തൊഴില്‍ തട്ടിപ്പ്: ദുരിതത്തില്‍ പെട്ട രണ്ട് മലയാളികളിലൊരാളെ തിരിച്ചയച്ചു നജിം കൊച്ചുകലുങ്ക്

റിയാദ്: നാട്ടുകാരനായ വിസ ഏജന്‍റിന്‍െറ വലയില്‍ കുടുങ്ങി റിയാദിലെത്തി തൊഴില്‍ തട്ടിപ്പിനിരയായ രണ്ട് മലയാളി യുവാക്കളിലൊരാള്‍ കേരള മുഖ്യമന്ത്രിയുള്‍പ്പടെയുള്ളവരുടെ ഇടപെടലിനെ തുടര്‍ന്ന് രക്ഷപ്പെട്ട് നാട്ടിലേക്ക് പോയി. ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍, മികച്ച ശമ്പളം എന്നീ വാഗ്ദാനങ്ങള്‍ വിശ്വസിച്ചാണ് ഏജന്‍റ് വന്‍ തുക ഈടാക്കിയ വിസയില്‍ ഒമ്പത് മാസം മുമ്പ് കൊച്ചി സ്വദേശികളായ പ്രശോഭ്, രാജേഷ് എന്നീ യുവാക്കള്‍ റിയാദിലെത്തിയത്.
ദമ്മാം റൂട്ടില്‍ റിയാദ് നഗരത്തിന്‍െറ പ്രാന്തത്തിലുള്ള സ്പോണ്‍സറുടെ ഒരു ചെറുകിട കണ്‍സ്ട്രക്ഷന്‍ സ്ഥാപനത്തിലാണ് ജോലി കിട്ടിയത്. വലിയ കമ്പനിയെന്നാണ് ഏജന്‍റ് പറഞ്ഞിരുന്നത്. എന്നാല്‍ വളരെ ദുസ്ഥിതിയിലുള്ള ചെറിയൊരു കരാര്‍ സ്ഥാപനത്തിലാണ് വന്നു പെട്ടത്. 1800 റിയാലായിരുന്നു ശമ്പളം പറഞ്ഞിരുന്നത്. ആദ്യ മൂന്നു മാസം ശമ്പളം തന്നെ കിട്ടിയില്ല. മൂന്നുമാസം കഴിഞ്ഞപ്പോള്‍ ഒരു മാസത്തെ ശമ്പളമെന്ന് പറഞ്ഞ് 600 റിയാല്‍ മാത്രം കിട്ടി. പിന്നീട് ശമ്പളമേ കിട്ടിയില്ല. കഠിനമായ ജോലിയും.
ശമ്പളം കിട്ടാതായതോടെ അഞ്ചു മാസത്തിന് ശേഷം പ്രശോഭിന്‍െറ നാട്ടിലുള്ള കുടുംബം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരിട്ട് കണ്ട് പരാതി നല്‍കി. ദല്‍ഹിയിലുള്ള സഹോദരന്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍റ്സിനും കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തിനും റിയാദിലെ ഇന്ത്യന്‍ എംബസിക്കും പരാതി അയച്ചു. എംബസിയില്‍നിന്ന് അന്വേഷണമുണ്ടായതിനെ തുടര്‍ന്ന് പ്രശോഭിനെ സ്പോണ്‍സറും മക്കളും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിക്കുകയും പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രതികാരമായി മൂന്നുമാസത്തോളം മരുഭൂമിയില്‍ ഒട്ടകക്കൂട്ടത്തെ മേയ്ക്കാന്‍ അയച്ചു.
രാവിലെ താമസസ്ഥലത്തുനിന്ന് കൊണ്ടുപോകുകയും രാത്രിയില്‍ തിരിച്ചെത്തിക്കുകയും ചെയ്തിരുന്ന സ്പോണ്‍സര്‍ താമസസ്ഥലത്ത് മുറിക്കുള്ളില്‍ പൂട്ടിയിടുകയായിരുന്നത്രെ. മലമൂത്ര വിസര്‍ജനം പോലും മുറിക്കുള്ളില്‍ പ്ളാസ്റ്റിക് ബക്കറ്റില്‍ നിര്‍വഹിക്കേണ്ട അവസ്ഥയിലായിരുന്നെന്നും പറയുന്നു. എത്രയും വേഗം നാട്ടില്‍ തിരിച്ചെത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേരളത്തില്‍ ഓഫീസുള്ള റിക്രുട്ട്മെന്‍റ് ഏജന്‍സിയോട് ആവശ്യപ്പെട്ടു. അല്ലെങ്കില്‍ കടുത്തശിക്ഷാ നടപടിയുണ്ടാകുമെന്ന നിലയിലുള്ള സമ്മര്‍ദം മുഖ്യമന്ത്രിയില്‍നിന്നും കേന്ദ്ര മന്ത്രാലയത്തില്‍നിന്നും പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍റ്സില്‍ നിന്നുമുണ്ടായതിനെ തുടര്‍ന്ന് ഗത്യന്തരമില്ലാതെ ഏജന്‍സി അധികൃതര്‍ സ്പോണ്‍സറില്‍ സമര്‍ദം ചെലുത്തി എക്സിറ്റ് അടിപ്പിക്കുകയായിരുന്നു. ശമ്പള കുടിശ്ശിക പോലും കൊടുക്കാതെ കഴിഞ്ഞ ദിവസം നാട്ടിലേക്ക് കയറ്റിവിട്ടു. അതേസമയം രാജേഷ് ഇപ്പോഴും അവിടെ തുടരുകയാണ്. തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് എംബസിയധികൃതര്‍ക്കും മറ്റും പരാതി നല്‍കിയിട്ടുണ്ടെങ്കിലും പകരം ജോലിക്കാരനെ കിട്ടിയാലെ എക്സിറ്റ് അടിക്കൂ എന്ന നിലപാടിലാണത്രെ സ്പോണ്‍സര്‍.
രാജേഷിനെ കൂടി രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണെന്ന് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus