കൊച്ചി: സ്വാശ്രയ കോളജുകളിലെ പട്ടികജാതി- വര്‍ഗം, ഒ.ഇ.സി വിദ്യാര്‍ഥികള്‍ മറ്റ് പരിഗണനകളില്ലാതെ തന്നെ ഫീസാനുകൂല്യത്തിന് അര്‍ഹരാണെന്ന് ഹൈകോടതി. മെറിറ്റ് സീറ്റിലാണോ മാനേജ്മെന്‍റ് സീറ്റിലാണോ പ്രവേശം നേടിയതെന്ന് പരിഗണിക്കാതെ തന്നെ ആനുകൂല്യങ്ങള്‍ക്ക് ഈ വിഭാഗക്കാര്‍ അര്‍ഹരാണ്. പ്രഫഷനല്‍ കോഴ്സുകളിലേക്ക് പ്രവേശ പരീക്ഷാ കമീഷണറോ മാനേജ്മെന്‍റുകളോ നടത്തുന്ന പരീക്ഷകളിലൂടെ പ്രവേശം നേടിയവര്‍ക്കും വേര്‍തിരിവില്ലാതെ ആനുകൂല്യം നല്‍കാന്‍ ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് കെ. വിനോദ്ചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
മനേജ്മെന്‍റ് സീറ്റില്‍ പ്രവേശം നേടിയ വിദ്യാര്‍ഥികള്‍ ഫീസാനുകൂല്യത്തിന് അര്‍ഹരല്ലെന്ന സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ അഖില്‍ പുഷ്കരന്‍ തുടങ്ങി ഒരു കൂട്ടം വിദ്യാര്‍ഥികള്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ബെഞ്ചിന്‍െറ ഉത്തരവ്. എം.ബി.ബി.എസിന് മാനേജ്മെന്‍റ് സീറ്റില്‍ പ്രവേശം നേടിയതിന്‍െറ പേരില്‍ ഫീസിളവ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഹരജിക്കാര്‍ നേരത്തേ സിംഗിള്‍ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ഈ ഹരജി 2009 ആഗസ്റ്റില്‍ ഹൈകോടതി സിംഗിള്‍ ബെഞ്ച് തള്ളി. പ്രവേശ പരീക്ഷയിലൂടെ മെറിറ്റില്‍ യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് മാത്രമേ ഫീസാനുകൂല്യം നല്‍കേണ്ടതുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ച് ഹരജി തള്ളിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍