‘ബാച്ചിലര്‍ പാര്‍ട്ടി’ ഇന്‍റര്‍നെറ്റില്‍: ഡൗണ്‍ലോഡ് ചെയ്തവരും കുടുങ്ങും

‘ബാച്ചിലര്‍ പാര്‍ട്ടി’ ഇന്‍റര്‍നെറ്റില്‍:  ഡൗണ്‍ലോഡ് ചെയ്തവരും കുടുങ്ങും

തിരുവനന്തപുരം: ‘ബാച്ചിലര്‍ പാര്‍ട്ടി’ സിനിമ അപ്ലോഡ് ചെയ്തതിനും ഡൗണ്‍ലോഡ് ചെയ്തതിനും 1010 പേര്‍ക്കെതിരെ ആന്‍റിപൈറസി സെല്‍ കേസെടുത്തു.
കഴിഞ്ഞ ജൂണിലാണ് സിനിമ പുറത്തിറങ്ങിയത്. ഡി.വി.ഡി പുറത്തിറങ്ങിയ ആഗസ്റ്റ് 19ന് തന്നെ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 33,000 ത്തോളം പേര്‍ ഇന്‍റര്‍നെറ്റില്‍ സിനിമ കാണുകയും പങ്ക് വെക്കുകയും ചെയ്തു. ഇതില്‍ മലയാളികളായ 16 പേര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. എഫ്.ഐ.ആര്‍ തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ചു. നവിമുംബൈയിലെ വാശിയിലുള്ള മലയാളി എന്‍ജിനീയറിങ് വിദ്യാര്‍ഥി, കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള ‘തമിഴ് റോക്കേഴ്സ്’ എന്ന സൈറ്റിന്‍െറ ഉടമ എന്നിവരെ തെരയുന്നുണ്ട്. ഇവരുമായി ആന്‍റി പൈറസി സെല്ലിലെ ഉദ്യോഗസ്ഥര്‍ ഫോണില്‍ ബന്ധപ്പെട്ടു. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട പലര്‍ക്കും നോട്ടീസയച്ചിട്ടുണ്ട്. കേസെടുത്തവരുടെ ഐ.പി വിലാസവും സ്ഥലവും ലഭ്യമായിട്ടുണ്ട്.
ഇന്‍റര്‍നെറ്റിലെ വ്യാജ സിനിമ ഇടപാടുകള്‍ പിടികൂടാനായി വികസിപ്പിച്ചെടുത്ത പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് പ്രതികളെ കണ്ടെത്തിയത്. സിനിമയുടെ ഡി.വി.ഡി പുറത്തിറങ്ങളിയ ശേഷമാണ് വ്യാപകമായി നെറ്റില്‍ അപ്ലോഡ് ചെയ്ത് പ്രചരിപ്പിച്ചതും. ഡി.വി.ഡി പുറത്തിറക്കിയ തൃശൂര്‍ ആസ്ഥാനമായുള്ള ‘മൂവി ചാനല്‍’ കമ്പനിയുടമ സജിതനാണ് സിനിമയുടെ ഇന്‍റര്‍നെറ്റ് പകര്‍പ്പവകാശവും.
അവര്‍ പ്രത്യേക സോഫ്റ്റ് വെയര്‍ കമ്പനിയുമായി കരാറിലെത്തിയിരുന്നു. നിയമവിരുദ്ധമായി ഇന്‍റര്‍നെറ്റില്‍ സിനിമ ഇടപാട് നടത്തിയ 16 പേരുടെ ഐ.പി വിലാസവുമായി സജിതന്‍ ആന്‍റിപൈറസി സെല്ലിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. പകര്‍പ്പവകാശ നിയമപ്രകാരവും ഐ.ടി നിയമപ്രകാരവും ഇന്‍റര്‍നെറ്റില്‍ സിനിമ കാണുന്നതും പങ്ക്വെക്കുന്നതും നിയമ ലംഘനമാണ്.
ഈ നിയമങ്ങള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ആന്‍റിപൈറസിസെല്‍ കേസെടുത്തത്. സിനിമ ഡൗണ്‍ലോഡ് ചെയ്യുന്ന കമ്പ്യൂട്ടറുകളുടെ ഐ.പി വിലാസങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയത്. ഇന്ത്യയില്‍ ആദ്യമായാണ് സിനിമ അപ്ലോഡ് ചെയ്തതിന് ഇത്രയധികം പേര്‍ക്കെതിരെ കേസെടുക്കുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus