പത്തനാപുരം: പ്രദേശത്തെ വയലുകളും ജലസ്രോതസ്സുകളും അപ്രത്യക്ഷമാകുന്നു. ഓണത്തിരക്കിനിടയില്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് ഹെക്ടറുകളോളം വയലേലകള്‍ വ്യാപകമായി നികത്തിക്കഴിഞ്ഞു. വയലിനുപുറമെ ജലാശയങ്ങളും ഭീഷണിയിലാണ്. ജലസ്രോതസ്സുകളുടെ സംരക്ഷണം കേരള ലാന്‍ഡ് ഡെവലപ്മെന്‍റ് കോര്‍പറേഷനെ സര്‍ക്കാര്‍ ഏല്‍പിച്ചിരുന്നു. എന്നാല്‍ നിയമം പ്രാബല്യത്തില്‍ വരുന്നതിനുമുമ്പെ കുളങ്ങളും വയലുകളും നികത്താനുള്ള നീക്കം തകൃതിയിലാണ്.
വിളക്കുടി, പിറവന്തൂര്‍, തലവൂര്‍, പത്തനാപുരം പഞ്ചായത്തുകളിലെ ഏലാകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ചുടുകട്ടഫാക്ടറിയുടെ കുളങ്ങളും വയലുകളുടെ സമീപത്തുകൂടിയുള്ള നീര്‍ച്ചാലുകളും അപ്രത്യക്ഷമായി. വയല്‍നികത്തലിനുപിന്നില്‍ വന്‍ മാഫിയാസംഘങ്ങളുടെ പ്രവര്‍ത്തനവും ഉണ്ട്. കഴിഞ്ഞമാസം പിടവൂരിനുസമീപം വയല്‍നികത്താനെത്തിയ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് സംഘം രാത്രിയുടെ മറവില്‍ സമീപവാസിയെ കൈയേറ്റംചെയ്തിരുന്നു.
പല ഘട്ടങ്ങളിലായാണ് വയല്‍നികത്തല്‍ നടക്കുന്നത്. ആദ്യം വയലുകള്‍ കരകൃഷി ആരംഭിക്കും. രണ്ടുവര്‍ഷത്തിനുശേഷം നഷ്ടത്തിന്‍െറ കണക്കുകള്‍ കാട്ടി റബറിലേക്ക് ചേക്കേറും. പിന്നീട് കുറേശെ മണ്ണിറക്കി വയലുകള്‍ ഇല്ലാതാക്കുന്നു. ഇതിനിടയില്‍ തരിശുകിടക്കുന്ന പാടങ്ങള്‍ കൃഷിക്കെന്ന വ്യാജേന തുച്ഛമായ വിലയ്ക്ക് വാങ്ങാനും ആളുകള്‍ രംഗത്തുണ്ട്.
വയലുകളും കുളങ്ങളും വികൃതമാക്കുന്ന പായലുകളും പാഴ്ചെടികളും നശിപ്പിച്ച് ജലസ്രോതസ്സുകള്‍ വൃത്തിയാക്കുവാനോ സംരക്ഷണം നല്‍കുവാനോ അധികൃതര്‍ ശ്രദ്ധിക്കാത്തതും ഭൂമാഫിയകള്‍ക്ക് സഹായമാകുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍