മലപ്പുറം: കമ്പ്യൂട്ടര്‍ പരിശീലനം ലഭിക്കില്ലെന്ന കാരണത്താല്‍ ഇനി മലയാളം മീഡിയം സ്കൂളുകളില്‍നിന്ന് വിദ്യാര്‍ഥികളെ ഒഴിവാക്കേണ്ട. ഒന്നാംക്ളാസ് മുതല്‍ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നല്‍കാനുള്ള പദ്ധതിയുമായി ഐ.ടി അറ്റ് സ്കൂള്‍ രംഗത്ത് ഹൈസ്കൂള്‍, യു.പി തലങ്ങളില്‍ വിജയകരമായി നടപ്പാക്കിയ പദ്ധതിയാണ് ഇനി പ്രൈമറി തലത്തിലും നടപ്പാക്കുക. പദ്ധതിക്കായി ഐ.ടി കോഓഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുന്ന ജോലികള്‍ ആരംഭിച്ചു. കളികളിലൂടെ ഐ.ടി ശേഷികള്‍ വളര്‍ത്തിയെടുക്കുന്ന രീതിയാണ് എല്‍.പി സ്കൂളുകളില്‍ നടപ്പാക്കുക.
വിവിധ കമ്പ്യൂട്ടര്‍ അധിഷ്ഠിത കളികളിലൂടെ കുട്ടികളുടെ ബൗതിക വികാസവും ഭാഷാശക്തി വികാസവുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. എല്‍.പി സ്കൂളുകളിലേക്ക് മാത്രമായി ലിനക്സ് ജൂനിയര്‍ ഒ.എസ് എന്ന പേരില്‍ പ്രത്യേക ഓപറേറ്റിങ് സിസ്റ്റവും തയാറായി.
കമ്പ്യൂട്ടറോ അനുബന്ധ ഉപകരണങ്ങളോ പല എല്‍.പി സ്കൂളുകളിലും ഇല്ലെന്നതാണ് പദ്ധതി നടപ്പാക്കല്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പഞ്ചായത്ത് പരിധിയില്‍ വരുന്ന യു.പി സ്കൂളുകള്‍ക്ക് 1.85 ലക്ഷം രൂപയും എല്‍.പി സ്കൂളുകള്‍ക്ക് 1.35 ലക്ഷവും കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ വാങ്ങാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിലാണ് സ്കൂള്‍ അധികൃതരുടെ പ്രതീക്ഷ. ഇതിനായി ഭൂരിഭാഗം സ്കൂളുകളും പഞ്ചായത്തുകളില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
ഐ.ടി യോഗ്യതയോ താല്‍പര്യമോ ഉള്ള അധ്യാപകരെയാണ് കോഓഡിനേറ്ററാക്കുക. ഇവര്‍ക്കാവശ്യമായ പരിശീലനം ഐ.ടി അറ്റ് സ്കൂള്‍ നല്‍കും. മാസ്റ്റര്‍ ട്രെയ്നര്‍മാരോ തെരഞ്ഞെടുത്ത ഐ.ടി കോഓഡിനേറ്റര്‍മാരോ ആകും നാലുദിവസത്തെ പരിശീലനത്തിന് നേതൃത്വം നല്‍കുക. തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ 25ല്‍ കുറയാത്ത അംഗസംഖ്യയുള്ള ബാച്ചുകള്‍ക്കാണ് പരിശീലനം നല്‍കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍