അനുഭൂതികളുടെ അമ്പിളിപ്പിറ

അനുഭൂതികളുടെ അമ്പിളിപ്പിറ

‘നീ പോയി അവരുടെ ക്രൂരഹൃദയങ്ങള്‍ക്കിടയില്‍ നില്‍ക്കുക, അവര്‍ നിന്നെ സ്നേഹിക്കട്ടെ, അപ്രകാരം പരസ്പരവും.’

അനുഭൂതിക്ക് അക്ഷരം തിരയുന്ന ഏര്‍പ്പാടാണ് കവിതാ വിവര്‍ത്തനം. പദ്യഗദ്യ ഭേദമന്യേ രവീന്ദ്രനാഥ ടാഗോറിന്‍െറ കൃതികള്‍ പകര്‍ന്ന അനുഭൂതികൂടിയാണ് മലയാളത്തിന്‍െറ വായനയെ രൂപപ്പെടുത്തിയത്. വിക്ടര്‍ യൂഗോവിന്‍െറ ‘പാവങ്ങളു’ടെ നാലപ്പാടന്‍ വിവര്‍ത്തനത്തോളം ഉണര്‍വ് ‘ഗീതാഞ്ജലി’യും മലയാളസാഹിത്യത്തിലുണ്ടാക്കി. ടാഗോര്‍ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചുണ്ടായ ടാഗോര്‍ കൃതികളുടെ വിവര്‍ത്തന പ്രളയത്തിനിടയിലാണ് ‘ക്രസന്‍റ് മൂണി’ലെ 30 കവിതകള്‍ ‘പിറ’ എന്ന പേരില്‍ കെ.വി. സുരേഷ് മൊഴിമാറ്റി അവതരിപ്പിക്കുന്നത്. ടാഗോര്‍ മലയാളത്തില്‍ എഴുതുമായിരുന്നെങ്കില്‍ അദ്ദേഹം തെരഞ്ഞെടുക്കുമായിരുന്ന വാക്കുകളില്‍ മൊഴിമാറിയെത്തിയ ‘പിറ’ പ്രായഭേദമില്ലാതെ, അക്ഷരമറിയാവുന്ന ആര്‍ക്കും ആസ്വദിക്കാവുന്ന ഒരു കവിതാപുസ്തകമാണ്.
ലോകത്തെമുഴുവന്‍ കൗതുകംനിറഞ്ഞ കണ്ണുകളോടെ നോക്കുന്ന, വേറിട്ട വീക്ഷണങ്ങളാല്‍ ആ കാഴ്ചകളെയെല്ലാം സൂക്ഷ്മമായി വ്യാഖ്യാനിക്കുന്ന ഒരു അമ്മയും കുഞ്ഞുമാണ് ‘പിറ’യില്‍ നിറയെ. ഒരേ ലോകത്തിന്‍െറ ഒഴുക്കില്‍ ഒരുമിച്ചു നീങ്ങുന്നവര്‍.
‘ചെമ്പകപ്പൂവി’ല്‍ അമ്മയുടെ അകത്തും പുറത്തും പാര്‍ക്കുന്ന കുട്ടിയുടെ അമ്മയോടുളള വിനിമയങ്ങളാണ്. ‘ഒരു പൂവായി വിരിഞ്ഞ് ഇളം കാറ്റിനൊപ്പം തലകുലുക്കുകയും തളിരിലകള്‍ക്കു മീതെ തുള്ളിച്ചാടി നൃത്തം വെക്കുകയും ചെയ്താല്‍ അമ്മക്കെന്നെ തിരിച്ചറിയാനാകുമോ?’, ‘കുളി കഴിഞ്ഞ് ചെമ്പകത്തണലിലൂടെ അമ്മ പ്രാര്‍ഥനാലയത്തിലേക്ക് പോകുമ്പോള്‍ ഒരു പുതു പൂവിന്‍െറ മണം എന്നില്‍നിന്നാണ് വരുന്നതെന്നറിയാതെ അമ്മ ശ്രദ്ധിക്കും. ശിരസ്സിലും മടിയിലും വന്‍മരത്തിന്‍െറ തണല്‍ പതിപ്പിച്ചുകൊണ്ട് അമ്മ ഗ്രന്ഥം വായിക്കുമ്പോള്‍ എന്‍െറ കുഞ്ഞു നിഴല്‍ അമ്മ വായിച്ചുകൊണ്ടിരിക്കുന്ന ഏടിലെ വരികള്‍ക്കിടയില്‍ ഞാന്‍ പതിപ്പിക്കും. തുള്ളിക്കളിക്കുന്ന കൊച്ചു നിഴല്‍ അമ്മയുടെ കുട്ടിയുടേതാണെന്ന് അമ്മക്ക് തിരിച്ചറിയാനാകുമോ’, ‘കൈവിളക്കുമായി അമ്മ പശുത്തൊഴുത്തിലേക്കു പോകുമ്പോള്‍ പെട്ടെന്ന് ഞെട്ടറ്റ് ഞാന്‍ മണ്ണില്‍ പതിക്കുകയും അമ്മയുടെ പഴയ കുട്ടിയായി മാറി ഒരു കഥ കേള്‍ക്കാന്‍ വാശിപിടിക്കുകയും ചെയ്യും’ എന്നു തുടരുന്ന കവിത അമ്പിളിപ്പിറപോലെ പുത്തനായ ഒരു അനുഭൂതിയെ അനുഭവിപ്പിക്കുന്നു.
അമ്മയെ അതിരറ്റു സ്നേഹിക്കുന്ന കുട്ടി, അമ്മ വീട്ടില്‍തന്നെയിരിക്കുകയും ഞാന്‍ അപരിചിതമായ തീരങ്ങളിലേക്ക് യാത്ര പോവുകയുമാണെന്ന് വെറുതെ സങ്കല്‍പിച്ചു നോക്കൂ എന്നുപറഞ്ഞ് അമ്മക്കെന്തെല്ലാം കൊണ്ടുവരണമെന്ന് തിരക്കുന്നു. പുഴക്കടവില്‍ കുറ്റിയില്‍ കെട്ടിയിരിക്കുന്ന തോണി കടം കിട്ടുകയാണെങ്കില്‍ ഒരുനൂറു തുഴകള്‍ കെട്ടിയൊരുക്കി, ഉറ്റ ചങ്ങാതിയെയുംകൂട്ടി കിന്നര നാട്ടിലെ ഏഴു സമുദ്രങ്ങളും പതിമൂന്നു പുഴകളും ഉല്ലാസത്തോടെ താണ്ടുമെന്നും ഇരുട്ടുമ്പോള്‍ തിരിച്ചെത്തി കണ്ടതെല്ലാം അമ്മക്ക് പറഞ്ഞുതരുമെന്നും വാഗ്ദത്തം നല്‍കുന്നു ‘നാവികന്‍’ എന്ന കവിതയില്‍. ‘നായകനി’ല്‍ ‘ഹേ വില്ലന്മാരേ, ഇനിയൊരടി മുന്നോട്ടു വെച്ചാല്‍ നിങ്ങള്‍ മരിച്ച വില്ലന്മാരായി മാറും’എന്ന് ഭീഷണിമുഴക്കി യുദ്ധം നടത്തി അമ്മയെ വില്ലന്മാരില്‍നിന്ന് രക്ഷിക്കുന്നു.
തലച്ചുമടില്‍ വള, മാല, കണ്‍മഷി, പൊട്ട്, ചാന്ത് എന്നിവയുമായി ഊരുചുറ്റുന്ന വഴിവാണിഭക്കാരനെ കാണുന്ന കുട്ടി, അയാള്‍ക്ക് ധൃതികൂട്ടാനൊന്നുമില്ല, മുന്‍കൂട്ടി ഉറപ്പിച്ച വഴികളില്ല, ആരോടും സമ്മതം ചോദിക്കാനില്ല, തിരിച്ചെത്തേണ്ട കൃത്യസമയവുമില്ല എന്നതിനാല്‍ വലുതാകുമ്പോള്‍ അയാളെപോലെയാകാന്‍ ആഗ്രഹിക്കുന്നു. സ്കൂള്‍ വിട്ടു വരുമ്പോള്‍, എത്രനേരവും മണ്ണില്‍ കിളക്കാവുന്ന, ഉടുതുണിയില്‍ എത്ര പൊടിയാക്കിയാലും വെയിലുകൊണ്ടാലും വിയര്‍ത്തൊലിച്ചാലും ആരും വിലക്കാത്തതുമായ ഒരു തോട്ടക്കാരനാകാനാണ് കുട്ടി ആഗ്രഹിക്കുന്നത്. വൈകുന്നേരം അമ്മ കിടക്കാനയക്കുമ്പോള്‍, ഇരുണ്ടതും ഏകാന്തവുമായ പാതയിലൂടെ കൈയിലെ തൂക്കുവിളക്ക് വീശി, ജീവിതത്തിലൊരിക്കലും ഉറങ്ങാനുദ്ദേശിക്കാത്ത പോലെ നടന്നുകൊണ്ടിരിക്കുന്ന രാപ്പാറാവുകാരനാകാനും കുട്ടി ആഗ്രഹിക്കുന്നു.
ആഗ്രഹത്തേക്കാളുപരി ജീവിത വീക്ഷണത്തെയാണ് ‘ഏര്‍പ്പാട്’ എന്ന കവിത ഈ വിധം സങ്കല്‍പനം ചെയ്യുന്നത്. ക്ളാസ്മുറികളില്‍നിന്നും പാഠപുസ്തകങ്ങളില്‍നിന്നും ഉപരിയായി, അവനവന്‍െറ ജീവിത ചുറ്റുപാടുകളില്‍നിന്ന് സ്വാഭാവികമായി ഉണ്ടായിവരേണ്ട ദര്‍ശനത്തെ ‘പോസ്റ്റ്മാനി’ലേതു പോലെ ടാഗോര്‍ മുന്നോട്ടുവെക്കുന്നു.
‘അവര്‍ കലഹിക്കുകയും ആക്രോശിക്കുകയും സംശയിക്കുകയും വെറുക്കുകയും ചെയ്യുന്നു. അവസാനമില്ലാത്ത അവരുടെ വഴക്കുകള്‍ക്കിടയില്‍ അചഞ്ചലമായ ഒരു സല്‍നാളമായി, ഒരു തൂവെളിച്ചമായി അവരുടെയിടയിലെത്തി അവരെ നിശ്ശബ്ദതയുടെ ആഹ്ളാദത്തിലേക്ക് നയിക്കട്ടെ എന്ന് ‘ശാന്തം’ എന്ന കവിത പ്രത്യാശിക്കുന്നു. ആ നിശ്ശബ്ദതയെയാണ് ഈ സമാഹാരത്തിലെ കവിതകളോരോന്നും ധ്യാനിക്കുന്നത്. അത്യാഗ്രഹങ്ങളിലും അസൂയയിലും ഏറ്റവും ക്രൂരരായ അവരുടെ രക്തത്തിനു വേണ്ടി ദാഹിക്കുന്ന, മറച്ചുവെക്കപ്പെട്ട കത്തിപോലെയുള്ള വാക്കുകള്‍ക്കു നടുവിലേക്കാണ് നിശ്ശബ്ദതയെ ആനയിക്കാന്‍ കവി ആവശ്യപ്പെടുന്നത്.
വാക്കും നിശ്ശബ്ദതയും ചേരുന്ന ധ്യാനാത്മകതയെ വരികളോരോന്നും ധ്യാനിക്കുന്നു. മൗനത്തിന്‍െറ ആത്മീയതയെ കവിത ഉള്ളടക്കിയിരിക്കുന്നു. അതിന്‍െറ ലോലമായ വാങ്മയങ്ങളെ പകര്‍ത്താന്‍ നമുക്കു ചുറ്റുമുള്ള ഏറ്റവും മനോഹരങ്ങളായ പദങ്ങളെ തന്നെ കെ.വി. സുരേഷ് കണ്ടെത്തുന്നു എന്നത് പാരായണത്തിന്‍െറ കൂടി മൗലികതയെയാണ് അനുഭവിപ്പിക്കുന്നത്.
‘എന്‍െറ ഗീതം സ്നേഹത്തിന്‍െറ കരസ്പര്‍ശംപോലെ അതിന്‍െറ സംഗീതം നിനക്കു ചുറ്റും പൊഴിച്ചുകൊണ്ടിരിക്കും. ഊഷ്മളമായ ഒരു ചുംബനമായി നിന്‍െറ മൂര്‍ദ്ധാവില്‍ പതിക്കും. നീ തനിച്ചാകുമ്പോള്‍ നിന്‍െറ ചാരെ വന്ന് അത് നിന്നോട് പിറുപിറുക്കും. ആള്‍ക്കൂട്ടത്തിന്‍െറ ക്രൂരമായ തിരക്കില്‍ അത് ഏകാന്തതയുടെ കരുതലായി നിന്നെ പൊതിഞ്ഞുപിടിക്കും...എന്‍െറ ശബ്ദം മരണത്തോടെ നിലക്കുമെങ്കിലും എന്‍െറ ഗീതങ്ങള്‍ നിന്‍െറ തുടിക്കുന്ന ഹൃദയത്തോടു സംസാരിച്ചുകൊണ്ടേയിരിക്കും.’ ‘പിറ’യിലെ ഗീതങ്ങള്‍ നമ്മെ പിന്തുടരുകതന്നെ ചെയ്യും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus