ജനാധിപത്യത്തിന്‍െറ പരിരക്ഷയും അതിനോടു പുലര്‍ത്തേണ്ട സാമാന്യമര്യാദകളും നമ്മുടെ നാട്ടില്‍ ജനത്തിന്‍െറ മാത്രം ബാധ്യതയായിത്തീരുകയാണോ? ജനാധിപത്യത്തിന്‍െറ നടത്തിപ്പുകാരായ ഭരണകൂടത്തിനോ അതിന്‍െറ ഔദ്യാഗിക സംവിധാനങ്ങള്‍ക്കോ ജനഹിതം ഏതുവിധേനയും മറികടക്കാമെന്നാണോ? പൗരന്മാരുടെ നില്‍ക്കക്കള്ളിയാണോ അധികാരസ്ഥാപനങ്ങളുടെ നിലനില്‍പാണോ ജനാധിപത്യക്രമത്തില്‍ മുഖ്യപരിഗണന അര്‍ഹിക്കുന്നത്? ഈ സന്ദേഹങ്ങള്‍ക്കുള്ള ആശങ്കാജനകമായ മറുപടിയാണ് തിങ്കളാഴ്ച കൂടങ്കുളം ആണവനിലയ വിരുദ്ധ പ്രക്ഷോഭത്തിനെതിരായി നടന്ന പൊലീസ് നരനായാട്ട്. കൂടങ്കുളം പദ്ധതിക്കെതിരായി സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹരജികള്‍ മദ്രാസ് ഹൈകോടതി കഴിഞ്ഞയാഴ്ച തള്ളിയപ്പോള്‍തന്നെ ജനതാല്‍പര്യത്തിനെതിരായി ജനാധിപത്യസംവിധാനങ്ങള്‍ നിലകൊള്ളുന്ന നിരാശാജനകമായ വിരോധാഭാസം ഞങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍, അവിടംകൊണ്ടും നിര്‍ത്താതെ ന്യായമായ ഭയാശങ്കകളുടെ അടിസ്ഥാനത്തിലുള്ള ജനകീയപ്രതിഷേധത്തെ ഏതുവിധേനയും മറികടക്കാനുള്ള ക്ളീന്‍ചിറ്റായി അധികൃതര്‍ കോടതിവിധിയെ ദുരുപയോഗം ചെയ്യുന്നതാണ് കൂടങ്കുളത്തിനടുത്ത ഇടിന്തകരൈയിലും തൂത്തുക്കുടിയിലുമെല്ലാം കഴിഞ്ഞ ദിവസം കണ്ടത്. ആണവപ്ളാന്‍റ് പ്രവര്‍ത്തനം തുടങ്ങുന്നതിനെതിരെ ഉപരോധസമരം ആരംഭിച്ച ജനങ്ങളെ പൊലീസ് ക്രൂരമായി തല്ലിച്ചതക്കുകയും അവരുടെ അധിവാസകേന്ദ്രങ്ങളും ആരാധനാലയങ്ങളും കൈയേറുകയും പ്രതിഷേധക്കാരെ കടലിലേക്ക് ആട്ടിയോടിക്കുകയും ചെയ്തു. തൂത്തുക്കുടിയിലെ കുലശേഖര പട്ടണത്ത് പൊലീസ് സ്റ്റേഷന്‍ കൈയേറാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് പൊലീസ് നിരായുധരായ ജനക്കൂട്ടത്തിനു നേരെ വെടിയുതിര്‍ത്തത്. 48കാരനായ മത്സ്യത്തൊഴിലാളി ജി. ആന്‍റണി സാമി വെടിയേറ്റു മരിച്ചു. പ്രദേശത്ത് ഇപ്പോഴും യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഇത് പുതിയ സംഭവമല്ല. കൂടങ്കുളത്തെ ആണവനിലയത്തിനെതിരായി പ്രക്ഷോഭം തുടങ്ങിയത് മുതല്‍ വിവേകം ജനപക്ഷത്തും അസഹിഷ്ണുതയും അതിവൈകാരികതയും അധികൃതപക്ഷത്തുമാണ് കണ്ടുവരുന്നത്. റഷ്യയുമായി സഹകരിച്ചുള്ള 17,000 കോടിയുടെ ഈ ഊര്‍ജപദ്ധതി കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ അഭിമാനപ്രശ്നമായെടുക്കുകയും അതിന് ഏതറ്റംവരെയും പോകാന്‍ തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. പ്രദേശവാസികള്‍ ഉയര്‍ത്തുന്ന ന്യായമായ ആശങ്കകള്‍ ദൂരീകരിക്കാനോ അതിനെ ലഘൂകരിക്കാനുതകുന്ന പരിഹാരമാര്‍ഗങ്ങള്‍ മുന്നോട്ടുവെക്കാനോ ഭരണകൂടം ഇതുവരെ തയാറായിട്ടില്ല. ഏതു വിധേനയും പ്ളാന്‍റില്‍ ഉല്‍പാദനം തുടങ്ങിയേ അടങ്ങൂ എന്ന വാശിയിലാണവര്‍. അതിനുവേണ്ടി പ്രതിഷേധത്തെ നിര്‍വീര്യമാക്കാനുള്ള ചതുരുപായങ്ങളാണ് സര്‍ക്കാര്‍ തേടുന്നത്. സമരരംഗത്തുള്ളവരെ കായികമായും ധാര്‍മികമായും തകര്‍ക്കുന്ന ആസൂത്രിതമായൊരു ജനവിരുദ്ധ യുദ്ധമുഖം തന്നെ കൂടങ്കുളത്ത് തുറന്നിട്ടുണ്ട്. ജപ്പാനിലെ ഫുകുഷിമ ദുരന്തത്തിന്‍െറ പശ്ചാത്തലത്തിലാണ് പ്ളാന്‍റിനെതിരായ സമരം രൂക്ഷത പ്രാപിച്ചത്. ഭോപാല്‍ വാതകദുരന്തത്തില്‍ കുറ്റവാളികളായ വിദേശകമ്പനിയില്‍നിന്ന് ഇരകളായ സ്വന്തം നാട്ടുകാര്‍ക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരം വാങ്ങാന്‍ ഇന്ത്യക്ക് കഴിയാതെ വരുക കൂടി ചെയ്തതോടെ വിദേശകമ്പനിക്ക് നഷ്ടപരിഹാര ബാധ്യതകളൊന്നുമില്ലാതെ പ്രവര്‍ത്തനസ്വാതന്ത്ര്യം നല്‍കുന്ന കൂടങ്കുളം പദ്ധതിക്കെതിരായ പ്രതിഷേധം കനത്തു. ഇത്തരം ഭീതിദമായ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ദുരന്തത്തിന്‍െറ വായിലേക്ക് തങ്ങളെ വെച്ചുകൊടുക്കാന്‍ സമ്മതിക്കില്ലെന്ന ജനതയുടെ നിശ്ചയദാര്‍ഢ്യത്തെ അധികാരത്തിന്‍െറയും ആയുധത്തിന്‍െറയും ബലത്തില്‍ അടിച്ചമര്‍ത്താന്‍ ഭരണകൂടം ശ്രമിക്കുകയാണ്.
ഹൈകോടതിയുടെ വിധിക്കെതിരായി തമിഴ്നാട്ടില്‍നിന്ന് ജി. സുന്ദരരാജന്‍ എന്നയാള്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. അനിവാര്യമായ സുരക്ഷാ ഉപാധികളൊന്നും ഉറപ്പുവരുത്താതെ ആണവനിലയം തുറന്നുപ്രവര്‍ത്തിക്കാന്‍ ഹൈകോടതി അനുമതി നല്‍കിയിരിക്കുകയാണെന്നാണ് അന്യായക്കാരന്‍െറ പരാതിയില്‍ പറയുന്നത്. ആണവോര്‍ജ നിയന്ത്രണ ബോര്‍ഡ്, ന്യൂക്ളിയര്‍ പവര്‍ കോര്‍പറേഷന്‍, പവര്‍ പ്ളാന്‍റ് ഡയറക്ടര്‍, തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവര്‍ക്കെതിരെ സമര്‍പ്പിച്ച അന്യായത്തില്‍, സര്‍ക്കാറിന്‍െറതന്നെ വിദഗ്ധ സമിതിയുടെ സുരക്ഷാനിര്‍ദേശങ്ങള്‍ കൂടങ്കുളത്ത് പാലിക്കപ്പെട്ടിട്ടില്ലെന്നും നിലവിലെ സ്ഥിതിയില്‍ പ്ളാന്‍റിന്‍െറ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് അതിഗുരുതരമായിരിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു. ബദല്‍ ശുദ്ധജല സംഭരണം, അടിയന്തര പമ്പിങ് ഉപകരണം തുടങ്ങിയ പ്രഥമപ്രധാനമായ അടിസ്ഥാനോപാധികള്‍പോലും സജ്ജമാക്കാതെയാണ് പ്ളാന്‍റിന് കോടതി പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്. അപകടഘട്ടത്തില്‍ നിര്‍ദിഷ്ട റഷ്യന്‍ ആണവറിയാക്ടര്‍ വിതരണസ്ഥാപനത്തെ പൂര്‍ണമായും കുറ്റമുക്തമാക്കുന്ന ഉപാധിയും മാറ്റാന്‍ കേന്ദ്ര ഗവണ്‍മെന്‍റിനു സാധിച്ചിട്ടില്ല. ഇങ്ങനെ ആണവനിലയത്തെക്കുറിച്ച് തുടക്കം മുതല്‍ ഉന്നയിക്കപ്പെടുന്ന ആശങ്കകള്‍ ദൂരീകരിക്കാനുള്ള ശ്രമമൊന്നും നടത്താതെയാണ് പ്ളാന്‍റ് ബലപ്രയോഗത്തിലൂടെയെങ്കിലും തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നത്. സുപ്രീംകോടതി ഈ ഹരജി എപ്പോള്‍ പരിഗണിക്കുമെന്നോ, കോടതിവിധി ജനങ്ങള്‍ക്കോ ഗവണ്‍മെന്‍റിനോ അനുകൂലമാകുക എന്നോ ഇപ്പോള്‍ പറയാനാവില്ല. എന്നാല്‍, നീതിപീഠത്തിന്‍െറ താഴെ തലം മുതല്‍ ബോധിപ്പിച്ചുവരുന്ന ആവലാതിയാണ് ജനങ്ങളുടെ സുരക്ഷക്കു വേണ്ട ഉപാധികള്‍ പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല എന്നത്. അതിനു നേരെ ഇന്നോളം ചെവികൊടുക്കാന്‍ തയാറായില്ല എന്നല്ല, അത്തരം ആശങ്കകളെ പരിഹസിക്കുന്ന വിധത്തിലാണ് ഭരണകൂടത്തിന്‍െറ വക്താക്കള്‍ പെരുമാറുന്നതും ജുഡീഷ്യറിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന തീര്‍പ്പുകളുമൊക്കെ.
ലോകം ജനാധിപത്യത്തിലേക്കു കൂടുതല്‍ ഉള്ളുതുറക്കുന്ന ഇക്കാലത്ത്, കിട്ടിയ അധികാരത്തിന്‍െറ നിലനില്‍പുമാത്രം ലാക്കാക്കി ജനാധിപത്യത്തെ കരുതല്‍തടവില്‍ വെക്കുന്ന മനോഭാവമാണ് ഇന്ത്യയില്‍ പൊതുവെ കണ്ടുവരുന്നത്. ആവിഷ്കാരത്തിനും പ്രതിഷേധത്തിനും മാധ്യമപ്രവര്‍ത്തനത്തിനും എന്നുവേണ്ട പുത്തന്‍ സാങ്കേതികവിദ്യയുടെ ഉപയോഗത്തിനുപോലുമുള്ള സ്വാതന്ത്ര്യത്തെ ഭയക്കുകയും എന്തിനും ഏതിനും നിയന്ത്രണത്തിന്‍െറയും നിരോധത്തിന്‍െറയും കൂച്ചുവിലങ്ങിടുകയും ചെയ്യുന്ന അധീശാധിപത്യസംവിധാനമായി ഇന്ത്യയില്‍ ജനാധിപത്യത്തിന്‍െറ നടത്തിപ്പുകേന്ദ്രങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. അടുത്തകാലത്തായി ജനകീയപ്രക്ഷോഭങ്ങള്‍ക്കെതിരായി നടന്നുവരുന്ന അടിച്ചമര്‍ത്തലുകളെ അതിന്‍െറ ഭാഗമായി കാണണം. അധികാരത്തിന്‍െറ തിണ്ണബലത്തില്‍ ജനവികാരങ്ങള്‍ക്കു മേല്‍ ആധിപത്യം പുലര്‍ത്താമെന്ന വ്യാമോഹങ്ങള്‍ കടപുഴക്കിയെറിയപ്പെടുന്ന കാലത്ത് സ്വന്തം ജനതക്കെതിരായ ഈ പടപ്പുറപ്പാട് സഹതാപാര്‍ഹമാണ്. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി ശബ്ദമുയര്‍ത്തുന്നവരെ ജനവിരുദ്ധ ധാര്‍ഷ്ട്യത്തിന്‍െറ തുരുമ്പെടുത്ത തുപ്പാക്കിയുമായി നേരിടുന്നവര്‍, ഏതു ജനാധിപത്യത്തെയാണ് തങ്ങള്‍ സംരക്ഷിക്കുന്നത് എന്ന് വിശദമാക്കിയാല്‍ കൊള്ളാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍