ന്യൂദല്‍ഹി: ബജറ്റ് കമ്മി കുറയ്ക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനക്കുള്ള നടപടി തുടങ്ങി. നാല്‍ക്കോ, എന്‍.എം.ഡി.സി എന്നീ കമ്പനികളുടെ ഓഹരികളാവും വില്‍ക്കുക. ഇപ്പോഴത്തെ· വിപണി വിലക്ക് ഈ വില്‍പ്പന വഴി 9000 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.
ഓഹരി വില്‍പ്പനയുടെ ഭാഗമായി പൊതുമേഖലാ ഓഹരി വില്‍പ്പന മന്ത്രാലയം മെര്‍ച്ചന്‍റ് ബാങ്കര്‍മാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം ആദ്യം ഒ.എന്‍.ജി.സി ഓഹരി വില്‍പ്പനക്ക് ഉപയോഗിച്ച ലേലം രീതിയിലാവും നാല്‍ക്കോ, എന്‍.എം.ഡി.സി എന്നിവയുടെയും ഓഹരി വില്‍പ്പന.
കഴിഞ്ഞ ആഴ്ച്ച മറ്റൊരു പൊതുമേഖലാ സ്ഥാപനമായ നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍െറ ഓഹരി വില്‍പ്പനക്ക് നടപടി ആരംഭിച്ചിരുന്നു. കമ്പനിയുടെ അഞ്ചു ശതമാനം ഓഹരി വില്‍ക്കുക വഴി 600 കോടിയിലേറെ സമാഹരിക്കാനായിരുന്നു ലക്ഷ്യം. ഇതു കൂടി ചേരുമ്പോള്‍ പൊതുമേഖലാ ഓഹരി വില്‍പ്പന വഴി ആകെ സമാഹരിക്കുന്ന തുക 10,000 കോടി രൂപയോളമാകും.
നടപ്പ് സാമ്പത്തിക വര്‍ഷം പൊതുമേഖലാ ഓഹരി വില്‍പ്പന വഴി 30,000 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ വിപണിയിലെ പ്രതികൂല സാഹര്യം മൂലം ഇതുവരെ ഒറ്റ ഓഹരി വില്‍പ്പന പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.
നാല്‍ക്കോ, നെയ്വേലി ലിഗ്നൈറ്റ് എന്നിവയുടെ ഓഹരി വില്‍പ്പന പൂര്‍ത്തിയാകുന്നതോടെ ലിസ്റ്റ് ചെയ്ത പൊതുമേഖലാ സ്ഥാപനങ്ങളുടെ 10 ശതമാനം ഓഹരിയെങ്കിലും പ്രെമോട്ടര്‍മാരുടേതല്ലാതെ ഉണ്ടാകണമെന്ന മാനദണ്ഡവും പാലിക്കപ്പെടും.


നിങ്ങളുടെ അഭിപ്രായങ്ങള്‍