കോഴിക്കോട്: ധവളവിപ്ളവത്തിലൂടെ ക്ഷീരകര്‍ഷകന്‍െറ സ്വപ്നങ്ങള്‍ക്ക് വര്‍ണം നല്‍കിയ ഡോ. വര്‍ഗീസ് കുര്യന്‍ കോഴിക്കോടിന്‍െറ സ്വന്തം. പാല്‍ കര്‍ഷകരുടെ കൂട്ടായ്മയിലൂടെ ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ പാല്‍ ഉല്‍പാദകരാജ്യമാക്കി മാറ്റിയ വര്‍ഗീസ് കുര്യന്‍െറ ജന്മദേശമാണ് കോഴിക്കോട്. അര നൂറ്റാണ്ടു മുമ്പ് ജന്മനാട്ടില്‍നിന്ന് ചെന്നൈയിലേക്ക് ജീവിതം പറിച്ചുനട്ടിട്ടും കോഴിക്കോടെന്നും ആവേശമായിരുന്നു അദ്ദേഹത്തിന്. മദ്രാസ് സര്‍വീസ് സിവില്‍ സര്‍ജനായിരുന്ന ഇദ്ദേഹത്തിന്‍െറ പിതാവ് പുത്തന്‍പാറയ്ക്കല്‍ കുര്യന്‍ സ്ഥലം മാറ്റം ലഭിച്ചാണ് കോഴിക്കോട്ടെത്തുന്നത്. വെസ്റ്റ്ഹില്ലിലെ പഴയ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സിലായിരുന്നു താമസം. കുര്യന്‍െറ മൂന്നാമത്തെ മകനായി 1921 നവംബര്‍ 26നാണ് വര്‍ഗീസ് കുര്യന്‍ ജനിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ധനമന്ത്രിയും അമ്മാവനുമായ ജോണ്‍മത്തായിയുടെ നാലാംഗേറ്റിനടുത്തെ വീട്ടിലേക്ക് പിന്നീട് താമസം മാറ്റി. അന്ന് വര്‍ഗീസിന് ആറുവയസ്സായിരുന്നു.
സെന്‍റ് ജോസഫ് സ്കൂളിലായിരുന്നു നാലാം ക്ളാസ് വരെ പഠനം. പിതാവിന് വീണ്ടും മദ്രാസിലേക്ക് സ്ഥലം മാറ്റം ലഭിച്ചതോടെ കോഴിക്കോട് വിട്ടു. ഏറെക്കാലം പിന്നീട് ജന്മനാടുമായി ബന്ധം പുലര്‍ത്താനായില്ല. 1962ല്‍ കേന്ദ്രസര്‍ക്കാര്‍ ക്ഷീരോല്‍പാദക ഫാക്ടറികളുടെ ചുമതല എന്‍ജിനീയര്‍മാരെ ഏല്‍പ്പിച്ചത് വര്‍ഗീസ് കുര്യനെ വീണ്ടും കേരളവുമായി അടുപ്പിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 12 യുവ എന്‍ജിനീയര്‍മാര്‍ക്ക് ക്ളാസെടുക്കാന്‍ അവസരം ഇദ്ദേഹത്തിനു ലഭിച്ചു.
കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ ഒജീന്‍റകത്ത് പി.കെ. അബ്ദുല്‍ അസീസാണ് കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. പഞ്ചാബിലെ കാമ്പസില്‍ ഇരുവരും തമ്മിലെ സൗഹൃദം നാട്ടിലേക്ക് ഇടക്ക് വരാന്‍ പ്രേരിപ്പിച്ചു. ‘മില്‍മ’യുടെ മുന്‍ കേരള എം.ഡി കൂടിയായ അബ്ദുല്‍ അസീസിന്‍െറ കൈകളിലൂടെയായി പിന്നീട് വര്‍ഗീസ് കുര്യന്‍െറ കോഴിക്കോടന്‍ ബന്ധം. നാടുമായുള്ള ഒരാത്മ ബന്ധം സ്ഥാപിക്കാന്‍ ഈ സൗഹൃദത്തിനായി. താന്‍ വളര്‍ന്ന കോഴിക്കോട്ടെ വീട് കണ്ടെത്തണമെന്ന് ഇദ്ദേഹം അബ്ദുല്‍ അസീസിനോട് നിര്‍ദേശിച്ചു. 2006ല്‍ കോഴിക്കോട്ടെത്തിയപ്പോള്‍ സ്ഥലം കാണിച്ചുകൊടുക്കാനായതിലുള്ള സന്തോഷമാണ് അസീസിനിന്നും.
അച്ചടക്കപൂര്‍ണമായ ജീവിതവും നിശ്ചയദാര്‍ഢ്യവുമാണ് വര്‍ഗീസ്കുര്യന്‍െറ വിജയമെന്ന് അസീസ് പറയുന്നു. 2010ലാണ് അവസാനമായി വര്‍ഗീസ് കുര്യന്‍ കോഴിക്കോട്ടെത്തിയത്. ഒജീന്‍റകത്ത് തറവാട്ടിലെത്തി കപ്പയും മീന്‍കറിയും കഴിച്ചാണ് അന്ന് മടങ്ങിയത്. ഭാര്യയും മകള്‍ നിര്‍മലയുമൊത്തായിരുന്നു ഈ വരവ്.
കോഴിക്കോട് ബീച്ചും മാനാഞ്ചിറയുമടങ്ങുന്ന അച്ഛന്‍െറ ജന്മദേശത്ത് രണ്ടുദിവസം താമസിച്ചായിരുന്നു അന്നത്തെ മടക്കയാത്ര. ഇക്കഴിഞ്ഞ ചെറിയപെരുന്നാള്‍ദിനത്തിലും ആശംസയറിയിച്ച് അസീസിനെ കുര്യന്‍ വിളിച്ചിരുന്നു. അതവസാനത്തേതാവുമെന്ന് പ്രതീക്ഷിച്ചില്ല. കര്‍മമണ്ഡലം മാറിയെങ്കിലും കോഴിക്കോടുമായുള്ള അടുപ്പം കാത്തുസൂക്ഷിക്കാന്‍ വര്‍ഗീസ് കുര്യനെന്ന മഹാനുഭാവന്‍ സദാ ശ്രദ്ധിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍