‘ഹാഫിസ്’ പദ്ധതി കാലാവധി നീട്ടില്ല: തൊഴില്‍ മന്ത്രി

റിയാദ്: ദേശീയ തൊഴില്‍ പ്രേരകപദ്ധതിയായ ‘ഹാഫിസി’ല്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നല്‍കിവരുന്ന സാമ്പത്തിക സഹായവിതരണം ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതോടെ നിറുത്തിവെക്കുമെന്നും ഒരു കാരണവശാലും കാലവധി നീട്ടുകയില്ലെന്നും തൊഴില്‍മന്ത്രി എന്‍ജി. ആദില്‍ ഫഖീഹ് വ്യക്തമാക്കി. രജിസ്റ്റര്‍ ചെയ്ത തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിന് സഹായകമായാണ് പ്രതിമാസം 2000 റിയാല്‍ സാമ്പത്തിക സഹായം നല്‍കിയിരുന്നത്. ഇതിന് ഒരുവര്‍ഷത്തെ കാലാവധിയാണ് മന്ത്രാലയം നിശ്ചയിച്ചിരുന്നത്. ഹിജ്റ വര്‍ഷാരംഭത്തില്‍ തുടങ്ങിയ സഹായവിതരണം ഇനി രണ്ടു മാസംകൂടി മാത്രമേ ലഭിക്കുകയുള്ളൂ. ഇതില്‍ രജിസ്റ്റര്‍ ചെയ്തവരുടെ കണക്ക് സംബന്ധിച്ച് അവ്യക്തതയുണ്ട്. എന്നാല്‍ 15 ലക്ഷത്തോളം തൊഴില്‍രഹിതര്‍ ‘ഹാഫിസ്’ പദ്ധതിയില്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ഔദ്യാഗികവിവരം. ഇതില്‍ പത്തു ലക്ഷവും യുവതികളാണ്. വിദേശികളില്‍ സൗദി മാതാക്കളുടെ മക്കള്‍ക്കും ഹാഫിസില്‍ പരിഗണന ലഭിച്ചിട്ടുണ്ട്. ഇത്തരം ആളുകളുടെ രജിസ്ട്രേഷന്‍ 12000 വരുമെന്ന് മാനവവിഭവ വികസന വകുപ്പ് (ഹദഫ്) മേധാവി വ്യക്തമാക്കി.
അതേസമയം, ഈ പദ്ധതിയില്‍ ചേര്‍ന്നവരില്‍ വലിയൊരു വിഭാഗത്തിന് ഇനിയും തൊഴില്‍ കണ്ടെത്താനായിട്ടില്ല. സാമ്പത്തികസഹായം രണ്ടു മാസത്തിനു ശേഷം നിറുത്തലാക്കുന്നതില്‍ ഇവരില്‍ പലരും അതൃപ്തരുമാണ്. ഇനിയും തൊഴില്‍ ലഭിക്കാത്തവരുടെ ഭാവി സംബന്ധിച്ച് മന്ത്രാലയത്തിന്‍െറ ഭാഗത്തുനിന്ന് ഒരറിയിപ്പും ഉണ്ടായിട്ടില്ല.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus