കൂടങ്കുളം: ജീവിക്കാനുള്ള അവകാശത്തിനുമേലുയര്‍ന്ന ആണവ ഭീഷണിക്കെതിരെ ഇടിന്തകരൈ കടലില്‍ ജനങ്ങളുടെ അതിജീവനത്തിന്‍െറ പ്രതിരോധം. കൂടങ്കുളം ആണവനിലയത്തിന് സമീപം ഇടിന്തകരൈ തീരത്താണ് തുടര്‍ച്ചയായി അഞ്ചു മണിക്കൂര്‍ കഴുത്തറ്റം വെള്ളത്തില്‍നിന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ പ്രതിരോധം തീര്‍ത്തത്.
എന്നാല്‍, കഴിഞ്ഞദിവസം സമര പ്രവര്‍ത്തകര്‍ക്കുമേല്‍ ഭരണകൂടം നടത്തിയ നരനായാട്ടിന്‍െറ തുടര്‍ച്ചയെന്നവണ്ണം വ്യാഴാഴ്ചയുണ്ടായ അതിക്രമത്തില്‍ ഒരു യുവാവ് മരിച്ചു. കടലില്‍ സമരം ചെയ്തവരുടെ തൊട്ടുമുകളിലൂടെ വിമാനം താഴ്ത്തി പറപ്പിച്ചതിനെ തുടര്‍ന്നുണ്ടായ പരിഭ്രാന്തിയില്‍ പാറകെട്ടില്‍ തലയിടിച്ച യുവാവാണ് മരിച്ചത്. ഇതോടെ സമരവുമായി ബന്ധപ്പെട്ട രക്തസാക്ഷികളുടെ എണ്ണം രണ്ടായി.
വിമാനം താഴ്ന്നുപറന്നത് കണ്ട് പാറയില്‍നിന്ന് കടലിലേക്ക് ചാടിയ സഹായം (35) ആണ് തലയിടിച്ച് മരിച്ചത്. ഇദ്ദേഹത്തിന്‍െറ മരണം സമരപന്തലില്‍ മൈക്കിലൂടെ അറിയിക്കുകയായിരുന്നു. ആശുപത്രി അധികൃതരോ പൊലീസോ മരണം സ്ഥിരീകരിക്കാന്‍ രാത്രി വൈകിയും തയാറായിട്ടില്ല. സമരപ്പന്തല്‍ കെട്ടിയ ലൂര്‍ദ് ചര്‍ച്ചില്‍ ഇന്ന് രാവിലെ ആറിന് പ്രത്യേക പ്രാര്‍ഥന നടത്താന്‍ സമരസമിതി തീരുമാനിച്ചു.
മൂന്നു ദിവസമായി കടലില്‍ ബോട്ടോ വള്ളമോ ഇറക്കാതെ തങ്ങളുടെ ഏക ഉപജീവന മാര്‍ഗംപോലും ഉപേക്ഷിച്ച് പ്രദേശവാസികള്‍ നടത്തിയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കന്യാകുമാരി വരെയുള്ള 42 മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലും വ്യാഴാഴ്ച പണിമുടക്കി. ഇന്ധനം നിറക്കുന്നത് നിര്‍ത്തിവെക്കുക, സമരസമിതി നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കുക, കസ്റ്റഡിയിലുള്ളവരെ വിട്ടയക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കടലില്‍ മനുഷ്യമതില്‍ തീര്‍ത്തത്.
സമരത്തിന്‍െറ മുന്‍നിര നേതാക്കളായ എസ്.പി. ഉദയകുമാറും പുഷ്പരായനും ഭരണകൂട വേട്ടയാടലിനെ തുടര്‍ന്ന് സമരമുഖത്തുനിന്ന് മാറിനില്‍ക്കേണ്ടി വന്നതോടെ അക്രമം സൃഷ്ടിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് നിരവധി ശ്രമങ്ങളാണുണ്ടായത്. എന്നാല്‍, എല്ലാ പ്രകോപനങ്ങളെയും തള്ളി രാവിലെ 11 മുതല്‍ വൈകുന്നേരം നാല് വരെ സമരംതുടര്‍ന്നു. ചുട്ടുപൊള്ളുന്ന വെയിലിനെയും ആര്‍ത്തിരമ്പുന്ന തിരമാലകളെയും വകവെക്കാതെ കടലില്‍ തീര്‍ത്ത പ്രതിരോധം സഹനസമര ചരിത്രത്തില്‍ സവിശേഷ ഏടായി.
വ്യാഴാഴ്ച രാവിലെ 11 ഓടെയാണ് ഇടിന്തകരൈ ലൂര്‍ദ്മാതാ പള്ളി സമരപന്തലില്‍നിന്ന് അഞ്ചു വയസ്സുകാര്‍ മുതല്‍ വൃദ്ധജനങ്ങള്‍ വരെ അണിനിരന്ന ജനസാഗരം ഗ്രാമത്തില്‍ പ്രദക്ഷിണം നടത്തി തീരത്ത് എത്തിച്ചേര്‍ന്നത്. ‘വേണ്ടൈ വേണ്ടൈ അണുഉലൈ വേണ്ടൈ, മക്കള്‍ വിരോധ അണു ഉലൈ നിര്‍ത്തുക’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കി നീങ്ങിയ ജാഥയിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തി. തീരം മുതല്‍ കടലിനുള്ളിലേക്ക് വടം വലിച്ച് കെട്ടി ആറ് നിര തീര്‍ത്താണ് കൈകോര്‍ത്ത് പിടിച്ച് ജനങ്ങള്‍ സമര സാഗരത്തിലേക്കിറങ്ങിയത്. സ്ത്രീകളും കുട്ടികളും തീരത്തോട് ചേര്‍ന്നുള്ള സ്ഥലത്തു നിന്നപ്പോള്‍ യുവാക്കളും പുരുഷന്മാരും കടലില്‍ കഴുത്തറ്റം വെള്ളത്തില്‍ തിരകളോട് മല്ലിട്ട് നില്‍ക്കുകയായിരുന്നു. തീരത്തേക്ക് ആഞ്ഞടിച്ച തിരയില്‍പെട്ട് സ്ത്രീകളും കുട്ടികളും നിലംകിട്ടാതെ വീഴുമ്പോഴും മുദ്രാവാക്യം വിളിച്ച് തങ്ങളുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. പ്രായാധിക്യവും അസുഖവും കാരണം കടലില്‍ ഇറങ്ങാന്‍ കഴിയാതിരുന്നവര്‍ തീരത്ത് കയറ്റിവെച്ചിരുന്ന ബോട്ടുകളുടെ പുറത്തുകയറി മുദ്രാവാക്യം വിളിച്ചാണ് സമരക്കാര്‍ക്ക് ആവേശംപകര്‍ന്നത്.
സമരം ആരംഭിച്ച് 15 മിനിറ്റ് കഴിഞ്ഞതോടെ കോസ്റ്റ് ഗാര്‍ഡിന്‍െറ വിമാനം ജനങ്ങള്‍ക്കുമേല്‍ താഴ്ന്നുപറന്ന് കടലില്‍ ഇറങ്ങിയവരെ പരിഭ്രാന്തരാക്കാന്‍ ശ്രമംതുടങ്ങി. രാവിലെ മുതല്‍ ഉച്ചകഴിയുന്നതുവരെ നിരവധി പ്രാവശ്യം വിമാനം ചീറിപ്പാഞ്ഞു.
ജനങ്ങളെ പ്രകോപിപ്പിച്ച് അക്രമത്തിലേക്ക് തള്ളിവിടുകയാണ് അധികാരികളുടെ ശ്രമമെന്ന് മനസ്സിലായതോടെ സമരനേതാക്കള്‍ മൈക്കിലൂടെ പ്രകോപനത്തിന് മുതിരരുതെന്ന് അഭ്യര്‍ഥിച്ചു. ഇതിനിടെയാണ് താഴ്ന്നുപറന്ന വിമാനത്തിന്‍െറ ഒച്ച കേട്ട് പുലിമുട്ടില്‍നിന്ന് പരിഭ്രാന്തനായി കടലിലേക്കു ചാടിയ സഹായത്തിന്‍െറ തല പാറയിലിടിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ സഹായത്തെ പാര്‍വതിപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടോടെ മരിച്ചു. ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളമടക്കം മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് നിരവധി സാമൂഹിക, പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇടിന്തകരൈയില്‍ എത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍