കൊച്ചി: കാലിക്കറ്റ് സര്‍വകലാശാല കെട്ടിടങ്ങളുടെ 200 മീറ്റര്‍ പരിധിക്ക് പുറത്ത് മാത്രമേ സമരങ്ങള്‍ നടത്താവൂ എന്ന ഹൈകോടതി വിധി തുടരും. ഉത്തരവില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് നേരത്തേ ഈ ഉത്തരവ് പുറപ്പെടുവിച്ച ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി.
സമരം നടത്താന്‍ പരിധി നിശ്ചയിച്ച ഡിവിഷന്‍ബെഞ്ച് ഉത്തരവ് പുന$പരിശോധിക്കണമെന്നാവശ്യപ്പെട്ട് കാലിക്കറ്റ് യൂനിവേഴ്സിറ്റി എംപ്ളോയീസ് യൂനിയന്‍ സമര്‍പ്പിച്ച റിവ്യൂ ഹരജി തള്ളിയാണ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് കെ. വിനോദ്ചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചിന്‍െറ ഉത്തരവ്. സര്‍വകലാശാലകള്‍ സമാധാന പരമായി വിദ്യാഭ്യാസം നടക്കേണ്ട സ്ഥലമാണെന്നും ഇതിന്‍െറ പരിസരത്ത് മറ്റ് അലോസരങ്ങള്‍ അനുവദിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മുന്‍ ഉത്തരവ് തിരുത്താന്‍ കോടതി വിസമ്മതിച്ചത്.കോടതി ഉത്തരവിന്‍െറ മറവില്‍ സര്‍വകലാശാലയില്‍ അടിയന്തരാവസ്ഥക്ക് തുല്യമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍, രണ്ട് പൊലീസുകാരെ മാത്രമാണ് വി.സിയുടെ സംരക്ഷണത്തിനായി നിയോഗിച്ചിട്ടുള്ളതെന്ന് സര്‍ക്കാറും സര്‍വകലാശാലയും കോടതിയെ അറിയിച്ചു. ആവശ്യമാണെങ്കില്‍ കൂടുതല്‍ സേനയെ നല്‍കാന്‍ സജ്ജമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് ഹരജിക്കാരുടെ ആരോപണം തെറ്റാണെന്ന് വ്യക്തമാക്കിയ കോടതി ഹരജി തീര്‍പ്പാക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍