അഞ്ചു മാസത്തെ ദുരിതത്തിനൊടുവില്‍ രതീഷ് നാട്ടിലെത്തി

ജിദ്ദ: അഞ്ചു മാസത്തെ ദുരിതപൂര്‍ണമായ ജീവിതത്തിനുശേഷം കണ്ണൂര്‍ മട്ടന്നൂരിലെ മണക്കായില്‍ നാരിയന്‍െറ വളപ്പില്‍ രതീഷ് (23) നാട്ടിലെത്തി. നാട്ടിലെ തൊഴില്‍ കൊണ്ടു കുടുംബം പോറ്റാനാവില്ലെന്ന തിരിച്ചറിവിലാണ് രതീഷിന് ഗള്‍ഫ് മോഹമുദിച്ചത്. സൗദിയിലേക്കു ഡ്രൈവറായി വിസ തരപ്പെടുമെന്നറിഞ്ഞപ്പോള്‍ പിന്നെ മറ്റൊന്നും ആലോചിച്ചില്ല. ഉള്ളതെല്ലാം വിറ്റുപെറുക്കി ഒന്നര ലക്ഷം രൂപ സംഘടിപ്പിച്ചു വിസക്കു നല്‍കി. എന്നാല്‍ കോഴിക്കാട് ആസ്ഥാനമായ ട്രാവല്‍ ഏജന്‍സി തന്നെ നിത്യദുരിതത്തിലേക്കാണ് തള്ളിവിടുന്നതെന്ന് ആ യുവാവ് അറിഞ്ഞിരുന്നില്ല. ഏജന്‍സി വാഗ്ദാനം ചെയ്തത് വാട്ടര്‍ ബോട്ട്ലിങ് കമ്പനിയിലെ ഡ്രൈവര്‍ ജോലിയായിരുന്നു. 900 റിയാല്‍ ശമ്പളവും കമീഷനും പറഞ്ഞുറപ്പിക്കുകയും ചെയ്തു. എന്നാല്‍ ജിദ്ദയിലെത്തി പറഞ്ഞ കമ്പനിയിലെത്തിയപ്പോഴാണ് തന്‍േറത് ഡ്രൈവര്‍ വിസയല്ലെന്ന് രതീഷ് അറിയുന്നത്. കമ്പനി ട്രാവല്‍ ഏജന്‍സിയോട് ആവശ്യപ്പെട്ടിരുന്നത് പ്ളാന്‍റ് ഓപറേറ്ററെ ആയിരുന്നു. ഡ്രൈവറായി എത്തിയ രതീഷിന് ഈ ജോലി വശമുണ്ടായിരുന്നില്ല. ഇഖാമയിലെ തൊഴില്‍ ഡ്രൈവറുടേത് അല്ലാത്തതിനാല്‍ മീഡിയം ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ കഴിയില്ലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. അതിനാല്‍ തൊഴിലുടമ ഇയാളെ 2500 ആടുകളുള്ള വലിയൊരു മസ്റഅയിലെ ജോലിക്കു വിട്ടു. ഡ്രൈവറായി തൊഴിലെടുത്ത രതീഷിന് താങ്ങാവുന്നതായിരുന്നില്ല ആ തൊഴിലും മരുഭൂ അന്തരീക്ഷവും.
വീട്ടുകാരെ ദുരിതം എഴുതിയറിയിക്കുകയല്ലാതെ വഴിയില്ലായിരുന്നു. രതീഷിന്‍െറ ദയനീയാവസ്ഥ വീട്ടുകാര്‍ എം.എല്‍.എ ശൈലജ ടീച്ചറെ അറിയിക്കുകയും അവര്‍ ജിദ്ദ നവോദയയിലെ നവാസ് വെമ്പായത്തെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് നവോദയ ജീവകാരുണ്യവിഭാഗം കേന്ദ്രകണ്‍വീനര്‍ പി.വി. മാത്യു ഓന്തറ കമ്പനി അധികൃതരുമായി കണ്ട് കാര്യം ധരിപ്പിച്ചു. രതീഷിനെ വിട്ടുതരാന്‍ കമ്പനി ഉടമ തയാറുണ്ടായിരുന്നില്ല. എന്നാല്‍ പല വട്ടം നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ 8000 റിയാല്‍ നഷ്ടപരിഹാരം നല്‍കിയാല്‍ വിട്ടയക്കാമെന്നായി സ്പോണ്‍സര്‍. തുടര്‍ന്നു വീട്ടുകാര്‍ തുക സംഘടിപ്പിച്ചു നവോദയയെ ഏല്‍പിച്ചു. 8000 റിയാല്‍ കൈപ്പറ്റിയ സ്പോണ്‍സര്‍ എക്സിറ്റ് അടിച്ചുനല്‍കാന്‍ സന്നദ്ധനായി.
തന്നെ ചതിച്ച ട്രാവല്‍ ഏജന്‍റിനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് രതീഷ്. രതീഷിന് നാട്ടിലേക്കുള്ള ടിക്കറ്റ് ജിദ്ദ നവോദയ ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ പി.വി. മാത്യു ഓതറ കൈമാറി. ചടങ്ങില്‍ രക്ഷാധികാരി സമിതിയംഗം ജോസ് മണ്ണാര്‍ക്കാട്, കെ.എച്ച്.
ഷിജു പന്തളം, ഖാസിം താനൂര്‍, ടി.പി. മുസ്തഫ, യൂസുഫ് പൂളമണ്ണില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus