ഫാറൂഖ് കോളജില്‍ ബി.എക്കും എം.എക്കും ഇംഗ്ളീഷായിരുന്നു എന്‍െറ വിഷയം. ജലീല്‍ സാറാണ് അന്ന് ഇംഗ്ളീഷ് പ്രഫസറും വകുപ്പ് തലവനും. അങ്ങനെനോക്കുമ്പോള്‍ അഞ്ചുകൊല്ലം ഞാന്‍ അദ്ദേഹത്തിന്‍െറ വിദ്യാര്‍ഥിയാണ്. പക്ഷേ, കാര്യമായ പഠിപ്പിക്കലൊന്നുമുണ്ടായിട്ടില്ല. ജനറല്‍ ക്ളാസില്‍ ഷേക്സ്പിയര്‍ എടുത്തത് അദ്ദേഹമാണ്. അതൊരു ആള്‍ക്കൂട്ടമായിരുന്നു. എല്ലാ ക്ളാസുകളിലെയും വിദ്യാര്‍ഥികള്‍ തിങ്ങിനിറഞ്ഞ ഓഡിറ്റോറിയത്തില്‍ അദ്ദേഹം മാക്ബത്ത് എടുക്കും. പിന്‍ബെഞ്ചില്‍ ഉറക്കം തൂങ്ങിയിരിക്കുമ്പോള്‍ ‘മാക്ബത്ത് ഹാത്ത് കം’ എന്നൊക്കെയുള്ള ചില മുഴക്കങ്ങള്‍ കേള്‍ക്കാം. അത്രതന്നെ. ഫസ്റ്റ് എം.എക്കാണ് എന്നെ അദ്ദേഹം കാര്യമായി പഠിപ്പിച്ചത് -ഹിസ്റ്ററി ഓഫ് ഇംഗ്ളീഷ്. അതും പലപ്പോഴും നിന്നുപോയി. കോളജ് ഭരണത്തിന്‍െറ തിരക്കുകള്‍മൂലം ക്ളാസില്‍വരാന്‍ അദ്ദേഹത്തിന് സമയമുണ്ടാവുകയില്ല. വന്നാല്‍ത്തന്നെ ഓഫിസില്‍നിന്ന് ‘സ്ളിപ്’ വരും. അങ്ങനെ ഇടറിയും വീണും വീണ്ടുമെണീറ്റുമൊക്കെയായിരുന്നു പഠിപ്പിക്കലിന്‍െറ പോക്ക്. അധ്യാപകന്‍ എന്ന നിലയില്‍ പ്രഫ. കെ.എ. ജലീല്‍ വിദ്യാര്‍ഥികളുടെ സ്മരണകളില്‍ അത്രമാത്രം ധവളാഭമായി നില്‍ക്കുന്നുണ്ടോ എന്ന് സംശയം; എന്നെ സംബന്ധിച്ചിടത്തോളമെങ്കിലും അങ്ങനെയാണ്.
അഡ്മിനിസ്ട്രേറ്റര്‍ എന്ന നിലയിലായിരുന്നു പ്രഫ. കെ.എ. ജലീലിന്‍െറ വ്യക്തിത്വം അതിന്‍െറ പൂര്‍ണതയിലെത്തിയത്. 1948ലാണ് ഫാറൂഖ് കോളജ് സ്ഥാപിതമാവുന്നത്. കുറഞ്ഞകൊല്ലങ്ങള്‍ക്കുള്ളില്‍ അദ്ദേഹം അവിടെ പ്രിന്‍സിപ്പലായി. അതില്‍ പിന്നീട് അദ്ദേഹത്തിന്‍െറ ജീവിതം എന്നുപറഞ്ഞാല്‍ ഫാറൂഖ് കോളജിന്‍െറ വളര്‍ച്ച എന്നുതന്നെയാണര്‍ഥം. വളരെ പെട്ടെന്നുതന്നെ ഫാറൂഖ് കോളജ് കേരളത്തിലെ ഏറ്റവുംവലിയ കോളജുകളിലൊന്നായി, കേരളത്തിലെ അലീഗഢായി. ഒരുപാട് കോഴ്സുകള്‍ വന്നു. ആറോ ഏഴോ ഹോസ്റ്റലുകളുണ്ടായി. കേരളത്തിന്‍െറ വിവിധഭാഗങ്ങളില്‍നിന്ന് താമസിച്ചുപഠിക്കാന്‍ കുട്ടികളെത്തുന്ന ഏറ്റവുംവലിയ റസിഡന്‍ഷ്യല്‍ കോളജുകളിലൊന്നായി ആ കലാലയം മാറി. കാമ്പസ് ജീവിതത്തിന്‍െറ പൊലിമ കോളജിന്‍െറ വ്യക്തിമുദ്രയായി. ഈ വളര്‍ച്ചയുടെ ഓരോ തൂണിലും തുരുമ്പിലും പ്രഫ. ജലീലിന്‍െറ വിരല്‍സ്പര്‍ശം പതിഞ്ഞുകിടക്കുന്നുണ്ട്. പിന്നീടദ്ദേഹം കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സലറായിട്ടൊക്കെയുണ്ട്. പക്ഷേ, ഫാറൂഖ് കോളജില്‍ തന്‍െറ ഹൃദയം എടുത്തുവെച്ചശേഷമാണ്, അദ്ദേഹം മറ്റെവിടെയായാലും പോയത്.
ഞങ്ങള്‍ വിദ്യാര്‍ഥികള്‍ പ്രഫ. ജലീലിനെ ഓര്‍ക്കുന്നത് തികഞ്ഞ ഡിസിപ്ളിനേറിയനെന്ന നിലയിലാണ്. കോളജിലൊരു ഇല അനങ്ങിയാല്‍ അദ്ദേഹം അറിയുമെന്ന് ഞങ്ങള്‍ ഭയന്നു. ആ നോട്ടം, പതിഞ്ഞതെങ്കിലും അധികാരശക്തി സ്ഫുരിക്കുന്ന ശബ്ദം, കടുംപിടിത്തം-അധ്യാപകനോടുള്ള സ്നേഹബഹുമാനങ്ങളേക്കാള്‍ അധികാരസ്ഥാപനത്തിനുനേരെയുള്ള ഭീതിയായിരുന്നു ഞങ്ങളുടെ മനസ്സില്‍. അദ്ദേഹം ഒട്ടും അയഞ്ഞുതന്നതുമില്ല. ഒരുപക്ഷേ, അദ്ദേഹത്തിന്‍െറ ഈ മനോഭാവംതന്നെയാവാം ഫാറൂഖ് കോളജിന്‍െറ വളര്‍ച്ചക്ക് നിദാനമായി വര്‍ത്തിച്ചത്. മരിക്കുന്നതിന് കുറച്ചുമുമ്പ്, കൃത്യമായിപ്പറഞ്ഞാല്‍ ആഗസ്റ്റ് 25ന് ഞാന്‍ അദ്ദേഹത്തെ വീട്ടില്‍ച്ചെന്നു കണ്ടിരുന്നു. കോളജിലെ പൂര്‍വവിദ്യാര്‍ഥി സംഗമദിവസം. സാര്‍ സുഖമില്ലാതെ കിടക്കുകയാണെന്നും പോയി കാണാമെന്നും പഴയ ചില സതീര്‍ഥ്യര്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് പോയത്. എനിക്ക് പക്ഷേ, പഴയ പേടികൊണ്ടാവണം മടിയായിരുന്നു. ഞങ്ങള്‍ അഞ്ചുപേര്‍ അദ്ദേഹത്തിന്‍െറ വീട്ടില്‍ പോയി. ഉച്ചസമയം. അദ്ദേഹത്തെ ആ അവസ്ഥയില്‍ കണ്ടപ്പോള്‍ വല്ലാതെ വിഷമം തോന്നി. പതിറ്റാണ്ടുകാലം ഒരു കലാലയ പരിസരത്തെ മുഴുവനും താനറിയാതെ ഈച്ചപോലും പറക്കാത്തതരത്തില്‍ ഭരിച്ച മനുഷ്യനാണ് വാടിയ ചീരത്തണ്ടുപോലെ അവശനായി കിടക്കുന്നത്. പഴയ വിദ്യാര്‍ഥികളാണെന്ന് പറഞ്ഞപ്പോള്‍ തളര്‍ന്ന സ്വരത്തിലാണെങ്കിലും അദ്ദേഹം സംസാരിച്ചു.
‘പൂര്‍വ വിദ്യാര്‍ഥി സംഗമത്തിനു വന്നതാണ്, ഒഴിവുകിട്ടിയപ്പോള്‍ സാറിനെയൊന്നുകാണാന്‍ വന്നെന്നേയുള്ളൂ’ -റഷീദോ ഷംസുദ്ദീനോ ആണ് പറഞ്ഞത്. പെട്ടെന്ന് ആ മുഖംതെളിഞ്ഞു. കണ്ണുകള്‍ തിളങ്ങി. എന്നിട്ടൊരു ചോദ്യം -ഒഴിവുകിട്ടിയപ്പോഴോ, എങ്ങനെ?
‘ലഞ്ച് ബ്രേക്കാണ് സാര്‍’.
‘ഇപ്പോഴെത്രയായി സമയം?’ വീണ്ടും ചോദ്യം
‘മൂന്നുമണി’.
‘മൂന്നുമണിക്ക് എന്തു ലഞ്ച് ബ്രേക്ക്?
ഞാന്‍ ആ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. പടച്ചവനേ, പഴയ പ്രിന്‍സിപ്പലിന്‍െറ ശൗര്യമാണോ ആ മുഖത്ത് തെളിയുന്നത്? മൂന്നുമണിക്ക് ലഞ്ച് ബ്രേക്കില്ലെന്നും യോഗം സ്കിപ് ചെയ്തുപോന്നതല്ലേ നിങ്ങള്‍ എന്നുമാണോ സാര്‍ ക്രോസ് എക്സാമിന്‍ ചെയ്യുന്നത്? പണ്ട് ക്ളാസ് കട്ട് ചെയ്തു നടന്നപ്പോള്‍ പിടിച്ചതുപോലെ ഞങ്ങളെ അദ്ദേഹംകൈയോടെ പിടിച്ചുവോ?
ഞാന്‍ ശരീഫിനെ തോണ്ടി അടക്കം പറഞ്ഞു -വാടാ പോവാം, ഇതു പഴയ ജലീല്‍ സാര്‍ തന്നെ.
എന്നും പ്രഫ. ജലീല്‍ അങ്ങനെയായിരുന്നു. വിദ്യാര്‍ഥികളില്‍നിന്നും അധ്യാപകരില്‍നിന്നും പൊതുസമൂഹത്തില്‍നിന്നും അദ്ദേഹം അല്‍പം അകലം പാലിച്ചു. ഈ അകലമാണ് ഫാറൂഖ് കോളജിനെ ഉയരത്തിലെത്തിക്കുന്നതില്‍ അദ്ദേഹത്തെ ഏറ്റവുമധികം സഹായിച്ച ഘടകം എന്ന് ഞാന്‍ കരുതുന്നു; കോളജിന് അതിന്‍േറതായ വ്യക്തിത്വം നല്‍കിയതിനും.
തികച്ചും സെക്കുലറായിരുന്നു പ്രഫ. ജലീല്‍. മുസ്ലിം സ്ഥാപനമാണ് ഫാറൂഖ് കോളജ് എന്ന് അന്യമതക്കാരായ വിദ്യാര്‍ഥികള്‍ക്ക് തോന്നുന്ന ഒന്നും അവിടെയുണ്ടാവരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ഞങ്ങള്‍ പഠിക്കുന്ന കാലത്ത് ഹോസ്റ്റലില്‍ കറിക്ക് ബീഫ് പാടില്ല. ആടോ കോഴിയോ മാത്രം. ബീഫ് വേണമെന്നുള്ളവര്‍ക്ക് പുറത്തുപോയി ‘സാമി’ കഴിക്കാം. അത് അദ്ദേഹത്തിന്‍െറ നിര്‍ബന്ധമായിരുന്നുവെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. മൂരിയിറച്ചി തിന്നാത്ത ഹിന്ദു വിദ്യാര്‍ഥികളെ അദ്ദേഹം പരിഗണിച്ചു. തികച്ചും സസ്യാഹാരമേ പറ്റൂ എന്നുള്ളവര്‍ക്ക് വെജിറ്റേറിയല്‍ ഹോസ്റ്റലുണ്ട് -എന്‍.ഇ. ഹോസ്റ്റല്‍. അതേ, മാപ്പിളമാരുടെ കാമ്പസില്‍ ഒരു പച്ചക്കറി ഹോസ്റ്റല്‍. ഞങ്ങളൊക്കെ താമസിച്ചത് എ. ലക്ഷ്മണസ്വാമി മുതലിയാരുടെ പേരിലുള്ള എ.എന്‍.എം ഹോസ്റ്റലിലാണ്. ഇന്നും എ.എല്‍. മുതലിയാര്‍ ഹോസ്റ്റല്‍ എന്ന ബോര്‍ഡ് കാണുമ്പോള്‍ പ്രഫ. ജലീല്‍ തുടക്കമിട്ട മതേതര ബോധത്തെപ്പറ്റി ഞാനോര്‍ക്കും. അദ്ദേഹത്തിന്‍െറ നിഷ്കൃഷ്ടമായ ഈ മതേതര ചിന്തയെപ്പറ്റി ഹമീദ് ചേന്ദമംഗലൂര്‍ മാതൃഭൂമി വാര്‍ഷികപ്പതിപ്പില്‍ എഴുതിയിരുന്നു. എം.ഇ.എസുകാരനായിട്ടുപോലും എം.ഇ.എസിന്‍െറ വിദ്യാര്‍ഥി യുവജന സംഘടനക്ക് ഒരു യോഗംനടത്താന്‍ അദ്ദേഹം കോളജില്‍ സ്ഥലമനുവദിച്ചില്ല. ഇതരവിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് അത് മനപ്രയാസമുണ്ടാക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍െറ ന്യായം. ഈ മതേതര ചിന്തയായിരുന്നു ഫാറൂഖ് കോളജിന്‍െറ ഏറ്റവും വലിയ കൈമുതല്‍. അതിന്‍െറ എല്ലാ ക്രെഡിറ്റും പ്രഫ. ജലീലിനാണ്.
ടെലിഫോണ്‍സില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനും എഴുത്തുകാരനുമായിരുന്ന പാറന്നൂര്‍ പത്മനാഭന്‍ ഫാറൂഖ് കോളജിന്‍െറ ഈ മേന്മയെപ്പറ്റി എഴുതിയിട്ടുണ്ട്. പിന്നാക്കജാതിക്കാരനായ അദ്ദേഹം നഗരത്തിലെ മറ്റൊരു കലാലയത്തില്‍ വിവേചനമനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഫറോക്കിലെത്തിയത്. പ്രഫ. ജലീല്‍ അദ്ദേഹത്തിന് ഫീസിളവും സൗജന്യ ഹോസ്റ്റല്‍ താമസവും നല്‍കി. ‘മുസ്ലിം കോളജ് നന്മയുടെ പ്രതീക’മായിത്തോന്നി എന്നാണ് പത്മനാഭന്‍ ഇതേപ്പറ്റി എഴുതിയത്. പ്രഫ. ജലീലിന്‍െറ നന്മയായിരുന്നു അത്. ഈ സ്വഭാവവിശേഷം ജനങ്ങള്‍ ‘നമ്മളും അവരു’മായി വേര്‍തിരിഞ്ഞുനില്‍ക്കുന്ന ഇക്കാലത്ത് ഏറെ പ്രസക്തമാണ്.
വിദ്യാഭ്യാസരംഗത്ത് പ്രഫ. ജലീല്‍ നിസ്തുലമായ സേവനങ്ങളര്‍പ്പിച്ചിട്ടുണ്ട്. എം.ഇ.എസിന്‍െറ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ അമരക്കാരനായിരുന്നു അദ്ദേഹം. പ്രഫ. ജലീല്‍ ഏറെയൊന്നും എഴുതിയിട്ടില്ല. ‘ലിപികളും മാനവ സംസ്കാരവു’മെന്ന പേരിലുള്ള ഭാഷാശാസ്ത്ര ഗ്രന്ഥവും ചന്ദ്രികയില്‍ തുടര്‍ച്ചയായി വന്ന ആത്മകഥയും മാത്രമേ എന്‍െറ ഓര്‍മയിലുള്ളൂ. ‘ലിപികളും മാനവ സംസ്കാരവും’ മലയാളത്തിലിറങ്ങിയ ഏറ്റവും നല്ല ഭാഷാശാസ്ത്ര പുസ്തകങ്ങളിലൊന്നാണ്. ഫാറൂഖ് കോളജ് പോലെയുള്ള ഒരു മഹാ സ്ഥാപനം പടുത്തുയര്‍ത്തുന്ന തിരക്കില്‍ ഗ്രന്ഥരചനപോലെയുള്ള അക്കാദമിക് വിഷയങ്ങളില്‍ അദ്ദേഹത്തിന് ശ്രദ്ധചെലുത്താന്‍ കഴിയാഞ്ഞത് തികച്ചും നഷ്ടമായിപ്പോയി എന്നേ ഇതേപ്പറ്റി പറയാനുള്ളൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍