ദാനധര്‍മ മേഖലയില്‍ ഒറിജിനലിനെ തിരിച്ചറിയല്‍ ദുഷ്കരമാണ്. പണമുള്ളവന്‍െറ ദാനം നാലെറിഞ്ഞ് പത്തു പിടിക്കാനുള്ള അടവാണെന്ന മുന്‍ധാരണ പക്ഷേ, കാസര്‍കോട് ബദിയടുക്ക കിളിംഗാര്‍ നടുമന ഗ്രാമത്തിലെ ഗോപാലകൃഷ്ണ ഭട്ട് എന്ന സായിറാം ഭട്ടിന്‍െറ വിശുദ്ധ പുഞ്ചിരിയില്‍ അലിഞ്ഞില്ലാതാവുന്നു.
എങ്ങനെയാണ് സ്വാമീ സ്വത്ത് ഇങ്ങനെ ദാനം ചെയ്യാന്‍ കഴിയുന്നത് എന്ന ലളിത ചോദ്യത്തിന് സ്വാമിയുടെ ഉത്തരം അതിലും ലളിതമാണ്. ‘‘മരിക്കുമ്പോള്‍ ഒന്നും കൊണ്ടുപോകുന്നില്ലല്ലോ. മുട്ടുണ്ടാകാതെ ജീവിച്ചാല്‍ മതിയെന്നുവെച്ചാല്‍ മറ്റുള്ളവരെ സഹായിക്കാന്‍ കഴിയും.’’ നാട്ടുകാരുടെ പ്രിയപ്പെട്ട സായിറാം ഭട്ട് കഴിഞ്ഞ 17 വര്‍ഷംകൊണ്ട്, വീടില്ലാത്തവര്‍ക്ക് ഇതേവരെ പണി തീര്‍ത്തു നല്‍കിയത് 201 വീടുകള്‍.
കുടുംബനാഥന്മാര്‍ ഗതിയില്ലാതെ അലയുന്ന വീടുകളില്‍ കുടുംബിനികള്‍ക്കായി തയ്യല്‍ മെഷീനുകള്‍, ‘രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവുന്നില്ല സ്വാമീ...’ എന്ന് ഹൃദയം നൊന്ത് വിലപിക്കുന്ന പുരുഷന്മാര്‍ക്ക് ഓട്ടോ റിക്ഷകള്‍, നാട്ടുകാര്‍ക്ക് കുടിവെള്ള പദ്ധതി, പാവങ്ങളുടെ ചികിത്സക്കായി എല്ലാ ശനിയാഴ്ചകളിലും ചികിത്സാ ക്യാമ്പ്, സൗജന്യ മരുന്നു വിതരണം...അക്ഷരാര്‍ഥത്തില്‍ തുളുനാട്ടിലെ തണല്‍മരമാണ് എട്ടാം ക്ളാസിനപ്പുറം പള്ളിക്കൂടം കണ്ടിട്ടില്ലാത്ത ഈ വൃദ്ധന്‍.
ഒരു ജോടി വസ്ത്രം വാങ്ങി നല്‍കിയാല്‍ അതിന്‍െറ പടവും അവകാശവാദ കുറിപ്പുമായി പത്രസ്ഥാപനങ്ങളിലേക്ക് തള്ളിക്കയറുന്ന ‘പബ്ളിക് റിലേഷന്‍സ്’ സ്വാമിയുടെ ഏഴയലത്തുപോലും എത്തിയിട്ടില്ല. 17 വര്‍ഷംമുമ്പ് കുണ്ട്യാന എന്ന, നടുമനയിലെ പാവം കര്‍ഷകന്‍ കാറ്റില്‍ പറന്നുപോയ വീടിന്‍െറ മേല്‍ക്കൂര പുതുക്കിപ്പണിയാന്‍ ഓലയും കവുങ്ങിന്‍ കഷണങ്ങളും തേടി സ്വാമിയുടെ പടിക്കലെത്തി. ‘‘കാറ്റ് അടുത്ത വൃശ്ചികത്തിലും ആഞ്ഞുവീശിയാലോ കുണ്ട്യാനേ’’ എന്ന സ്വാമിയുടെ ചോദ്യത്തിനുമുന്നില്‍ കര്‍ഷകന് ഉത്തരംമുട്ടി. ‘‘ശരി, നിനക്ക് ഞാനൊരു വീട് ഉണ്ടാക്കിത്തരാം’’ എന്നായി സ്വാമി.
നാലു സെന്‍റില്‍, രണ്ടു മുറിയും അടുക്കളയും ഹാളുമടങ്ങുന്നതായിരുന്നു സായിറാം ഭട്ട് പണിതുനല്‍കിയ ആദ്യത്തെ വീട്. അതിനുശേഷം ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കും സ്വാമി വീടുവെച്ചു നല്‍കി. അകത്തെ ചുവര്‍ തേച്ചും പുറത്ത് തേക്കാതെയും നിലം കാവിയിട്ട, ഓടിട്ട കൊച്ചുവീടുകള്‍. അവശ്യം വേണ്ട സൗകര്യങ്ങള്‍ മാത്രമേ വീടിന് പാടുള്ളൂ എന്ന് ഭട്ടിന് നിര്‍ബന്ധമുണ്ട്.
ഇല്ലാത്തവന്‍തന്നെയാണോ തന്‍െറയടുക്കല്‍ സങ്കടവുമായി വരുന്നതെന്ന് കണ്ടെത്താന്‍ സ്വാമി സ്വന്തംനിലക്ക് അന്വേഷിക്കും. ഇങ്ങനെ അന്വേഷിച്ച് കണ്ടെത്തിയ കള്ളക്കണ്ണീരുകളും ധാരാളം.
ഇക്കഴിഞ്ഞ ഞായറാഴ്ച കിളിംഗാര്‍ സത്യസായി മന്ദിരത്തില്‍വെച്ച് ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ് അവകാശിക്ക് കൈമാറിയ താക്കോല്‍, സ്വാമി നിര്‍മിച്ചു നല്‍കിയ 201ാമത്തെ വീടിന്‍േറതായിരുന്നു. കര്‍ണാടകയിലെ അതിര്‍ത്തിപ്രദേശമായ വിട്ല സ്വദേശിക്ക് നല്‍കിയ ഒരു വീട് ഒഴിച്ചാല്‍ ബാക്കി ഇരുന്നൂറും ചന്ദ്രഗിരി പുഴയുടെ അക്കരെയുള്ള തുളുനാട്ടുകാര്‍ക്കാണ് ഭട്ട് നല്‍കിയത്. മുമ്പ് നാലു സെന്‍റ് സ്വന്തം ചെലവില്‍ വാങ്ങിയായിരുന്നു സ്വാമി അതില്‍ വീട് പണിതു കൊടുത്തിരുന്നത്. ഇന്ന് ചുരുങ്ങിയത് മൂന്ന് സെന്‍െറങ്കിലും ഉള്ളവര്‍ക്കേ അദ്ദേഹം വീടുവെച്ച് നല്‍കുന്നുള്ളൂ. ‘‘അന്ന് സെന്‍റിന് മുവായിരമോ നാലായിരമോ ആയിരുന്നു വില. ഒരു വീടുവെക്കാന്‍ 45,000 രൂപ മതിയാകും. ഇന്ന് വീടിനുമാത്രം 1.10 ലക്ഷം രൂപയാവും. സ്ഥലം കൂടി വാങ്ങിക്കാന്‍ എന്‍െറ കൈയില്‍ പണമില്ല’’-നിര്‍മലമായ ചിരിയോടെ സായിറാം ഭട്ട് പറയുന്നു.
എട്ട് ജോലിക്കാരുള്ള സ്വന്തം ടീമുണ്ട് വീടു പണിക്ക്. സ്വാമിക്കാണെന്നു പറയുമ്പോള്‍ ചെങ്കല്ലും സിമന്‍റും പൂഴിയുമൊക്കെ ആളുകള്‍ തടസ്സമില്ലാതെ എത്തിച്ചുകൊടുക്കും.
സ്വന്തം കൈകൊണ്ട് വീടിന്‍െറ താക്കോല്‍ ഉടമസ്ഥന് കൈമാറില്ല എന്ന ചിട്ടയുണ്ട്. ‘‘നമ്മ കൈകൊണ്ട് കൊടുത്താല്‍ അത് കടപ്പാട് പോലാകും. ഉടമസ്ഥന്‍ വീട്ടില്‍ പാര്‍ക്കുമ്പോഴും എന്നോടുള്ള എന്തോ കടപ്പാട് അയാളുടെ മനസ്സിലുണ്ടാകും. അത് പാടില്ല, വീട് നിര്‍മിച്ചുനല്‍കിയാല്‍ ഞാനും അയാളും തമ്മില്‍ യാതൊരു ബന്ധവുമില്ല...’’ഇതാണ് സ്വാമിയുടെ ന്യായം. ദാനശാസ്ത്രം അങ്ങനെ പറയുന്നു എന്നൊരു ആത്മീയ കാഴ്ച്ചപ്പാടുംകൂടി വിവരിക്കുന്നു അദ്ദേഹം. ഇപ്പോള്‍ സ്വാമി നല്‍കുന്ന വീടിന് പൊതു കക്കൂസ്കൂടി നിര്‍മിച്ചുകൊടുത്ത് സഹായിക്കാന്‍ ബദിയടുക്ക ഗ്രാമപഞ്ചായത്തും രംഗത്തുണ്ട്. സ്വാമിയുടെ സദ്പ്രവൃത്തി കേട്ടറിഞ്ഞ് കഴിഞ്ഞ മന്ത്രിസഭയിലെ ഭവന വകുപ്പു മന്ത്രി ബിനോയ് വിശ്വം വീടൊന്നിന് 25,000 രൂപ വീതം സര്‍ക്കാര്‍ സബ്സിഡി അനുവദിക്കാമെന്ന് പറഞ്ഞെങ്കിലും സ്വാമി സമ്മതിച്ചില്ല. സ്പോണ്‍സര്‍ഷിപ്പുകള്‍, ഡൊണേഷന്‍ എന്നീ വാക്കുകളൊന്നും സായിറാം ഭട്ടിന് പഥ്യമല്ല. വീടിന് തൊട്ടടുത്ത സായിമന്ദിരം ഹാളില്‍ എല്ലാ ശനിയാഴ്ചയും സൗജന്യ അലോപ്പതി, ആയുര്‍വേദ ക്യാമ്പ് തുടങ്ങിയത് ’96 മുതലാണ്. ഡോക്ടര്‍മാരായ കെ.കെ. നായര്‍, മോഹന്‍ നായക്, ബീന ഷെട്ടി, സുനില്‍, സത്യനാരായണ, ശ്രീനിധി എന്നിവര്‍ പണമൊന്നും വാങ്ങാതെ വര്‍ഷങ്ങളായി രോഗികളെ പരിശോധിക്കുന്നു, മരുന്നു നല്‍കുന്നു. രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഇതേ ഹാളില്‍വെച്ച് സമൂഹ വിവാഹവും സംഘടിപ്പിക്കുന്നു.
സത്യസായി ബാബയുടെ പരമഭക്തനായതിനാലാണ് സായിറാം ഭട്ട് എന്ന പേരു കിട്ടിയത്. പുട്ടപര്‍ത്തിയില്‍ ഇടക്കിടെ പോയി ബാബയുമായി നേരില്‍ സംസാരിക്കാറുണ്ടായിരുന്ന സ്വാമി ആറു കൊല്ലംമുമ്പ് പുട്ടപര്‍ത്തിയോട് എന്നേക്കുമായി വിട പറഞ്ഞു. ‘‘ഞാന്‍ ഓരോ തവണ പുട്ടപര്‍ത്തിയില്‍ പോയി വരുമ്പോഴും ധാരാളം പണം കൊണ്ടുവരുന്നുണ്ടെന്നും അതുകൊണ്ടാണ് വീടുവെച്ചു നല്‍കുന്നതെന്നും ചിലര്‍ പറഞ്ഞുതുടങ്ങി. അതോടെ യാത്ര മതിയാക്കി’’എന്ന് സ്വാമി. വൈദ്യന്‍, ജോത്സ്യന്‍, കളരിയാശാന്‍ എന്നീ നിലകളിലും നാട്ടുകാരുടെ സ്വാമിയാണ് ഭട്ട്. രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് നാലുവരെ വീടിന്‍െറ ഓഫിസ്മുറിയില്‍ ജനാലക്കരികില്‍ അദ്ദേഹമുണ്ടാകും. തിരുവനന്തപുരത്തുനിന്നും ചെന്നൈയില്‍നിന്നും മഹാരാഷ്ട്രയില്‍നിന്നും സ്വാമിയെ കാണാന്‍ ആളുകള്‍ വരുന്നു. കവടി നിരത്താതെ, ജാതകം നോക്കാതെ അദ്ദേഹം പ്രശ്നപരിഹാരം നിര്‍ദേശിക്കുന്നു. പാരമ്പര്യവൈദ്യത്തില്‍ ജ്യോതിഷം ഉപയോഗിക്കുന്ന രീതിയും ആയുര്‍വേദത്തിലെ മന്ത്രൗഷധവും ഭട്ടിന് നല്ല നിശ്ചയം. തുളുനാടന്‍ കളരിയും തെക്കന്‍ കളരിയും പഠിച്ച അദ്ദേഹം 25 വര്‍ഷം കളരി നടത്തിയിരുന്നു. ആളുകള്‍ അറിഞ്ഞ് തരുന്നതാണ് വൈദ്യത്തില്‍നിന്നും ജ്യോതിഷത്തില്‍നിന്നുമുള്ള വരുമാനം. എങ്കിലും, ഈ ദാനങ്ങളൊക്കെ നല്‍കാന്‍ ഈ പണം മതിയാകുമോ എന്ന, തുടക്കംമുതലേ വിമ്മിട്ടപ്പെട്ട ചോദ്യത്തിന് അദ്ദേഹത്തിന് മറുപടിയുണ്ട്. ‘‘തുളുനാട്ടിലെ മായിപ്പാടി രാജാക്കന്മാരുടെ ആസ്ഥാന മാന്ത്രികരായിരുന്നു ഞങ്ങളുടെ കുടുംബം. രാജാവ് നല്‍കിയ സ്വത്ത് അന്ന് 400 ഏക്കറോളം. പൊതുകാര്യത്തിനുവേണ്ടി സ്വത്ത് ചെലവഴിക്കുന്ന രീതി കാരണവന്മാരുടെ കാലത്തേ ഉണ്ടായിരുന്നു. ഞങ്ങളുടെ തലമുറയായപ്പോള്‍ 40 ഏക്കറാണുണ്ടായിരുന്നത്. ഇപ്പോള്‍ സ്വന്തമായുള്ള 20 ഏക്കറില്‍ കവുങ്ങ്, തെങ്ങ്, കൊക്കോ, ഒട്ടുമാവ്, പച്ചക്കറി എന്നിങ്ങനെ ധാരാളം കൃഷികളുണ്ട്. ഇവയില്‍നിന്നുള്ള വരുമാനവും കൂടാതെ രണ്ട് ചെറുമക്കളുടെ ശമ്പളത്തിലെ നല്ലൊരു ശതമാനവും സാമൂഹിക പ്രവൃത്തികള്‍ക്കായി ഉപയോഗിക്കുന്നു’’.
ശാരദയാണ് സായിറാം ഭട്ടിന്‍െറ ഭാര്യ. മകന്‍ കൃഷ്ണ ഭട്ട് ബദിയടുക്ക ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റും മരുമകള്‍ ഷീല വാര്‍ഡ് മെംബറുമാണ്. പെണ്‍മക്കളായ വാസന്തിയെയും ശ്യാമളയെയും കല്യാണം കഴിച്ചയച്ചു. ശ്യാമള വിട്ളയിലെ ഭര്‍തൃഗൃഹത്തില്‍ കളരി നടത്തുന്നുണ്ട്. കൃഷ്ണ ഭട്ടിന്‍െറ മകന്‍ വേണുഗോപാല്‍ ബംഗളൂരുവില്‍ എന്‍ജിനീയറും മകള്‍ ശാന്തി മംഗലാപുരത്ത് എന്‍ജിനീയറിങ് കോളജ് ലെക്ചററുമാണ്. ഇവരുടെ ശമ്പളത്തിലെ ഭൂരിഭാഗവും കുടുംബം തലമുറകളായി പിന്തുടര്‍ന്നുപോന്ന ദാനശാസ്ത്രം നടപ്പാക്കാന്‍ ഉപകരിക്കുന്നെന്ന് സായിറാം ഭട്ട് പറയുന്നു. പ്രായത്തിന്‍െറ വയ്യായ്കയില്‍ ഇപ്പോള്‍ കൃഷ്ണ ഭട്ടാണ് കാര്യങ്ങളെല്ലാം ചെയ്യുന്നത്.
തിരിച്ചിറങ്ങാന്‍ നേരവും സ്വാമിയോട് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല-‘‘പണമുള്ളവര്‍ അത് ഇരട്ടിയാക്കാന്‍ ശ്രമിക്കുന്ന ഇക്കാലത്ത്...?’’
‘‘അങ്ങനെയാന്നുമില്ലപ്പാ, നന്നായി ജീവിക്കാന്‍ വലിയ ഒച്ചപ്പാടൊന്നും വേണ്ട, ഞാന്‍ പട്ടിണി കിടന്നിട്ട് ആര്‍ക്കും ഒന്നും ചെയ്തതല്ല. ആഡംബരമൊന്നുമില്ലാത്തതുകൊണ്ട് കുടുംബപരമായി ചെയ്തുവന്നിരുന്ന ഒരു പുണ്യകര്‍മം എന്നാല്‍ കഴിയുമ്പോലെ ചെയ്യാന്‍ നോക്കുന്നു’’.
ഒറ്റമുണ്ടും വെള്ള ഷര്‍ട്ടും മാത്രം ധരിക്കുന്ന 76കാരന്‍െറ ചിരിയില്‍ നന്മയുടെ എത്ര പളുങ്കുമണികളാണ് കിലുങ്ങുന്നത്...

നിങ്ങളുടെ അഭിപ്രായങ്ങള്‍