കോഴിക്കോട്: കാലിക്കറ്റില്‍ ഏഴുവര്‍ഷം മുമ്പ് നടന്ന അധ്യാപക നിയമനം തെറ്റായിരുന്നുവെന്ന് സര്‍വകലാശാലയുടെ കുറ്റസമ്മതം. ജേണലിസം ആന്‍റ് മാസ് കമ്യൂണിക്കേഷന്‍ പഠനവകുപ്പില്‍ ഡോ. കെ. കര്‍ണ മഹാരാജനെ ലെക്ചററായി നിയമിച്ചതില്‍ തെറ്റുപറ്റിയെന്നാണ് വി.സി ഡോ. എം. അബ്ദുസ്സലാം ചാന്‍സലറായ ഗവര്‍ണറെ അറിയിച്ചത്. ചാന്‍സലര്‍ സര്‍വകലാശാലയോട് ചോദിച്ച വിശദീകരണത്തിന് മറുപടിയായാണ് വി.സി കത്തയച്ചത്.
2005ലെ ഇടതു സിന്‍ഡിക്കേറ്റാണ് നിയമനം നടത്തിയത്. പട്ടികജാതി സംവരണ വിഭാഗത്തില്‍ കോയമ്പത്തൂര്‍ സ്വദേശിയായ കര്‍ണമഹാരാജനെ നിയമിച്ചത് ചോദ്യം ചെയത് സിന്‍ഡിക്കേറ്റംഗം കെ. ശിവരാമന്‍ ചാന്‍സലര്‍ക്ക് പരാതി നല്‍കുകയായിരുന്നു. കേരള സര്‍വീസ് റൂള്‍ പ്രകാരം സംസ്ഥാനത്ത് ജനിച്ചയാള്‍ക്കേ പട്ടികജാതി-വര്‍ഗ സംവരണത്തിന് അര്‍ഹതയുള്ളൂ. കോയമ്പത്തൂര്‍ സംഗല്ലുര്‍ സ്വദേശിയായ ഇദ്ദേഹം അവിടത്തെ തഹസില്‍ദാര്‍ നല്‍കിയ ജാതി സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയത്. ഹിന്ദു പല്ലവന്‍ സമുദായത്തില്‍പെട്ടയാളാണ് ഇദ്ദേഹം.
കേരളത്തിലെ പട്ടികജാതി-വര്‍ഗക്കാരന് അര്‍ഹിക്കുന്ന തസ്തികയില്‍ അന്യസംസ്ഥാനക്കാരനെ നിയമിച്ചത് തെറ്റെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. മാസ് കമ്യൂണിക്കേഷനിലെ റീഡര്‍ നിയമനത്തിന് അപേക്ഷിച്ച സമയത്ത് ജാതി പ്രശ്നം അന്നത്തെ വകുപ്പ് മേധാവി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഇക്കാര്യം അവഗണിച്ച് ഇദ്ദേഹം സര്‍വീസില്‍ തുടരുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍