ജിദ്ദ: കേരളത്തിന്‍െറ നിക്ഷേപചരിത്രത്തില്‍ വന്‍ കുതിച്ചുചാട്ടത്തിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്ന എമര്‍ജിങ് കേരള 2012ല്‍ പലിശരഹിത ഇസ്ലാമിക് ബാങ്കിങ് സംവിധാനം പരിഗണിക്കണമെന്ന് ഇന്ത്യന്‍ ഫോറം ഫോര്‍ ഇന്‍ററസ്റ്റ് ഫ്രീ ബാങ്കിങ് (ഐ.എഫ്.ഐ.ബി) ജിദ്ദ ചാപ്റ്റര്‍ കേരള സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ജിദ്ദ സീഗള്‍സ് റെസ്റ്റോറന്‍റില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഫോറം സാരഥികള്‍. ഇത് സംബന്ധമായ കണ്‍സപ്റ്റ് പേപ്പര്‍ എമര്‍ജിങ് കേരളക്ക് സമര്‍പ്പിക്കുമെന്നും അടുത്ത വാരം കേരളം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനു, നിക്ഷേപരംഗത്ത് ഇസ്ലാമിക് ബാങ്കിങ് ആന്‍ഡ് ഫൈനാന്‍സിന്‍െറ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കുമെന്നും അവര്‍ പറഞ്ഞു.
മാനവ വിഭവശേഷി, ആരോഗ്യം, വിദ്യാഭ്യാസം, ഭൂപ്രകൃതി എന്നിവയില്‍ സമ്പന്നമായ കേരളത്തില്‍ ബൃഹത്തായ പദ്ധതികളില്‍ മുതല്‍ മുടക്കാന്‍ സംസ്ഥാനത്തിന് കഴിയാതെ പോകുന്നു. ബാങ്കുകള്‍ക്ക് പണമിറക്കാനും പരിമിതികളുണ്ട്. ഈ സാഹചര്യത്തില്‍ വന്‍ പദ്ധതികളില്‍ പണമിറക്കാന്‍ പ്രവാസികള്‍ തയാറാണ്. എന്നാല്‍ സുരക്ഷിത നിക്ഷേപത്തിനു മാത്രമേ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കഴിയൂ. ലോകത്ത് വന്‍പ്രചാരം നേടിക്കൊണ്ടിരിക്കുന്ന പരിശ രഹിത ഇസ്ലാമിക് ബാങ്കിങ് ഇക്കാര്യത്തില്‍ ഏറെ പ്രയോഗക്ഷമമാണെന്നു തെളിയിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.
അറബ്, ഏഷ്യന്‍, യൂറോപ്യന്‍ നാടുകളിലും മറ്റും വിജയകരമായി ഇത് നടന്നുകൊണ്ടിരിക്കുന്നു. 400 ല്‍പരം സ്ഥാപനങ്ങളിലായി 1000 മില്യണ്‍ ഡോളറിലധികം വരുന്ന നിക്ഷേപം ഈ സ്ഥാപനങ്ങള്‍ക്കുണ്ട്. ഈ സംവിധാനം ഉപയോഗപ്പെടുത്തി നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കേരളത്തിലും കഴിയുമെന്ന് അവര്‍ വിശദീകരിച്ചു.
ഒന്നര വര്‍ഷം മുമ്പ് രൂപവത്കരിച്ച ഫോറത്തിന്‍െറ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിനും പൊതുജനത്തെ ബോധവത്കരിക്കുന്നതിനുമായി ഈ രംഗത്തെ പ്രഗല്‍ഭരെ ഉപയോഗപ്പെടുത്തി വിപുലമായ സെമിനാര്‍ ജിദ്ദയില്‍ ഉടനെ സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.
പുതിയ പാനല്‍ ബോഡിലെ അംഗങ്ങളായി കെ.ടി്.എ. മുനീര്‍, ഉസ്മാന്‍ ഇരുമ്പൂഴി, വി.എ.എം. ഫൈസല്‍, മൂസക്കുട്ടി വെട്ടിക്കാട്ടിരി, ഗോപി നെടുങ്ങാടി, പ്രൊഫ.റെയ്നോള്‍ഡ്, ഡോ. മുഹമ്മദ് കാഞ്ഞിരത്തിങ്ങല്‍, ഡോ. ഇസ്മാഈല്‍ മരുതേരി, ഡോ. മുഹമ്മദ് കാവുങ്ങല്‍, ഫാരിസ് ഫൈസല്‍, പി.കെ.ഇബ്രാഹിം, ഉമര്‍ അബൂബക്കര്‍ (ചീഫ് അഡൈ്വസര്‍), പി.കെ.അബ്ദുല്‍ ഗഫൂര്‍ (പ്രസിഡന്‍റ്), വി.കെ.അബ്ദുല്‍ അസീസ് (ജന.സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. പത്രസമ്മേളനത്തില്‍ പി.കെ. അബ്ദുല്‍ഗഫൂര്‍, വി.കെ.അബ്ദുല്‍അസീസ്, ഉമര്‍ അബൂബക്കര്‍ എന്നിവരും സാമ്പത്തികരംഗത്തെ പ്രമുഖരും സംബന്ധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍