണ് പ്രധാനമന്ത്രിപദം; അതില്‍ കരിവാരിയൊഴിക്കുന്നത് കുറ്റകരമെന്ന് ഭീഷണിപ്പെടുത്തുമായിരുന്നു. രാജ്യദ്രോഹമെന്നുപോലും അതുവഴി ആരോപിക്കാം. നമുക്കുചുറ്റും നാള്‍ക്കുനാള്‍ വിശുദ്ധ വസ്തുക്കളുടെ ഇടങ്ങള്‍ കൂടുതല്‍ കൂടുതല്‍ വിസ്തൃതമാകുകയും വിമര്‍ശത്തിന്‍െറ സ്ഥലികള്‍ പരിമിതപ്പെടുത്തുകയും ചെയ്യുന്നത് എന്തിന്‍െറ അടയാളമാണ്? പ്രതിപക്ഷ നേതാവ് അദ്വാനി പറയുന്നത് അത് അടിയന്തരാവസ്ഥയെക്കാള്‍ കരാളമായ അടിച്ചമര്‍ത്തലാണെന്നാണ്. ശിവസേന നേതാവും കാര്‍ട്ടൂണിസ്റ്റുമായ ബാല്‍താക്കറെ പറയുന്നതും മറിച്ചല്ല. പക്ഷേ, അസീം ത്രിവേദി ഏതെങ്കിലും ഹൈന്ദവ ബിംബങ്ങളെയാണ് കാര്‍ട്ടൂണിലൂടെ വക്രീകരിക്കാന്‍ ശ്രമിച്ചിരുന്നതെങ്കില്‍ ഈ രണ്ടു പേരുടെ പ്രതികരണം എന്തായിരിക്കും. അസീം ഭൂമിക്കുമീതെ ഇപ്പോള്‍ കാണുമായിരുന്നോ? പണ്ടൊക്കെ വിശുദ്ധ ബിംബങ്ങള്‍ പരിമിതങ്ങളായ മത-ആരാധന ബിംബങ്ങള്‍ മാത്രമായിരുന്നെങ്കില്‍ ഇന്ന് അരുതെന്ന് പറഞ്ഞ് അതിരുതിരിച്ച് സംരക്ഷിക്കുന്ന വിശുദ്ധികള്‍ സമുദായങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കു പോലും അധികരിച്ചുവരുന്നു. എന്നാലെന്ത്, വിശുദ്ധിയല്ലേ കൂടട്ടെയെന്ന് പറഞ്ഞ് സമാധാനിക്കാന്‍ ഇടംതരുന്നവയല്ല അവയെക്കുറിച്ചുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിലെ പൊതുജനത്തിന്‍െറ പ്രതികരണങ്ങള്‍. മലിനവാഹിനിക്കുഴലുകള്‍പോലെ അത് സമൂഹത്തിലെ വിശുദ്ധികളെ സകലതിനേയും വിമര്‍ശത്തിന് വിധേയമാക്കുന്നു. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലെ മനോരോഗികളെ ഒഴിവാക്കിയാല്‍ അവ നല്‍കുന്ന സന്ദേശം ആരോഗ്യകരമായ വിമര്‍ശത്തിന് വിധേയമാകുമ്പോഴേ ആരോഗ്യകരമായ ഒരു ജനാധിപത്യ പരിസരം സംജാതമാകുകയുള്ളൂ എന്നല്ലേ.
രോഷത്തിന്‍െറ പിരിമുറുക്കങ്ങളെ തുറന്നുവിടാന്‍ ഒരിടമില്ലാതെവരുമ്പോള്‍ വിശുദ്ധമായ വിഗ്രഹങ്ങള്‍ തകര്‍ത്തുകൊണ്ട് വിമര്‍ശകന്‍ ശ്രദ്ധനേടാന്‍ ശ്രമിക്കുന്നു. അസീം ത്രിവേദി ചെയ്തതും അത്രതന്നെയുള്ളൂ. യുവാവ് എന്ന് പരാമര്‍ശിക്കുമ്പോള്‍ അയാള്‍ 42കാരനായ രാഹുല്‍ഗാന്ധിയുടെ തലമുറയേക്കാള്‍ ഇളയവനാണ്. ആ ക്ഷുഭിത യൗവനം അഴിമതിക്കെതിരെയുള്ള ആത്മരോഷം ശമിപ്പിക്കാന്‍വേണ്ടി അഴിമതിയെയാണ് കാര്‍ട്ടൂണുകളിലൂടെ അഭിസംബോധന ചെയ്തത്. പക്ഷേ, ദേശീയ ചിഹ്നങ്ങളെയെന്ന് ഭരണകൂടം വ്യാഖ്യാനിച്ചു. അതാണ് ഉണ്ടായത്. അശോകചക്രത്തിലെ സിംഹങ്ങള്‍ക്കു പകരം അതില്‍ കയറി ഓരിയിടുന്ന കുറുനരികള്‍. ചുവട്ടില്‍ അഴിമതി ജയിക്കട്ടെയെന്ന മുദ്രാവാക്യം. രണ്ടാമത്തേത് ഭരണഘടനാ പുസ്തകത്തില്‍ കാല്‍ ഉയര്‍ത്തി മൂത്രം ഒഴിക്കുന്ന നായ, മൂന്നാമത്തേത് അഴിമതിക്കാരനും രാഷ്ട്രീയക്കാരനും പരസ്പരം അനുഭൂതി പങ്കുവെക്കുന്ന ആഭാസകരമായ ലൈംഗികമുറ. മൂന്നും ഏതെങ്കിലും തരത്തില്‍ ധൈഷണികതയോ സര്‍ഗാത്മകതയോ അവകാശപ്പെടാനില്ലാത്ത രചനകള്‍. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ മാന്യമായ ഒരിടത്ത് ഒരു പൊതി മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞാല്‍ അതു കാണുമ്പോള്‍ ഉള്ള അന്ധാളിപ്പ്. ത്രിവേദി ഉദ്ദേശിച്ചതും അതുതന്നെയാവണം. മൂന്നും ഏതെങ്കിലും പത്രത്തില്‍ ഇടംപിടിച്ച എഡിറ്റോറിയല്‍ കാര്‍ട്ടൂണുകളല്ല.
ത്രീ കാര്‍ട്ടൂണ്‍സ്
ഓഫ് ത്രിവേദി
നാം പവിത്രത കല്‍പിച്ച് തലക്കുമുകളില്‍ സങ്കല്‍പിച്ചുവെച്ചിരിക്കുന്ന നിരവധി പരികല്‍പനകള്‍ നിരന്തരം ശോഷിച്ചുവരുന്നുണ്ടെങ്കിലും ദേശീയഗാനം, ദേശീയ ചിഹ്നം, ദേശീയ പതാക, ഭണഘടന തുടങ്ങിയ ചിലതെങ്കിലും നമുക്കുമേല്‍ അവശേഷിക്കുന്നുണ്ട്. അവ നിസ്സാരങ്ങളാണെന്ന് ആരെങ്കിലും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചാല്‍ നമ്മുടെ കണ്ണുകള്‍ ഭീതിയോടെ അയല്‍രാജ്യങ്ങളിലേക്ക് നോക്കി മടങ്ങാറുണ്ട്. എന്തുകൊണ്ടെന്നാല്‍ ജനാധിപത്യത്തിന്‍െറ അഭാവത്തില്‍ വ്യക്തികള്‍ അനുഭവിക്കുന്ന ദുരന്തങ്ങളും ദുരിതങ്ങളും ആകുലതകളും അയലത്തുമാത്രം ഒതുങ്ങുന്നില്ല, ജനാധിപത്യത്തിന്‍െറ അഭാവമുള്ള സകല ഇടങ്ങള്‍ക്കുമേലും അത് ചിറകുവിരിച്ച് നിഴല്‍പരത്തിനില്‍ക്കുന്നു.
ജനാധിപത്യത്തെക്കാള്‍ മികച്ചതൊന്നിന്‍െറ അഭാവത്തില്‍ മേല്‍ സൂചിപ്പിച്ച ദ്രവിച്ചുനില്‍ക്കുന്ന എടുപ്പുകളെ ത്രിവേദിതന്നെ വരച്ച് മതിലിലൊട്ടിക്കുകയും ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു. അതുകൊണ്ടുതന്നെ ഒരു എഡിറ്ററുടെ പക്വതക്കോ സര്‍ഗാത്മകമായ വിലയിരുത്തലിനോ ഇടം കൊടുക്കാതെ മുദ്രാവാക്യ സദൃശ്യമായി പ്രത്യക്ഷപ്പെട്ടതിനാല്‍ ഭരണകൂട ദൃഷ്ടിയില്‍ ദേശീയ ചിഹ്നം, ഭരണഘടന, രാഷ്ട്രീയക്കാരന്‍, അഴിമതിക്കാരന്‍ തുടങ്ങിയ പരിപാവനമായ വിശുദ്ധ ബിംബങ്ങളെ(!) പരിഹസിക്കുന്നതായി വ്യാഖ്യാനിക്കപ്പെട്ടു. പാര്‍ലമെന്‍റ് അംഗങ്ങളെ ചാക്കിലാക്കാന്‍ കൊടുത്ത കൈക്കൂലിയെന്ന നിലയില്‍ സഭയില്‍ ഉയര്‍ത്തിക്കാട്ടിയ നോട്ടുകെട്ടുകളില്‍ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ചിത്രമില്ലായിരുന്നോ? രാഷ്ട്രപിതാവ് അവമതിക്കപ്പെട്ടതുപോകട്ടെ, ഭാവിയിലെങ്കിലും അത് ആവര്‍ത്തിക്കാതിരിക്കാന്‍ നോട്ടില്‍നിന്ന് ഗാന്ധിചിത്രമെങ്കിലും നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കാഞ്ഞതെന്തേ?
കോണ്‍ഗ്രസ്, യു.പി.എ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ഫ്ളക്സുകളില്‍ തുടങ്ങി പാര്‍വതി ഓമനക്കുട്ടന്‍െറ അടിപ്പാവാടയില്‍ വരെ വിലസുന്ന അശോകചക്ര ചിഹ്നത്തെ അസീം ത്രിവേദി തന്‍െറ ആത്മരോഷം ഒന്ന് ഇറക്കിവെക്കാന്‍ ഉപയോഗിച്ചുവെന്നതല്ലേയുള്ളൂ അയാള്‍ ചെയ്ത അപരാധം?
ഭരണകൂടത്തെ വിട്ട് നമ്മുടെ ദേശീയ ദിനപത്രങ്ങളുടെ കാര്യമെടുത്താലോ? കോര്‍പറേറ്റുകളും പത്രമുതലാളിമാരും കൊടുത്ത തീട്ടൂരം അനുസരിക്കുന്നതുപോലെ പ്രകോപനപരമായ കാര്‍ട്ടൂണുകള്‍ക്ക് പത്രത്താളുകളില്‍ ഇടം അനുവദിക്കാതിരിക്കുകയല്ലേ കണ്ടുവരുന്നത്. ഉല്ലാസത്തിനുള്ള ഉപാധികളായി എഡിറ്റോറിയല്‍ കാര്‍ട്ടൂണുകളെ മെരുക്കിയെടുക്കുന്നതില്‍ പത്രാധിപന്മാര്‍ പുലര്‍ത്തുന്ന ശ്രദ്ധ ചെറുതല്ല. കഴിയുമെങ്കില്‍ ടിന്‍റുമോന്‍ ഫലിതംപോലെ പൊട്ടിച്ചിരിപ്പിക്കുന്ന ജോക്കുകളായി കാര്‍ട്ടൂണുകളെ പരിപാകപ്പെടുത്താന്‍ കാര്‍ട്ടൂണിസ്റ്റുകള്‍ ശീലിച്ചിരിക്കുന്നു. ഒരിക്കല്‍ കാര്‍ട്ടൂണിസ്റ്റ് ഒ.വി. വിജയന്‍ പറയുകയുണ്ടായി: എല്ലാ വിഷയങ്ങളും ഫലിതമായി ചിത്രീകരിക്കാന്‍ കാര്‍ട്ടൂണിനാവില്ലെന്ന്. അനീതി, പട്ടിണി, വംശവെറി, നരഹത്യ എന്നിങ്ങനെയുള്ള ഇനങ്ങള്‍ എങ്ങനെ ചിരിക്ക് വിഷയമാകുമെന്നാണ് അദ്ദേഹം ആകുലപ്പെട്ടത്. കൂടങ്കുളം ആണവനിലയത്തിനെതിരെയുള്ള ജനകീയ പ്രക്ഷോഭത്തെ എങ്ങനെ ഫലിതാത്മകമായി ചിത്രീകരിച്ച് ന്യൂസ് എഡിറ്ററെ രസിപ്പിക്കാം എന്നായിരിക്കാം (അദ്ദേഹം രസിച്ചാലല്ലേ വായനക്കാര്‍ക്ക് രസിക്കാന്‍വേണ്ടി അത് പ്രസിദ്ധീകരിക്കൂ) ഇപ്പോള്‍ കാര്‍ട്ടൂണിസ്റ്റുകളുടെ ചിന്ത.
യഥാര്‍ഥത്തില്‍ ഒ.വി. വിജയനും അബു എബ്രഹാമിനും ശേഷം ചിന്തകളെ പ്രകോപിപ്പിക്കുന്ന വിധത്തിലുള്ള കാര്‍ട്ടൂണുകള്‍ പത്രങ്ങളില്‍നിന്ന് വിടവാങ്ങി. പത്രവിശുദ്ധി കാത്തുസൂക്ഷിക്കാന്‍ എഡിറ്റോറിയല്‍ കാര്‍ട്ടൂണിസ്റ്റ് തന്നെ വേണ്ടെന്നുവെച്ച മുഖ്യധാരാ പത്രങ്ങള്‍പോലുമുണ്ട്. അത്യാവശ്യ ശത്രുക്കളെ പരിഹസിക്കാന്‍ എഡിറ്റര്‍മാര്‍ക്ക് തോന്നുന്ന ആശയങ്ങള്‍ ചിത്രത്തിലാക്കാന്‍ ഇല്ലസ്ട്രേറ്റര്‍മാര്‍ മതിയെന്നാണ് അവരുടെ ചിന്ത. അപ്പോഴാണ് അസീം ത്രിവേദിയെപ്പോലുള്ളവര്‍ ആസുരചിത്രങ്ങളുമായി ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍