‘നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കൂ, എന്നിട്ട് സത്യനിഷേധികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കിക്കാണൂ’ -വിശുദ്ധ ഖുര്‍ആന്‍െറ ഈ ആഹ്വാനം എന്തുമാത്രം അര്‍ഥതലങ്ങളുള്ളതാണെന്ന് ഇക്കഴിഞ്ഞയാഴ്ച മൂന്നു ദിവസങ്ങളിലായി സൗദി അറേബ്യയില്‍ നടത്തിയ പര്യടനത്തിലാണ് ബോധ്യപ്പെട്ടത്.
നിരവധി പ്രവാചകന്മാരുടെയും ചരിത്ര പുരുഷന്മാരുടെയും പാദസ്പര്‍ശമേറ്റ ഭൂമിയാണ് സൗദി അറേബ്യ. മക്കയില്‍ റമദാന്‍ അവസാനം രണ്ടു ദിവസങ്ങളിലായി നടന്ന ഒ.ഐ.സി ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഞാന്‍. പെരുന്നാളാഘോഷത്തോടനുബന്ധിച്ച് മക്കയിലെ സുഹൃത്തുക്കള്‍ ചരിത്രപ്രധാനമായ ചില സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നുവെന്നറിഞ്ഞപ്പോള്‍ അവരോടൊപ്പം ചേരുകയായിരുന്നു.
സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങള്‍ പലതും വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട ചില പ്രവാചകന്മാരുടെ ആഗമനം കൊണ്ട് അനുഗ്രഹീതമായവയാണ്. യുഗപുരുഷന്മാരായ ആ പ്രവാചകന്മാരില്‍ ഇബ്രാഹിം നബിക്കു മുമ്പ് ജീവിച്ചിരുന്ന ജനതയിലേക്കു വന്ന സ്വാലിഹ്, ശേഷം വന്ന ശുഐബ് തുടങ്ങിയ പ്രവാചകന്മാരുടെ ചരിത്രവുമായി ബന്ധപ്പെട്ട മദാഇനു സ്വാലിഹ്, മദ്യനു ശുഐബ്, മൂസാ നബി തന്‍െറ ജനതയെ ഫറവോനില്‍നിന്ന് മോചിപ്പിച്ച് ഈജിപ്തിലേക്ക് ചെങ്കടല്‍ കടന്ന് രക്ഷപ്പെട്ട പ്രദേശമായ മഖ്നാ, പ്രവാചകന്‍ മുഹമ്മദ് മുപ്പതിനായിരം യോദ്ധാക്കളുമായി റോമാസാമ്രാജ്യത്തോട് യുദ്ധം ചെയ്യാനെത്തിയ തബൂക്ക്, സീനാ പര്‍വതത്തിന്‍െറ വിദൂര ദൃശ്യാവിഷ്കാരം കൊണ്ട് അനുഗൃഹീതമായ ചെങ്കടല്‍ തീരം എന്നിവ സന്ദര്‍ശിക്കുകയായിരുന്നു ലക്ഷ്യം.
പെരുന്നാള്‍ദിനമായ ആഗസ്റ്റ് 19 ഞായറാഴ്ച ഉച്ചതിരിഞ്ഞ് അബ്ദുസ്സലാം കൂട്ടിലിന്‍െറ നേതൃത്വത്തില്‍ 48 പേരുള്‍ക്കൊള്ളുന്ന ഞങ്ങളുടെ ടൂര്‍ ഗ്രൂപ് ഒരു ബസില്‍ പുറപ്പെട്ടു. കുട്ടികളും സ്ത്രീകളും സംഘത്തിലുണ്ടായിരുന്നു. ഉച്ചവെയിലിന്‍െറ കാഠിന്യം പുറപ്പെട്ട ബസിന്‍െറ ശീതീകരണിയുമായി പൊരുത്തപ്പെടാതെവന്നപ്പോള്‍ അതേ കമ്പനി വണ്ടി മാറ്റിത്തന്നു. സൗകര്യപ്രദമായ ആ ബസും അതിന്‍െറ സിറിയക്കാരനായ ഡ്രൈവറും യാത്രാവസാനം വരെ ഇണങ്ങിക്കഴിഞ്ഞു.
രാത്രിയോടെ മദീനയിലെത്തി പുണ്യപ്രവാചകന്‍െറ പട്ടണത്തില്‍ രാപ്പാര്‍ക്കാനും പ്രവാചകന്‍െറ പള്ളിയില്‍ പ്രഭാത നമസ്കാരവും സിയാറത്തും നിര്‍വഹിക്കാനുമായിരുന്നു പരിപാടി. റമദാന്‍െറ തിരിയടങ്ങിയ പ്രവാചക നഗരി ശാന്തിപര്‍വംപോലെ മഹത്വത്തിന്‍െറ ചേതനമുറ്റി നില്‍ക്കുന്നത് രാത്രിയില്‍ ആസ്വദിക്കാനായി.
കാലത്ത് കുളിച്ചൊരുങ്ങി പുറപ്പെട്ടത് മദാഇനു സ്വാലിഹിലേക്കായിരുന്നു. മദീനയില്‍നിന്ന് 330 കിലോമീറ്റര്‍ ദൂരെ സ്ഥിതിചെയ്യുന്ന അല്‍ഉലാക്കടുത്താണ് മദാഇനു സ്വാലിഹ്. വര്‍ഷങ്ങളായി സന്ദര്‍ശിക്കാന്‍ കൊതിച്ചു കഴിഞ്ഞിരുന്ന ആ ചരിത്രഭൂമിയിലേക്കുള്ള യാത്ര എന്‍െറ മനസ്സില്‍ ആവേശത്തിന്‍െറ ആന്ദോളനങ്ങള്‍ സൃഷ്ടിച്ചിരുന്നു.
സത്യനിഷേധികളായ മദാഇന്‍ നിവാസികള്‍ സ്വാലിഹ് നബിയെ ഭര്‍ത്സിക്കുകയും പരിഹസിക്കുകയും ദേഹോപദ്രവമേല്‍പിക്കുകയും ചെയ്തതും, പ്രവാചകനോട് തന്‍െറ പ്രവാചകത്വത്തിന് ദൃഷ്ടാന്തം ആവശ്യപ്പെട്ടതും, ദൃഷ്ടാന്തമായി ഭീമാകാരമായ ഒരു ഒട്ടകത്തെ അല്ലാഹു പ്രത്യക്ഷപ്പെടുത്തിക്കൊടുത്തതും ചരിത്രം. പരീക്ഷണമൃഗത്തെ സത്യനിഷേധികള്‍ ധിക്കാരപൂര്‍വം അറുത്തതും തുടര്‍ന്ന് ദൈവിക ശിക്ഷ ഭൂമിയില്‍ പ്രകമ്പനമായും ഘോരാട്ടഹാസമായും വന്നുഭവിച്ചതും ക്ളാസുകളില്‍ പഠിച്ച നാള്‍തൊട്ട്, പര്‍വതങ്ങള്‍ തുരന്ന് ഭവനങ്ങള്‍ തീര്‍ത്ത ശക്തരും ധിക്കാരികളുമായ ആ ജനതയുടെ പ്രദേശം കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. നൂഹ് നബിയുടെ ജനതയെ ജലപ്രളയംകൊണ്ടും ഹൂദ് നബിയുടെ ജനതയെ പ്രകമ്പനം കൊണ്ടും നശിപ്പിച്ചതുപോലെ സ്വാലിഹ് നബിയുടെ ജനതയെയും അല്ലാഹു നശിപ്പിച്ചതായാണ് ചരിത്രം. പ്രകമ്പനം, ഘോരശബ്ദം, അട്ടഹാസം, ഇടിനാദം എന്നിങ്ങനെ ആ ജനതക്കുമേല്‍ വര്‍ഷിച്ച ശിക്ഷയെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നുണ്ട്.
ആദം നബിയിലൂടെ ഭൂമുഖത്ത് മനുഷ്യവാസം തുടങ്ങിയത് അറബ് ഉപദ്വീപെന്ന പേരില്‍ മുമ്പ് അറിയപ്പെട്ടിരുന്ന പ്രദേശത്താണെന്നും അത് പരിശുദ്ധ കഅ്ബാലയത്തിന്‍െറ സമീപ പ്രദേശമായ അറഫയായിരിക്കാന്‍ സാധ്യതയുണ്ടെന്നും ഖുര്‍ആന്‍, ഹദീസ് പഠനങ്ങളും ചരിത്ര ഗവേഷണ നിരീക്ഷണങ്ങളും മുന്‍നിര്‍ത്തി പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ആദമിന്‍െറ പിന്‍ഗാമികളായി വന്ന ജനതയായിരുന്നു ‘നൂഹിന്‍െറ ജനം’ എന്ന് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്ന വിഭാഗം. ധിക്കാരികളും അക്രമികളുമായ ആ ജനതയെ അല്ലാഹു നശിപ്പിച്ചതായി ഖുര്‍ആന്‍ പറയുന്നു. പ്രവാചകന്‍ ഹൂദ് നിയോഗിതനായ ‘ആദ്’ ഗോത്രത്തിന്‍െറയും അധിവാസ കേന്ദ്രം അറബ് ഉപഭൂഖണ്ഡംതന്നെയായിരുന്നു.
ഹൂദിന് ശേഷം, സമൂദ് സമൂഹത്തിലേക്കുവന്ന പ്രവാചകനാണ് സ്വാലിഹ്. നാഗരികതയുടെയും സാങ്കേതിക പരിജ്ഞാനത്തിന്‍െറയും പുതിയൊരു യുഗപ്പിറവിക്ക് നാന്ദി കുറിച്ച ആ ജനതയെ കുറിച്ച് ഗ്രീക്ക്, റോമന്‍ ഗ്രന്ഥങ്ങളിലും അസീരിയ, അലക്സാന്‍ഡ്രിയ ലിഖിതങ്ങളിലും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അറേബ്യയുടെ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തിന് അല്‍ഹിജ്ര്‍ എന്നാണ് പേര്. മദീനയുടെയും തബൂക്കിന്‍െറയും മധ്യേയുള്ള മദാഇനു സ്വാലിഹാണ് അല്‍ഹിജ്റിന്‍െറ തലസ്ഥാനം. ആയിരക്കണക്കിന് ഏക്കര്‍ വിസ്തൃതിയില്‍ വിശാലമായി പരന്നുകിടക്കുന്ന ഈ പ്രദേശത്ത് കരിങ്കല്‍ പാറക്കെട്ടുകള്‍ തുരന്നുണ്ടാക്കിയ നൂറുകണക്കിന് ഭവനങ്ങള്‍ ഇപ്പോഴും കാണാം.
ഭൗതിക പ്രമത്തരും സുഖലോലുപരുമായ സമൂദ് ജനത പടുകൂറ്റന്‍ പാറക്കെട്ടുകളില്‍ കമനീയമായി ഭവനങ്ങള്‍ തുരന്നുണ്ടാക്കുന്നതു കൂടാതെ സമതല പ്രദേശങ്ങളില്‍ രമ്യഹര്‍മ്യങ്ങള്‍ നിര്‍മിക്കുന്നതിലും പ്രത്യേക പ്രാവീണ്യംനേടിയവരായിരുന്നു.
പാവങ്ങളും ദുര്‍ബലരുമായ ആളുകളെ കൂട്ടി ധര്‍മോപദേശം നല്‍കി നടന്നിരുന്ന സ്വാലിഹിനെ അധിക്ഷേപിക്കുകയും തള്ളിപ്പറയുകയും ചെയ്ത അവര്‍ക്കുള്ള ദൈവിക ശിക്ഷ ഇറങ്ങിയപ്പോള്‍, സമതലങ്ങളില്‍ നിര്‍മിച്ച ഭവനങ്ങള്‍ പ്രകമ്പനത്താല്‍ തകര്‍ന്നോ, ഈ പാറ ഭവനങ്ങളില്‍ തങ്ങിയവര്‍ ഘോരാട്ടഹാസത്താല്‍ പേടിച്ചു മരവിച്ചോ ആയിരിക്കാം ആ ജനത നശിച്ചത്. ഏതായാലും, സംസ്കാരച്യുതിയുടെ പാരമ്യത്തിലെത്തിയ ധിക്കാരികളായ ആ ജനതയുടെ മറ്റ് അവശിഷ്ടങ്ങളൊന്നും ബാക്കിയാക്കാതെ തുടച്ചു നീക്കിയെന്നുവേണം കരുതാന്‍. അവശേഷിച്ച സത്യവിശ്വാസികളുമായി സ്വാലിഹ് നബി സമീപപ്രദേശത്തുതന്നെ പുതിയ ജനവാസകേന്ദ്രം ആരംഭിച്ചുവെന്ന് ചരിത്രം പറയുന്നു.
പ്രവാചകനായ സ്വാലിഹിന് ദൃഷ്ടാന്തമായി ഭീമാകാരമായ ഒട്ടകം പ്രത്യക്ഷപ്പെട്ടതും മറ്റു ഒട്ടകങ്ങള്‍ വെള്ളംകുടിക്കാനുപയോഗിച്ചിരുന്ന കിണറ്റിലെ വെള്ളം ആ ഒട്ടകം കുടിച്ചതും ധിക്കാരികളായ ആ ജനത ഒട്ടകത്തെ അറുത്തുകളഞ്ഞതും ചരിത്രം. മൂന്നു നാള്‍ക്കകം അവര്‍ക്ക് ഭയാനകമായ ശിക്ഷ വന്നുഭവിക്കുകയായിരുന്നു.
സ്വാലിഹ് നബിയുടെ ഒട്ടകം പ്രത്യക്ഷപ്പെട്ട സ്ഥലമായ ഫജ്ജുന്നാഖയും ഒട്ടകം വെള്ളം കുടിക്കാനുപയോഗിച്ച കിണറും ഇന്നും കാണാം. 2008ല്‍ യുനസ്കോ വേള്‍ഡ് ഹെറിറ്റേജ് സിറ്റിയായി ഈ പ്രദേശം അംഗീകരിച്ചതിനാല്‍ പ്രത്യേക അനുമതി വാങ്ങി മാത്രമേ അങ്ങോട്ടു പ്രവേശിക്കാന്‍ സാധിക്കൂ. കട്ടിപ്പാറയില്‍ കൊത്തിയുണ്ടാക്കിയ ഭവനങ്ങള്‍ ഉള്‍ഭാഗം മുറികളോടു കൂടിയതാണെങ്കിലും അധികം ഉയരമില്ല. പുറത്തെ കത്തിയെരിയുന്ന വെയിലിലും അകത്ത് നല്ല തണുപ്പനുഭവപ്പെടുന്നതിനാല്‍ സുഖവാസകേന്ദ്രമായാണ് ഈ പാറവീടുകള്‍ അവര്‍ ഉപയോഗിച്ചിരുന്നതെന്നു കരുതാം.
മദീനക്കും തബൂക്കിനുമിടയില്‍ അല്‍ഉലായെന്നും വാദില്‍ഖുറ എന്നും വിളിക്കപ്പെടുന്ന ജനവാസകേന്ദ്രത്തില്‍നിന്ന് ഏകദേശം 25 കിലോമീറ്റര്‍ വടക്കുമാറിയാണ് മദാഇനു സ്വാലിഹ്.
തുര്‍ക്കികള്‍ സ്ഥാപിച്ച അല്‍ഹിജ്ര്‍ റെയില്‍വേ സ്റ്റേഷനും റെയിലും 1906ല്‍ നിര്‍മിച്ച തീവണ്ടി എന്‍ജിനും ഏതാനും ബോഗികളും സംരക്ഷിക്കപ്പെടുന്നുണ്ടെന്നത് സൗദി അറേബ്യയിലെ ഇതര ചരിത്ര സ്മാരകശിലകളുടെ ഗതിയോര്‍ക്കുമ്പോള്‍ അദ്ഭുതമായി തോന്നിയേക്കാം. യുനസ്കോയുടെ ഇടപെടല്‍ ഈ ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണത്തിന് പ്രചോദനമേകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏതായാലും, മനുഷ്യ ചരിത്രത്തിന്‍െറ വലിയൊരു ഭാഗം ഈ ഭൂപ്രദേശങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ ഖനന പരീക്ഷണങ്ങള്‍ക്കും ടൂറിസം വികസനത്തിനും ഏറ്റവും സാധ്യതയുള്ള പ്രദേശമാണിതെന്നു പറയാം. റിയാദിലെ സൗദി കമീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് ആന്‍റിക്വ്സിന് 014041391 ലേക്ക് സന്ദര്‍ശകരുടെ പേരു വിവരങ്ങള്‍ ചേര്‍ത്ത് അപേക്ഷ ഫാക്സ് ചെയ്താല്‍ സന്ദര്‍ശനാനുമതി ലഭിക്കും. സന്ദര്‍ശനം അനുവദിച്ചു ലഭിക്കുന്ന ഫാക്സ് സന്ദേശം മദായിന്‍ ഗേറ്റില്‍ സെക്യൂരിറ്റിയെ കാണിച്ചുവേണം അകത്തു പ്രവേശിക്കാന്‍.
മദാഇനു സ്വാലിഹില്‍നിന്ന് ഞങ്ങള്‍ നേരെ പോയത് 400 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന തബൂക്കിലേക്കാണ്. മുപ്പതിനായിരം യോദ്ധാക്കളുമായി പ്രവാചകന്‍ മുഹമ്മദ് നബി റോമാ സൈന്യത്തോട് യുദ്ധം ചെയ്യാന്‍ തമ്പടിച്ച പ്രദേശമാണ് തബൂക്ക്. കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ചരിത്ര പ്രസിദ്ധമായ ആ സ്ഥലത്ത് തമ്പടിച്ച സ്ഥലവും ജയിലും സന്ദര്‍ശിച്ച് ഞങ്ങള്‍ തിരിച്ചു. ജിദ്ദയില്‍നിന്നുള്ള ഒരു സംഘവും ഈ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ഞങ്ങളോടൊപ്പമുണ്ടായിരുന്നു.
തബൂക്കിനു സമീപം ഞങ്ങള്‍ തങ്ങിയ, ഫലമൂലാദികള്‍ തിങ്ങിനിറഞ്ഞ തോട്ടത്തിന്‍െറ സ്മരണ ഇന്നും മനസ്സില്‍ മധുരം തുളുമ്പി മായാതെ നില്‍ക്കുന്നു. ഏതോ അത്യുദാരനായ ഒരു അറബിയുടേതായിരുന്നു തോട്ടം. കനത്ത് തൂങ്ങിനില്‍ക്കുന്ന ഈത്തപ്പഴവും നാനാവിധ പഴവര്‍ഗങ്ങളും യഥേഷ്ടം പറിച്ചു തിന്നാനുള്ള അനുവാദത്തോടെ ഞങ്ങളെ കാവല്‍ക്കാര്‍ എതിരേറ്റു. ഊഷരതയുടെ പരുപരുത്ത മരുഭൂമിയില്‍ ശാദ്വലമായ ഉര്‍വരത എങ്ങനെ തളിരിടും എന്നതിന്‍െറ ഉദാഹരണമായിരുന്നു ആ തോട്ടം.
തബൂക്കില്‍നിന്ന് നേരെ മദ്യനു ശുഐബിലേക്ക്. സ്വാലിഹ് നബിക്കുശേഷം രണ്ടുമൂന്ന് തലമുറകള്‍ കഴിയുമ്പോഴേക്കും ആ ജനതയും ദുഷിച്ചുതുടങ്ങിയിരുന്നു. പാറക്കൂട്ടങ്ങള്‍ തുരന്ന് ഭവനങ്ങളുണ്ടാക്കിയും സമതലങ്ങളില്‍ പാര്‍പ്പിടങ്ങളും വാണിജ്യകേന്ദ്രങ്ങളും സ്ഥാപിച്ചും ജീവിച്ച ആ ജനതയും പൈശാചികതയും പേക്കൂത്തുകളും കൃത്രിമത്വവും ചതിയും വഞ്ചനയും തങ്ങളുടെ ജീവിതശൈലിയാക്കിയപ്പോള്‍, അല്ലാഹു അവരിലേക്കയച്ച പ്രവാചകനാണ് ശുഐബ്. സമൂദ് ജനതയുടെ പാര്‍പ്പിടങ്ങളുടെയത്ര മനോഹാരിതയും കെട്ടുറപ്പുമില്ലെങ്കിലും, പാറ തുരന്നുണ്ടാക്കിയ വീടുകള്‍ സുഖവാസകേന്ദ്രങ്ങളാണെന്നു തന്നെ കരുതണം.
ഇബ്റാഹിം നബിക്ക് ഖാതൂറ എന്ന ഭാര്യയിലുണ്ടായ മിദ്യാന്‍ എന്ന മകനുമായി ബന്ധപ്പെട്ട് ബനൂ മിദ്യാന്‍ എന്ന ഗോത്രം താമസിച്ചിരുന്ന പ്രദേശമാണ് പിന്നീട് മദ്യന്‍ എന്നറിയപ്പെട്ടത്. പ്രവാചകന്‍ ശുഐബിന്‍െറ ആഹ്വാനം ധിക്കരിക്കുകയും തള്ളിക്കളയുകയും ചെയ്ത മദ്യന്‍കാരെയും അല്ലാഹു അതിഘോരമായ പ്രകമ്പനത്തിലൂടെയും ഘോരാട്ടഹാസത്തിലൂടെയും നശിപ്പിച്ചതായി ഖുര്‍ആന്‍ പറയുന്നു. ചെങ്കടല്‍ തീരത്ത് അഖബാ ഉള്‍ക്കടലിനോടു ചേര്‍ന്ന് വിശാലമായി കിടക്കുന്ന ആ ഭൂപ്രദേശം സഞ്ചാരികളായ അറബികള്‍ക്ക് സുപരിചിതമാണ്.
മദ്യനു ശുഐബില്‍നിന്ന് പ്രവാചകന്‍ മൂസയുമായും അദ്ദേഹത്തിന്‍െറ സമുദായമായ ബനൂ ഇസ്റാഈലുമായും ബന്ധപ്പെട്ട മഖ്നാ എന്ന പ്രദേശത്തേക്കായിരുന്നു യാത്ര. ചെങ്കടല്‍ രണ്ടായി പിരിഞ്ഞ് വടക്കുകിഴക്കായി കിടക്കുന്ന അഖബാ ഉള്‍ക്കടല്‍ തീരത്താണ് മഖ്നാ സ്ഥിതി ചെയ്യുന്നത്. ഫറവോന്‍െറ അടിമച്ചങ്ങലകളില്‍നിന്ന് ഇസ്രായേല്‍ മക്കളെ വിമോചിപ്പിച്ച് ചെങ്കടല്‍ കടന്ന് മൂസാ നബി സഞ്ചരിച്ച മേഖലകളിലൊന്നാണ് മഖ്നാ. അവിടെവെച്ച് മൂസാ നബി തന്‍െറ സമുദായത്തിന് ദാഹജലം ലഭിക്കാനായി അല്ലാഹുവോട് പ്രാര്‍ഥിച്ചപ്പോള്‍ വടികൊണ്ട് പാറമേല്‍ അടിക്കാന്‍ അല്ലാഹു കല്‍പിച്ചു. തന്‍െറ കൈയിലിരുന്ന അദ്ഭുത വടി കൊണ്ട് പാറമേല്‍ അടിച്ചപ്പോള്‍ 12 ഉറവകളുണ്ടായെന്നും ഇസ്രായേല്‍ സമുദായത്തിലെ ഓരോ വിഭാഗവും അവരവരുടെ ഉറവകള്‍ കണ്ടെത്തി കൈവശപ്പെടുത്തി ഉപയോഗിച്ചുവെന്നും വിശുദ്ധ ഖുര്‍ആനും ചരിത്രവും വിശദീകരിക്കുന്നുണ്ട്. മഖ്നായില്‍ കണ്ട ഉറവ ഗുരുത്വാകര്‍ഷണത്തിന്‍െറ അത്യദ്ഭുതകരമായ ദൃഷ്ടാന്തമായി അനുഭവപ്പെട്ടു. വെള്ളം താഴോട്ടൊഴുകുന്നതിനു പകരം ഒന്നര മീറ്ററിലേറെ ഉയരമുള്ള ഭാഗത്തേക്കാണ് മെല്ലെ ഒഴുകുന്നത്. ഉത്തര ദക്ഷിണ ധ്രുവങ്ങളുടെ ആകര്‍ഷണ സിദ്ധാന്തത്തിന്‍െറ വിരുദ്ധ ഗതിയായി (anti activation) തിയറി പ്രകാരമാണ് ഈ വെള്ളം മുകളിലേക്കൊഴുകുന്നത് എന്ന് ശാസ്ത്രീയമായി വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്. ആ ഭാഗം വൃത്തിയാക്കിയെടുക്കുകയാണെങ്കില്‍ ഏറ്റവും ആകര്‍ഷകമായ ടൂറിസ്റ്റ് കേന്ദ്രമായിത്തീരുമായിരുന്നു. അകലെയായി ഇത്തരം ഉറവകള്‍ വേറെയുമുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു.
ജോര്‍ദാന്‍, ഈജിപ്ത്, ഫലസ്തീന്‍ എന്നീ മൂന്നു രാഷ്ട്രങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന വടക്കെ അറ്റത്തെ ഹഖല്‍ എന്ന സ്ഥലം കാണാനാഗ്രഹിച്ചിരുന്നെങ്കിലും ദീര്‍ഘദൂര യാത്ര ഭയന്ന് ഒഴിവാക്കുകയാണുണ്ടായത്. നിരവധി പ്രവാചകന്മാരുടെയും സാമൂഹിക പരിഷ്കര്‍ത്താക്കളുടെയും പാദസ്പര്‍ശമേറ്റ ഈ പ്രദേശങ്ങളിലേക്കുള്ള പഠന യാത്ര വളരെയേറെ ഫലംചെയ്യുമെന്ന് കരുതുന്നു. അനാരോഗ്യം അവഗണിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം നടത്തിയ യാത്രയില്‍ അസീസിയ്യയിലെ അബ്ദുസ്സമദ് രണ്ടത്താണിയും അബ്ദുസ്സലാം കൂട്ടിലങ്ങാടിയും നല്‍കിയ കൈത്താങ്ങ് മറക്കാനാവില്ല. ചരിത്രത്തിന്‍െറ നിലവറകളില്‍ നിറഞ്ഞുനില്‍ക്കുന്ന പഠന പാഥേയങ്ങള്‍ പുറത്തെടുക്കാനുള്ള ചിന്ത മൂന്നു നാളത്തെ യാത്രകൊണ്ട് എന്നിലുണ്ടായി എന്നതാണ് ഏറെ സന്തോഷിപ്പിച്ചത്. മനസ്സിലും ഓര്‍മയുടെ അറകളിലും ഒരു കൊച്ചു ചെരാതെങ്കിലും കത്തിച്ചുവെക്കാന്‍ ഈ യാത്ര ഉപകരിച്ചുവെന്നതില്‍ ഞാന്‍ ധന്യനാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍