വിദേശ നിക്ഷേപകര്‍ നികുതിവെട്ടിക്കുന്നത് തടയാന്‍ നടപ്പാക്കുന്ന നിയമം നീട്ടിവെക്കാന്‍ ശിപാര്‍ശചെയ്ത ഷോം കമ്മിറ്റി റിപ്പോര്‍ട്ട് പൊതുവെ സ്വാഗതം ചെയ്യപ്പെട്ടെങ്കിലും മൂലധന നേട്ടത്തിനുള്ള നികുതി ഒഴിവാക്കി പകരം എസ്.ടി.ടി വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം ചെറിയതോതില്‍ ആശങ്കയും ഉയര്‍ത്തി. ഇതേതുടര്‍ന്ന് കാര്യമായ പൊലിമയില്ലാതെ പോയവാരം ഇടപാടുകള്‍ ആരംഭിച്ച വിപണിയില്‍ പിന്നീട് തിരുത്തല്‍ രൂപപ്പെടുന്നതാണ് കണ്ടത്. ഇതേതുടര്‍ന്ന് ഒരവസരത്തില്‍ 17,250 വരെ താഴ്ന്ന ഓഹരി വിപണി വെള്ളിയാഴ്ച ശക്തമായ തിരിച്ചുവരവ് നടത്തുന്നതാണ് കണ്ടത്. യൂറോപ്യന്‍ കേന്ദ്ര ബാങ്ക് കടപ്പത്രങ്ങള്‍ തിരികെ വാങ്ങാന്‍ പദ്ധതി ആവിഷ്കരിച്ചതാണ് ഓഹരി വിപണിയില്‍ പ്രതീക്ഷ ഉയര്‍ത്തിയത്. യൂറോപ്യന്‍ കേന്ദ്രബാങ്ക് പരിധിയില്ലാതെ കടപ്പത്രങ്ങള്‍ തിരികെ വാങ്ങുമെന്ന പ്രഖ്യാപനമാണ് വിദേശ വിപണികള്‍ക്കൊപ്പം ഇന്ത്യന്‍ വിപണികളെയും ആവേശംകൊള്ളിച്ചത്. എന്നാല്‍, ഈ തീരുമാനം മൂലം ആഗോള സമ്പദ്വ്യവസ്ഥയിലേക്ക് കൂടുതല്‍ പണം ഒഴുകാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
എങ്കിലും വെള്ളിയാഴ്ച യൂറോപ്യന്‍ കേന്ദ്ര ബാങ്കിന്‍െറ തീരുമാനം വന്നതോടെ ബോംബെ ഓഹരി വില സൂചിക 320 പോയന്‍റിലേറെയാണ് ഉയര്‍ന്നത്. നിഫ്റ്റി 100 പോയന്‍േറാളവും ഉയര്‍ന്നു. അതേസമയം, ഈ മുന്നേറ്റം ഓഹരി വിപണിയെ വീണ്ടും കുതിപ്പിന്‍െറ പാതയില്‍ എത്തിച്ചുവെന്ന് വിലയിരുത്താന്‍ കഴിയില്ല. വരും ദിവസങ്ങളില്‍ യൂറോപ്യന്‍ കേന്ദ്രബാങ്കിന്‍െറ തീരുമാനം വിപണിയില്‍ പ്രതിഫലിക്കാനും ഇടയില്ല.
അതേസമയം, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലും ഓഹരി വിപണികളില്‍ നിക്ഷേപങ്ങള്‍ തുടരുകയായിരുന്നു. തിരുത്തലിന്‍െറ സൂചനകള്‍ ശക്തമാകുന്നതിനിടയിലും വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ സജീവമായി തുടരുന്നത് ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്. ഈ സാഹചര്യത്തില്‍ അമേരിക്കയിലെ ഫെഡറല്‍ ഓപണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയുടെ യോഗം ഇന്ത്യയില്‍ സെപ്റ്റംബര്‍ 17ന് നടക്കുന്ന റിസര്‍വ് ബാങ്കിന്‍െറ വായ്പാനയ അവലോകനം തുടങ്ങിയവയാവും വരും ദിവസങ്ങളിലെ വിപണിയുടെ ഗതി നിയന്ത്രിക്കുക. ഇതിനുപുറമെ നടപ്പു സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തിലെ മുന്‍കൂര്‍ കമ്പനി നികുതി സംബന്ധിച്ച കണക്കുകളും വരും ദിവസങ്ങളില്‍ പുറത്തുവരും. ഇതും വിപണിയുടെ ചലനങ്ങളെ നിര്‍ണായകമായി സ്വാധീനിച്ചേക്കാം.
ചെറിയ ചില ആശങ്കകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ പിന്തുണ തുടരുന്നതിനാല്‍ വരും ദിവസങ്ങളിലും പോയ വാരാവസാനം ലഭിച്ച മുന്‍തൂക്കം ‘കാള’കള്‍ തന്ത്രപൂര്‍വം വിനിയോഗിക്കാനാണ് സാധ്യത. കൂടാതെ കാലവര്‍ഷം ശക്തിയാര്‍ജിച്ചതോടെ മഴയുടെ കുറവ് ഗണ്യമായി നികത്തപ്പെട്ടുകഴിഞ്ഞു. ഇത് പണപ്പെരുപ്പം വര്‍ധിക്കുമെന്ന ആശങ്കള്‍ ഒരുപരിധിവരെ ഇല്ലാതാക്കുകയാണ്. ഈ സാഹചര്യത്തില്‍ ഈ മാസം പകുതിയോടെ പ്രഖ്യാപിക്കപ്പെടുന്ന വായ്പാ നയത്തില്‍ റിസര്‍വ് ബാങ്ക് പലിശനിരക്ക് കുറക്കാനുള്ള സാധ്യത പാടെ തള്ളിക്കളയാന്‍ കഴിയില്ല.
വരും ദിവസങ്ങളില്‍ വിപണിയില്‍ നിക്ഷേപ താല്‍പര്യം തുടരുകയാണെങ്കില്‍ സെന്‍സെക്സ് 18,100 വരെ ഉയരാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. അടുത്തഘട്ടത്തില്‍ 18,600 വരെയും സൂചിക ഉയരും. പോയവാരം 17,683.70ത്തിലാണ് സെന്‍സെക്സ് ഇടപാടുകള്‍ അവസാനിപ്പിച്ചത്. 17,700 നിലവാരത്തില്‍ ചെറിയ സമ്മര്‍ദം വിപണി നേരിടാനുള്ള സാധ്യതയുണ്ട്. തിങ്കളാഴ്ച നിക്ഷേപതാല്‍പര്യം നിലനിര്‍ത്താനായാല്‍ ഈ സമ്മര്‍ദ നിലവാരം പ്രശ്നമാകാന്‍ ഇടയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍, തിങ്കളാഴ്ച സൂചിക തിരുത്തലിലേക്ക് നീങ്ങുകയാണെങ്കില്‍ നിലവിലെ റാലിക്ക് കരുത്തില്ലെന്നാണ് വ്യക്തമാവുക. ഈ സാഹചര്യത്തില്‍ 16,900 വരെ സൂചിക താഴാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.
5217.60 വരെ താഴ്ന്ന ദേശീയ ഓഹരി വില സൂചിക (നിഫ്റ്റി) വാരാവസാനത്തെ കുതിപ്പില്‍ 5358.70ത്തിലാണ് ആഴ്ചത്തെ ഇടപാടുകള്‍ അവസാനിപ്പിച്ചത്. 5360ല്‍ നിഫ്റ്റി വില്‍പന നേരിടാനുള്ള സാധ്യതയുണ്ട്. എന്നാല്‍, ഈ നിലവാരം മറികടന്ന് തിങ്കളാഴ്ച സൂചിക ക്ളോസ് ചെയ്യുകയാണെങ്കില്‍ നിഫ്റ്റി 5475 വരെ ഉയരാം. ഈ നിലവാരവും മറികടന്നാല്‍ 5650 വരെ സൂചിക എത്താം. അതേസമയം, തിങ്കളാഴ്ച സൂചികക്ക് മുന്നേറാന്‍ കഴിഞ്ഞില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സൂചിക വീണ്ടും 5217ലേക്ക് താഴാം. ഈ നിലവാരത്തിലും പിന്തുണ ആര്‍ജിക്കാനായില്ലെങ്കില്‍ 5150ലേക്കും പിന്നീട് 5050ലേക്കും സൂചിക താഴാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍